തിരുവനന്തപുരം ∙ ജില്ലയിൽ എലിപ്പനി മരണങ്ങൾ വർധിക്കുന്നതിൽ ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക. ആവർത്തിച്ചു മുന്നറിയിപ്പു നൽകിയിട്ടും പ്രതിരോധ ഗുളിക കഴിക്കുന്നതിൽ ഉൾപ്പെടെ വരുത്തുന്ന വീഴ്ചകളാണു രോഗവും മരണവും ഉയർത്തുന്നത്. ഈ വർഷം ഇതുവരെ ജില്ലയിൽ പകർച്ചവ്യാധി കാരണം മരിച്ചത് 56 പേർ.
ഇതിൽ 32 പേരുടെയും മരണകാരണം എലിപ്പനി ആയിരുന്നു. സംസ്ഥാനത്താകെ ഈ വർഷം 310 പേരാണ് ഈ രോഗം ബാധിച്ചു മരിച്ചത്.
മറ്റു രോഗങ്ങളിൽ നിന്നു വ്യത്യസ്തമായി കുടുംബങ്ങളിലെ വരുമാനദായകരാണ് എലിപ്പനി ബാധിച്ചു മരിക്കുന്നത്. വിവിധ ജോലികളിൽ ഏർപ്പെടുമ്പോൾ രോഗം ബാധിക്കുന്ന ഇവരുടെ ആരോഗ്യനില അതിവേഗം വഷളാകും.
അപ്പോഴേക്കും രോഗം ശ്വാസകോശം, കരൾ, വൃക്ക എന്നിവയെ സാരമായി ബാധിച്ചിരിക്കും.
എലിയുടെ മൂത്രത്തിൽ നിന്നു മാത്രമല്ല എലിപ്പനി വരുന്നത്.നായ, പൂച്ച, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലൂടെയും എലിപ്പനിയുടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരും. മൃഗങ്ങളിൽ ഒരിക്കൽ എലിപ്പനി രോഗബാധ ഉണ്ടായാൽ രോഗാണുക്കൾ അവയുടെ വൃക്കകളിൽ ദീർഘകാലം നിലനിൽക്കാൻ സാധ്യതയുണ്ട്.
മൂത്രത്തിലൂടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും എത്തുകയും മാസങ്ങളോളം നിലനിൽക്കുകയും ചെയ്യും. മൃഗങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമായില്ലെങ്കിലും അവർ രോഗാണു വാഹകരായി തുടരും.
രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ
വെള്ളറട, കുന്നത്തുകാൽ, പാറശാല, പള്ളിച്ചൽ, പാങ്ങപ്പാറ.
മറ്റു പ്രദേശങ്ങളിലും കേസുകളും മരണവും ക്രമേണ ഉയരുന്നുണ്ട്.
രോഗലക്ഷണങ്ങൾ
പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന. കടുത്ത ക്ഷീണം , നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ മാത്രമായും എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡോക്ടറുടെ നിർദേശമില്ലാതെ, മെഡിക്കൽ സ്റ്റോറുകളിൽ നിന്നു നേരിട്ടു മരുന്നു വാങ്ങി കഴിക്കുന്നതു ദോഷം ചെയ്യും.
മരണമടഞ്ഞവരുടെ പ്രായം
ശരാശരി 56 വയസ്സ്. ( മദ്യപിക്കുന്നവരിലാണ് മരണം കൂടുതലെന്ന് ഡോക്ടർമാർ.
കരളിനു തകരാർ ഉണ്ടായിരിക്കും. എലിപ്പനിക്ക് കാരണമായ ലെപ്ടോസ്പൈറ ബാക്ടീരിയ കരളിനെ ആക്രമിക്കുന്നതിലൂടെ സ്ഥിതി ഗുരുതരമാകും.) മരിക്കുന്നവരിൽ 70 ശതമാനവും പുരുഷന്മാർ.
രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങൾ
തൊഴിലുറപ്പു തൊഴിലാളികൾ, കൃഷിക്കാർ, നിർമാണ–പെയ്ന്റിങ് തൊഴിലാളികൾ, മലിന ജലവുമായി സമ്പർക്കമുള്ള ജോലികൾ ചെയ്യുന്നവർ.
അടുക്കളത്തോട്ടം, പൂന്തോട്ടം നിർമാണങ്ങളിൽ ഏർപ്പെടുന്നവർ.
ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്
കൈകാലുകളിലെ മുറിവുകൾ, കണ്ണിലും വായിലുമുള്ള നേർത്ത ചർമ ഭാഗങ്ങൾ എന്നിവയിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കും. മത്സ്യമേഖലയിൽ ജോലി ചെയ്യുന്നവർ നിരന്തരം വെള്ളവും ഐസുമായി സമ്പർക്കത്തിൽ ആയതുകൊണ്ട് ചർമം നേർത്തതായിരിക്കും.
ഇവർക്കു രോഗ സാധ്യതയുണ്ട്. പാദങ്ങളിൽ വിണ്ടു കീറൽ ,നഖം വെട്ടിയ ശേഷം ഉള്ള ചെറിയ മുറിവുകൾ എന്നിവയിലൂടെയും രോഗാണു പ്രവേശിക്കും.
പ്രതിരോധം ഇങ്ങനെ
ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം.
ആഴ്ചയിൽ ഒരിക്കൽ 200 മില്ലിഗ്രാം (100ന്റെ 2 എണ്ണം) ഗുളിക ആഹാരം കഴിച്ചതിനു ശേഷം കഴിക്കുക, ഗുളികയോടൊപ്പം ധാരാളം വെള്ളം കുടിക്കണം. പണിക്ക് ഇറങ്ങുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും ഗുളിക കഴിക്കേണ്ടതാണ്.
എലിപ്പനി ബാധിക്കാൻ സാധ്യതയുള്ള ഹൈ റിസ്ക് ജോലികൾ ചെയ്യുന്നവരാണ് എങ്കിൽ ആഴ്ചയിൽ ഒരിക്കൽ എന്ന ക്രമത്തിൽ തുടർച്ചയായി 6 മുതൽ 8 ആഴ്ചകൾ വരെ ഗുളികകൾ കഴിക്കണം. പണി തുടരുന്നുണ്ടെങ്കിൽ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കഴിക്കുക. ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്കും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

