
വാമനപുരം നദിയിലെ ജല നിരപ്പ് ഉയർന്നു; 2 പാലങ്ങൾ മുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിതുര∙ ശക്തമായ മഴയിൽ വാമനപുരം നദിയിലെ ജല നിരപ്പ് ഉയർന്നതോടെ വിതുര– പാലോട് റൂട്ടിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. നദിയിലെ പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങൾ മുങ്ങിയതോടെ ആണ് ഗതാഗതം തടസ്സപ്പെട്ടത്. പൊന്നാംചുണ്ട്, കുണ്ടാളംകുഴി, തോട്ടമുക്ക് ഭാഗങ്ങളിലെ കുടുംബങ്ങൾക്ക് വിതുരയിലേക്കുള്ള യാത്രയ്ക്ക് ഇതോടെ ഇരട്ടിയിലേറെ കിലോമീറ്റർ താണ്ടേണ്ടതായി വന്നു. ഈ മൂന്ന് സ്ഥലങ്ങളിലും നിന്നുള്ളവർ തെന്നൂർ, പെരിങ്ങമ്മല വഴി പാലോട് എത്തിയ ശേഷം നന്ദിയോട്, ചെറ്റച്ചൽ വഴിയാണ് വിതുരയിലേക്ക് എത്തിയത്.
പാലം മുങ്ങിയത് അറിയാതെ പാലം കടക്കാൻ എത്തിയവർ അവിടെ നിന്നും മടങ്ങി. ഇന്നലെ ഏതാണ്ട് പൂർണ സമയവും ശക്തമായ മഴ പെയ്തതോടെ ആണ് പാലങ്ങൾ മുങ്ങിയത്. കല്ലാർ, ആനപ്പാറ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. മരുതാമല മക്കിയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പറങ്കിമാംതോട്ടം, തള്ളച്ചിറ, മൈലക്കോണം ഭാഗത്തേയ്ക്കു പോകുന്ന റോഡുകളിലെ സമീപത്ത് കൂടി ഒഴുകുന്ന തോടുകൾ ശക്തമായ മഴയിൽ കവിഞ്ഞൊഴുകി. റോഡും തോടും തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് വെള്ളം ഒഴുകിയത്. ശിവൻ കോവിൽ ജംക്ഷനു സമീപത്തെ വിവിധ വീടുകളിലും വെള്ളം കയറി.
പൊന്മുടി ഹൈവേ: മരം വീണു
വിതുര∙ ശക്തമായ മഴയിലും കാറ്റിലും പൊന്മുടി സംസ്ഥാന ഹൈവേയിലെ പത്താം വളവിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ഏഴോടെ ആയിരുന്നു സംഭവം. പൊന്മുടിയിലേക്കും വിതുരയിലേക്കും പോകുകയായിരുന്ന കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കുടുങ്ങി. വിതുരയിൽ നിന്ന് ഫയർ ഫോഴ്സെത്തി മരം മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കാത്തിരിപ്പ് കേന്ദ്രത്തിലെ മേൽക്കൂരയുടെ ഒരു ഭാഗം ഇളകി
വിതുര∙ ശക്തമായ മഴയിൽ വിതുര പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം ഇളകി വീണു. സംഭവ സമയത്ത് കാത്തിരിപ്പ് കേന്ദ്രത്തിൽ ആരും ഇല്ലാതിരുന്നതു തുണയായി. പാലോട്, തെന്നൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കായുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയാണ് ഭാഗികമായി ഇളകി മാറിയത്.