
വെഞ്ഞാറമൂട് ∙ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വെഞ്ഞാറമൂട്ടിലെ കുരുക്കിനു കുറവില്ല. ഇന്നലെ മുതൽ എംസി റോഡിലെ ദീർഘദൂര വാഹനങ്ങളെ വെഞ്ഞാറമൂട് ജംക്ഷൻ ഒഴിവാക്കി പിരപ്പൻകോട്– നെല്ലനാട്– അമ്പലമുക്ക് റോഡിലൂടെ തിരിച്ചുവിടാൻ തീരുമാനിച്ചെങ്കിലും സ്വയമേ ഈ റൂട്ടിലെ യാത്രക്കാർ സമാന്തര റോഡ് ഉപയോഗിക്കാൻ തയാറാകാത്തതാണ് പ്രശ്നമായത്.
ഇന്നു മുതൽ എല്ലാ വാഹനങ്ങളും ഗതാഗത നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.
എംസി റോഡിൽ നിന്നു വെഞ്ഞാറമൂട് ജംക്ഷനിൽ പ്രവേശിക്കാതെ ദീർഘദൂര വാഹനങ്ങൾ തിരിച്ചു വിടാൻ അമ്പലംമുക്കിലും പിരപ്പൻകോട്ടും വലിയ ദിശാ ബോർഡുകൾ സ്ഥാപിച്ചു. ആദ്യ ദിനമായ ഇന്നലെ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും അമ്പലംമുക്ക്–നെല്ലനാട്– പാലാംകോണം–പിരപ്പൻകോട് റോഡ് ഉപയോഗിച്ചില്ല.
ചില സർക്കാർ വാഹനങ്ങളും ടാക്സികളും മാത്രമാണ് ഇതു വഴി കടന്നു പോയതെന്ന് നാട്ടുകാർ പറയുന്നു. കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങൾ ദിശാ ബോർഡുകളിലെ നിർദേശം കണക്കിലെടുത്ത് സ്വമേധയാ ബൈപാസ് റിങ് റോഡ് ഉപയോഗിക്കണം എന്നാണ് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചത്.
അമ്പലംമുക്കിലും പിരപ്പൻകോട്ടും ഇന്നലെ പ്രത്യേക പൊലീസ് സേവനം ഉണ്ടായിരുന്നില്ല.
വെഞ്ഞാറമൂട് ജംക്ഷനിലെ വഴിയോരക്കച്ചവടവും ഇന്നലെ സാധാരണ പോലെ നടന്നു. കിഴക്കേ റോഡിന്റെ വടക്കുഭാഗത്ത് കടകളിലേക്ക് പ്രവേശിക്കാൻ കഴിയാത്തവിധം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു.
സ്വകാര്യ ബസുകൾ വെഞ്ഞാറമൂട് ജംക്ഷനിൽ എത്താതെ യാത്ര അവസാനിപ്പിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത് തിരികെ പോകണം എന്ന നിർദേശവും പാളി. എല്ലാ ബസുകളും എംസി റോഡ് മുറിച്ചുകടന്ന് കിഴക്കേ റോഡിൽ പ്രവേശിച്ചു.നിലവിലെ ഗതാഗത നിയന്ത്രണം പാലിച്ചാൽ വെഞ്ഞാറമൂട്ടിലെ തിരക്ക് നിയന്ത്രിക്കാനാകുമെന്ന് വ്യാപാരികൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]