
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാത്രിയിൽ നടത്തിയ പ്രകടനത്തിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഒട്ടേറെ പ്രവർത്തകർക്കു പരുക്കേറ്റു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്.നായർ, ഡിസിസി സെക്രട്ടറി ശ്രീകല, കോർപറേഷൻ കൗൺസിലർ മേരി പുഷ്പം, ലീന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിനും വടകരയിൽ ഷാഫി പറമ്പിൽ എംപിക്കും നേരെ ഡിവൈഎഫ്ഐ നടത്തിയ അക്രമ സമരത്തിൽ പ്രതിഷേധിച്ചായിരുന്നു പന്തംകൊളുത്തി പ്രകടനം.
രാത്രി 8.30നു രാജ്ഭവനു മുന്നിൽനിന്നാണു പ്രകടനം ആരംഭിച്ചത്. ക്ലിഫ് ഹൗസിനു സമീപം പൊലീസ് തടഞ്ഞു.
ബാരിക്കേഡ് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോയില്ല. പ്രതിഷേധം കനത്തതോടെ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചു.
ഒട്ടേറെ വനിതകൾ അടക്കമുള്ള പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു മർദിച്ചെന്നാണു പരാതി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ, കോൺഗ്രസ് നേതാക്കളായ ചെമ്പഴന്തി അനിൽ, വിൻസന്റ് ഡി.പോൾ തുടങ്ങിയവരെയും പൊലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നു പരാതിയുണ്ട്.
കുത്തിയിരുന്നു പ്രതിഷേധിച്ച വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ചു വാനിൽ കയറ്റി നന്ദാവനം പൊലീസ് ക്യാംപിൽ എത്തിച്ചു. പ്രവർത്തകർ പൊലീസുകാർക്കു നേരെ തീപ്പന്തം എറിഞ്ഞെന്നും ആരോപണമുണ്ട്. പ്രവർത്തകർക്കു നേരെയുണ്ടായ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പ്രതിഷേധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]