
തിരുവനന്തപുരം ∙ പരിസ്ഥിതി ഗ്രൂപ്പുകൾ, നിയമ വിദഗ്ധർ, മത്സ്യത്തൊഴിലാളി യൂണിയനുകൾ, സിറ്റിസൺ റെസ്പോൺസ് ഗ്രൂപ്പ് എന്നിവരുമായി ചേർന്ന് ഗ്രീൻപീസ് ഇന്ത്യ, എംഎസ്സി എൽസ 3 കപ്പൽ അപകടത്തിന്റെ പാരിസ്ഥിതിക- സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങൾ വിശദമാക്കുന്ന ധവളപത്രം പുറത്തിറക്കി. കപ്പൽ ദുരന്തവുമായി ബന്ധപ്പെട്ട് എംഎസ്സി ഉടൻ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും ഗ്രീൻപീസ് ഇന്ത്യ ആക്ടിവിസ്റ്റുകളും കോളാസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറത്തിന്റെ (സിഎസ്സിഎഫ്) നേതൃത്വത്തിൽ മുതലപ്പൊഴി പെരുമാതുറയിൽ പ്രതിഷേധാത്മകമായി സമാധാന പ്രകടനം നടത്തി.
അപകടം സൃഷ്ടിച്ച പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതത്തെ നിഷ്പക്ഷമായി വിലയിരുത്താനും നാശനഷ്ടത്തിന് ആനുപാതികമായി സമഗ്രമായ നഷ്ടപരിഹാര പാക്കേജ് പുറത്തിറക്കാനും കമ്പനിയോട് ധവളപത്രം ആവശ്യപ്പെട്ടു.
9,531 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാനാണ് എംഎസ്സി കമ്പനിയോട് കേരള സർക്കാർ ആവശ്യപ്പെട്ടത്.
മുങ്ങിയ കപ്പലിൽ കാത്സ്യം കാർബൈഡ്, ഹൈഡ്രസിൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ, 450 ടണ്ണിലധികം ഡീസൽ, ഫർണസ് ഓയിൽ, 60 ലധികം കണ്ടെയ്നർ പ്ലാസ്റ്റിക് നർഡിൽസ്, ചെറിയ അസംസ്കൃത പ്ലാസ്റ്റിക് പെല്ലറ്റുകൾ എന്നിവയുൾപ്പെടെ മലിനീകരണ സാധ്യതയുള്ള 643 വ്യത്യസ്ത വസ്തുക്കൾ ഉണ്ടായിരുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
ഈ ചെറിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രജീവികൾക്കും മനുഷ്യരുടെ ആരോഗ്യത്തിനും പ്രാദേശിക ജൈവവൈവിധ്യത്തിനും ദീർഘകാല ഭീഷണിയാണെന്ന് ഗ്രീൻപീസ് ഇന്ത്യ പ്രതിനിധി ആകിസ് ഫാറൂഖ് പറഞ്ഞു. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം വർധിപ്പിക്കുകയും കമ്പനിയുടെ ഉത്തരവാദിത്തം ഉറപ്പാക്കുകയും വേണമെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (കെഎസ്എംടിഎഫ്) സംസ്ഥാന സെക്രട്ടറി ജാക്സൺ പൊള്ളയിൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]