
കത്തിയമർന്നു മുങ്ങി ആ ഗ്രീക്ക് കപ്പൽ! പഴമക്കാരുടെ ഓർമയിൽ തിരുവനന്തപുരത്തെ കപ്പലപകടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കൊച്ചിയിൽ ചരക്കുകപ്പൽ മുങ്ങിയെന്നു കേൾക്കുമ്പോൾ തിരുവനന്തപുരം തീരദേശത്തുള്ള പഴമക്കാർ 1968 ൽ ഇവിടെയുണ്ടായ കപ്പലപകടം ഓർമിക്കും. 1968 ഓഗസ്റ്റിലാണ് ശംഖുമുഖത്തിനു 10 കി.മീ പടിഞ്ഞാറ് 55 മീറ്റർ ആഴത്തിലേക്ക് നിറയെ ക്രൂഡ് ഓയിലുമായി ഗ്രീക്ക് കപ്പൽ കത്തിയമർന്നത്. അപകടത്തെ തുടർന്ന് ഏറെക്കാലം ഈ മേഖലയിൽ ക്രൂഡ് ഓയിൽ ഒഴുകിപ്പരന്നിരുന്നു. പിന്നീട് ഇവിടം മത്സ്യസമൃദ്ധമായി ‘ശംഖുമുഖം കപ്പൽപാര്’ എന്നറിയപ്പെട്ടു. കൂറ്റൻ ലോഹവസ്തുക്കളും മറ്റും കടലിനടിയിൽ കുറെക്കാലം കിടക്കുമ്പോൾ അതിനുചുറ്റും സൂക്ഷ്മ ജീവികൾ വളർന്നു പ്രത്യേക ജൈവ ആവാസ മേഖല രൂപപ്പെടുകയും മത്സ്യം യഥേഷ്ടം വളരുകയും ചെയ്യുന്നതുകൊണ്ടാണ് കടൽപണിക്കാർ ‘പാരുകൾ’ എന്നു പേരിട്ടത്.
നിന്നുള്ള കാഴ്ച. ചിത്രം : മനോരമ
കപ്പൽ കത്തിയമർന്ന ഇടം കണ്ടുപിടിച്ചത് പൂന്തുറയിലെ കടൽപണിക്കാരായിരുന്ന തോമസ്, ജോസ് എന്നിവരുടെ ശ്രമഫലമായിട്ടായിരുന്നു. ജിപിഎസ് പോലെ ആധുനിക സംവിധാനങ്ങളില്ലാതിരുന്ന അക്കാലത്ത് പായ കെട്ടിയ കട്ടമരത്തിലെത്തി കപ്പൽച്ചാലിൽ 55 മീറ്റർ ആഴത്തിൽ മുങ്ങി അവർ കപ്പൽ ഭാഗങ്ങൾ കണ്ടെത്തിയെന്നു സമുദ്ര ഗവേഷണ സംഘടനയായ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്എംഎൽ) കോഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറയുന്നു. പനിപ്പിള്ളയുടെ ‘കടലറിവുകളും നേരനുഭവങ്ങളും’ എന്ന പുസ്തകത്തിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. 2 മത്സ്യത്തൊഴിലാളികളും ഇന്നില്ല. യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ കേരള സർവകലാശാല അക്വാറ്റിക് ബയോളജി വകുപ്പ് പിന്നീട് കപ്പൽ ഭാഗങ്ങൾ കണ്ടെത്തി ഡോക്യുമെന്റ് ചെയ്തു. 2004 ൽ വകുപ്പിലെ ഡോ. എ.ബിജുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
വർക്കലയിലെ കപ്പലപകടം
വർക്കലയ്ക്ക് പടിഞ്ഞാറ് 1754 ജനുവരിയിൽ ഡച്ച് കപ്പൽ മുങ്ങിയതും ചരിത്രം. 43 മീറ്റർ ആഴത്തിൽ മുങ്ങിയ കപ്പലിന്റെ ഭാഗങ്ങൾ അഞ്ചുതെങ്ങിലെ കടൽപണിക്കാരനായ ‘സുക്കൂറച്ഛൻ’ എന്ന സെബാസ്റ്റ്യനാണ് കണ്ടെത്തിയത്. പിന്നീടിത് ‘അഞ്ചുതെങ്ങ് കപ്പൽപാര്’ എന്നറിയപ്പെട്ടു. 2015 ൽ എഫ്എംഎൽ ഈ കപ്പൽ ഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തി. തുടർന്നു പ്രസിദ്ധീകരിച്ച വിവരങ്ങൾ കാലിക്കറ്റ് സർവകലാശാല 2004 ൽ ബിരുദ സിലബസിൽ ഉൾപ്പെടുത്തി. 2018 ലെ ഓഖിയിൽ വിഴിഞ്ഞത്തുനിന്ന് അപ്രത്യക്ഷമായി പൂന്തുറയ്ക്കു സമീപം കടലിൽ മുങ്ങിയ പത്തേമാരിയുടെയും 2011 ൽ കന്യാകുമാരിയിൽ മുങ്ങിയ ഇരുമ്പയിര് നിറച്ച പാക്ക് കപ്പലിന്റെയും ചരിത്രവും എഫ്എംഎൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ടെയ്നറിൽ നിന്നുള്ള പ്ലാസ്റ്റിക് നീക്കംചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം ∙ മുങ്ങിയ കപ്പലിലെ കണ്ടെയ്നറിൽ നിന്നു പുറത്തായി തീരമേഖലകളിൽ എത്തിയ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകി. ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസാണ് രംഗത്തിറങ്ങുക. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ കലക്ടർമാരുടെ യോഗം ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച് നിർദേശങ്ങൾ കൈമാറി.
തീരത്തടിയുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ബന്ധപ്പെട്ട കലക്ടർമാർക്ക് നൽകും. വിവരങ്ങൾ കലക്ടർമാർ അപ്പപ്പോൾ കൈമാറണം. തീരത്തടിയുന്ന വസ്തുക്കളുടെ അടുത്തു പോലും പൊതുജനങ്ങൾ പോകാൻ പാടില്ല. അറിയിപ്പ് മൈക്കിലൂടെ നൽകും. സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുന്നതിനുള്ള നടപടികൾ കലക്ടർമാർ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ സ്വീകരിക്കും.