പാറശാല∙കാരോട്–കന്യാകുമാരി ബൈപാസിൽ തമിഴ്നാട്ടിലേക്കു നീളുന്ന ഭാഗത്തെ റോഡ് പണി പുരോഗമിക്കുന്നു. കഴക്കൂട്ടം മുതൽ കാരോട് വരെ സംസ്ഥാന പരിധിയിൽ വരുന്ന ബൈപാസ് ഗതാഗത സജ്ജമായി രണ്ട് വർഷം കഴിഞ്ഞു.
കാരോട് മുതൽ കന്യാകുമാരി വരെ 53.7 കിലോമീറ്ററിൽ 35 കിലോമീറ്റർ ദൂരത്തെ ജോലികൾ പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ഭാഗത്തെ സർവീസ് റോഡ് അടക്കം ജോലികൾ ഉടൻ പൂർത്തീകരിച്ച് ഒരു വർഷത്തിനുള്ളിൽ തുറന്ന് കൊടുക്കാൻ ആണ് തീരുമാനം.
2453 കോടി രൂപ ആയിരുന്നു ആദ്യകാലത്തെ നിർമാണ തുക. 2013 ൽ ആരംഭിച്ച ബൈപാസ് നിർമാണം 2019ൽ കോവിഡ് ലോക്ഡൗണോടെ നിലച്ചു.
പിന്നീട് കരാർ തുക പുതുക്കി 2023 ഒാഗസ്റ്റിൽ ആണ് നിർമാണം പുനരാരംഭിച്ചത്.
നിർമാണ സാധന വില ഉയർന്നതോടെ തുക പരിഷ്കരിച്ചിരുന്നു. 2026 ഫെബ്രൂവരി 2 ആണ് ബൈപാസ് നിർമാണത്തിനു ദേശീയപാത അതോറിറ്റി നൽകിയിരിക്കുന്ന കാലാവധി.
തമിഴ്നാട് ഭാഗത്തെ ബൈപാസ് പൂർത്തിയാകുന്നതിന്റെ ഗുണം കൂടുതൽ ലഭിക്കുന്നത് കേരളത്തിൽ നിന്നുള്ള ദീർഘദൂര യാത്രികർക്ക് ആണ്. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെ നിലവിൽ 64 കിലോമീറ്റർ ദൂരം ഉള്ളപ്പോൾ ബൈപാസ് വഴി സഞ്ചരിച്ചാൽ പത്ത് കിലോമീറ്റർ ദൂരം, ഒരു മണിക്കൂർ വരെ സമയം എന്നിവ ലാഭിക്കാനാകും.
2016ൽ ആണ് കഴക്കൂട്ടം മുതൽ കാരോട് മുതൽ നീളുന്ന 41 കിലോമീറ്റർ ബൈപാസ് നിർമാണത്തിനു തുടക്കം.
കഴക്കൂട്ടം മുതൽ മുല്ലൂർ വരെ 24.5 കിലോമീറ്റർ വരുന്ന ആദ്യ റീച്ചിന്റെ ജോലികൾ നാലു വർഷത്തിനുള്ളിൽ പൂർത്തിയായി. മുല്ലൂർ മുതൽ കാരോട് വരെ 16.5 കിലോമീറ്റർ വരുന്ന രണ്ടാം റീച്ചിന്റെ ജോലികൾ ഇഴഞ്ഞു നീങ്ങിയത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.
രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇടപെടലുകളെ തുടർന്ന് തടസ്സങ്ങൾ നീക്കി 2023ൽ പൂർത്തീകരിച്ച് ഗതാഗതത്തിനു ബൈപാസ് തുറന്നു കൊടുത്തു.
മുല്ലൂർ മുതൽ കാരോട് വരെ ബൈപാസിനു ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. സംസ്ഥാനത്ത് ആദ്യമായി പൂർണമായി ടാറിങ് ഒഴിവാക്കി കോൺക്രീറ്റ് കൊണ്ടാണ് റോഡിന്റെ പ്രതലം നിർമിച്ചതും, 70 അടി വരെ ഉയരത്തിൽ സ്ലാബ് അടുക്കി മണ്ണ് നിറച്ച് റോഡിനു സമ നിരപ്പ് സൃഷ്ടിച്ചതും ബൈപാസിനെ വേറിട്ടതാക്കുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിൽ ഉയർന്ന പ്രാദേശിക എതിർപ്പുകൾ, പാറ, മണ്ണ് തുടങ്ങിയവ എത്തിക്കുന്നതിനു കന്യാകുമാരി ജില്ലയിൽ അടുത്ത കാലത്ത് പൊലീസ്, റവന്യു വകുപ്പ് എന്നിവർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ആണ് തമിഴ്നാട് ഭാഗത്തെ നിർമാണ വേഗം കുറയ്ക്കുന്നതിനു ഇടയാക്കിയതെന്നാണ് കരാർ കമ്പനിയുടെ വിശദീകരണം.
കാരോട് നിന്ന് ആരംഭിക്കുന്ന ബൈപാസ് വില്ലിക്കുറിക്കു സമീപം തോട്ടിയോടിൽ നാലുവരി പാതയിൽ ആണ് എത്തിച്ചേരുന്നത്. ഇവിടെ നിന്ന് റോഡ് രണ്ടായി തിരിഞ്ഞ് ഒന്ന് നാഗർകോവിൽ ജംക്ഷന് ഒഴിവാക്കി കന്യാകുമാരിയിലേക്കും മറ്റൊന്ന് തോവാള വഴി കാവൽക്കിണറിലേക്കും പോകുന്നുണ്ട്.
തിരക്കേറിയ നാഗർകോവിൽ ജംക്ഷൻ വഴിയുള്ള യാത്ര അരമണിക്കൂർ വരെ യാത്രക്കാർക്ക് സമയം നഷ്ടമാക്കിയിരുന്നു.
നിലവിൽ തിരുവനന്തപുരത്ത് നിന്നു കന്യാകുമായിൽ എത്താൻ 95 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടി വരുമ്പോൾ കാരോട് മുതൽ തോട്ടിയോട് വരെ പാത യാഥാർഥ്യമായാൽ പത്ത് കിലോമീറ്ററോളം ദൂരവും ഒന്നര മണിക്കൂറും യാത്രക്കാർക്ക് ലാഭിക്കാനാകും.നഗരത്തിൽ നിന്നു ബൈപാസ് വഴി തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ ചെങ്കവിളയിൽ എത്തി സർവീസ് റോഡ് വഴി ചെറുവാരക്കോണം, തളച്ചാൻവിള, പിപിഎം ജംക്ഷൻ വഴി കളിയിക്കാവിളയിൽ എത്തി ദേശീയപാത വഴിയാണ് നിലവിൽ സഞ്ചരിക്കുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]