
തിരുവനന്തപുരം ∙ ജില്ലയിലെ ന്യൂനപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ‘മത്സ്യശക്തി’ പദ്ധതി കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി വിരാസത് കാ സംവർധൻ (പിഎം വികാസ്) സ്കീമിന് കീഴിലാണ് പദ്ധതി.
ന്യൂനപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും നൈപുണ്യ വികസനവും തൊഴിൽ പരിശീലനവും നൽകും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ന്യൂനപക്ഷ മത്സ്യത്തൊഴിലാളികളുള്ള തിരുവനന്തപുരം ജില്ലയിലെ എഴുന്നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ പദ്ധതി പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിനാണ് മത്സ്യശക്തി പദ്ധതി നടത്തിപ്പിന്റെ ചുമതല.
മത്സ്യമേഖലയെ കേന്ദ്രീകരിച്ച് വിവിധ ഘട്ടങ്ങളിലായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികളാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.
ഭക്ഷ്യ-അലങ്കാര മത്സ്യ രംഗത്ത് സിഎംഎഫ്ആർഐ വികസിപ്പിച്ച സാങ്കേതികവിദ്യകളിൽ പരിശീലനം നൽകും. കൂട് മത്സ്യകൃഷി, മത്സ്യ വിത്തുൽപാദനം, കൃത്രിമ പ്രജനനം, ഓയിസ്റ്റർ കൃഷി, കടൽപായൽ കൃഷി തുടങ്ങിയവ ഏറ്റെടുത്ത് നടത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം നൽകും.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വയം സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും തുടങ്ങുന്നതിന് പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുന്നതാണ് ഈ പദ്ധതി. തൊഴിൽ സാധ്യതകളൊരുക്കി മികച്ച വേതനം ഉറപ്പാക്കാനുള്ള സാഹചര്യം സൃഷ്ടിക്കും.
ഈ ലക്ഷ്യത്തോടെയാണ് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ പരിശീലനം നൽകുന്നത്. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാകാനും മത്സ്യമേഖലയിലെ കൺസൽട്ടന്റുമാരാകാനും ഈ പരിശീലനം ഗുണം ചെയ്യുമെന്നും മന്തി പറഞ്ഞു.
പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും സിഎംഎഫ്ആർഐയും ധാരണാപത്രം ഒപ്പുവച്ചു.
വ്യവസ്ഥാപിത പഠനരീതിയിൽ വിവിധ ബാച്ചുകളിലായാണ് പരിശീലന കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് തരം കോഴ്സുകളാണുള്ളത്.
അതിൽ ഒരു കോഴ്സ് സ്ത്രീകൾക്ക് മാത്രമായി അവരുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ്.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി അങ്കുർ യാദവ്, ദേശീയ മത്സ്യബന്ധന വികസന ബോർഡിന്റെ (എൻഎഫ്ഡിബി) സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.
എസ്.കണ്ണപ്പൻ, സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം റീജിയനൽ സെന്റർ മേധാവി ഡോ. ബി.സന്തോഷ്, സീനിയർ സയന്റിസ്റ്റ് ഡോ.
സൂര്യ എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]