വർക്കല∙ നഗരസഭ പരിധിയിലെ പുന്നമൂട് ജംക്ഷനിൽ നിന്നു വർക്കല ബീച്ച് മേഖലയിലേക്കുള്ള പ്രധാന റോഡിന്റെ ഒരു ഭാഗം തകർന്നിട്ടു മാസങ്ങൾ പിന്നിടുന്നു. പുന്നമൂട് ജംക്ഷനിൽ നിന്നു കുരയ്ക്കണ്ണി ഭാഗത്തേക്കുള്ള തേരകുളം റോഡിന്റെ ആരംഭ ഭാഗം മുതൽ ഒരു ഭാഗത്ത് ടാറിങ് ഇല്ലാതായ സ്ഥിതി തുടരുകയാണ്.
വർഷങ്ങൾക്കു മുൻപ് റോഡ് വെട്ടിമുറിച്ചു വൈദ്യുതി ലൈൻ കേബിൾ സ്ഥാപിച്ചതിനെ തുടർന്നാണ് ഏതാനും മീറ്റർ ദൂരത്തിൽ ടാറിങ് അപ്രത്യക്ഷമായത്. പിന്നീട് റോഡ് റീടാറിങ് നടത്തിയില്ല.
കൊല്ലം വഴി റെയിൽവേ ലെവൽക്രോസ് പിന്നിട്ടു വരുന്ന വിനോദസഞ്ചാരികൾക്ക് ടൗൺ ചുറ്റാതെ കുരയ്ക്കണ്ണി വഴി ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്.
റോഡ് ആരംഭത്തിൽത്തന്നെ തകർച്ചയ്ക്കു പുറമേ ഒരു മഴയിൽ നിറയുന്ന വെള്ളക്കെട്ടും റോഡിൽ നിന്നു മുന്നോട്ട് പോയാൽ കാണാം. റോഡ് വളവിൽ മുഴുവനായി വെള്ളം നിറഞ്ഞു കാൽനട അസാധ്യമാകുന്ന സ്ഥിതി ദിവസങ്ങളോളം തുടരും.
ഇതിനു പരിഹാരമെന്ന നിലയിൽ സമീപത്ത് ഓട നിർമാണം ആരംഭിച്ചെങ്കിലും അതും പാതിവഴിയിൽ മുടങ്ങിയ നിലയാണ്. മാർക്കറ്റ്, റെയിൽവേ ലെവൽക്രോസ് എന്നിവ ഉൾപ്പെടുന്ന പുന്നമൂട് ജംക്ഷനിൽ നിന്നു ബീച്ചിലേക്ക് നീളുന്ന പ്രധാനവും തിരക്കേറിയതുമായ ടൂറിസം പ്രാധാന്യമുള്ള റോഡ് എത്രയും വേഗം നവീകരിക്കണമെന്നു മുൻ കൗൺസിലർ സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

