പാറശാല∙ തീരപ്രദേശത്തെ പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഞ്ച് ഡോക്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു ഡോക്ടർ പോലും ഇല്ലാതെ വന്നതിനാൽ ഇന്നലെ ആശുപത്രിയിലെത്തിയ നൂറുക്കണക്കിനു രോഗികൾ വലഞ്ഞു. ഒടുവിൽ പരശുവയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്ന് ഒരു ഡോക്ടറെ എത്തിയതിനാൽ താൽക്കാലിക ആശ്വാസമായി.
കുളത്തൂർ പഞ്ചായത്തിൽ പെട്ട തീരപ്രദേശമായ പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആകെ മൂന്ന് സ്ഥിരം ഡോക്ടർമാരും എൻഎച്എമ്മിന്റെയും പഞ്ചായത്തിന്റെയും ഓരോ കരാർ ഡോക്ടർമാരും ഉൾപ്പെടെ 5പേർ ഉണ്ടായിരുന്നതാണ്. ഇതിൽ സ്ഥിരം ഡോക്ടർമാരിൽ ഒരാളെ ഒന്നര വർഷം മുൻപ് വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി ഡിഎംഒ ഓഫീസിലേക്ക് മാറ്റിയിരുന്നു.
എൻഎച്എം ഡോക്ടറെ കഴിഞ്ഞ ഏപ്രിലിൽ ഇവിടെ നിന്ന് പൂവാറിലേക്കും മാറ്റി. കുളത്തൂർ പഞ്ചായത്ത് നിയമിച്ച കരാർ ഡോക്ടർ രണ്ടു മാസം മുൻപ് ജോലി മതിയാക്കി പോയി.
അവശേഷിച്ച രണ്ട് സ്ഥിരം ഡോക്ടർമാരിൽ ഒരാൾ ഏതാനും നാളായി അവധിയിലാണ്. അതോടെ ചാർജ് മെഡിക്കൽ ഓഫീസർ ഡോ.അശ്വതി ഒറ്റയ്ക്കാണുണ്ടായിരുന്നത്.
ഇവരുടെ അമ്മയുടെ അസുഖത്തിന്റെ ഭാഗമായി ഇന്നലെ അപ്രതീക്ഷിതമായി അവധിയിലായതോടെയാണ് ആശുപത്രിയിൽ ആരുമില്ലാതായത്. ഒടുവിൽ ഇവർ തന്നെ അഭ്യർഥിച്ചതനുസരിച്ച് പരശുവയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് എൻഎച്എം ഡോക്ടർ എത്തിയതോടെയാണ് ഉച്ചവരെ ആശുപത്രിയുടെ പ്രവർത്തനം നടന്നത്.
പ്രതിദിനം 400–500പേർ വരെ ഒപിയിൽ എത്തുന്ന ആശുപത്രിയിൽ ഡിഎംഒ ഓഫീസിന്റെ നിഷ്ക്രീയതയാണ് പൊഴിയൂരിലെ ഡോക്ടർമാരുടെ ക്ഷാമത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി ഒന്നര വർഷം മുൻപ് ഡിഎംഒ ഓഫീസിലേക്ക് മാറ്റിയ ഡോക്ടർക്ക് പകരം ആളെ ഇനിയും നിയോഗിച്ചിട്ടില്ല. കരാർ അടിസ്ഥാനത്തിൽ കുളത്തൂർ പഞ്ചായത്ത് ഒരു ഡോക്ടറെ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുകയും ഇന്റർവ്യൂ തിയതി നിശ്ചയിക്കുകയും ചെയ്തതാണ്.
എന്നാൽ ഡിഎംഒ യിൽ ഇതിന് അനുമതി നൽകിക്കൊണ്ടുളള ഉത്തരവ് ലഭിക്കാത്തതിനാൽ അതും നടന്നിട്ടില്ല. ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത പ്രശ്നം നിരവധി തവണ ആരോഗ്യ വകുപ്പിന്റെയും അധികൃതരുടെയും ശ്രദ്ധയിൽ പെടത്തിയിട്ടും നടപടിിയുണ്ടാകാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

