തിരുവനന്തപുരം/കണ്ണൂർ ∙ ലൈംഗികപീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അച്ചടക്ക നടപടിയെടുത്ത പാർട്ടി യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്ന കെ.സുധാകരന്റെ പരാമർശം പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല തള്ളി. രാഹുലിനെ കെപിസിസി പ്രസിഡന്റാണു സസ്പെൻഡ് ചെയ്തതെന്നും സുധാകരൻ അടക്കമുള്ളവർ ഏകകണ്ഠമായാണു തീരുമാനമെടുത്തതെന്നും രമേശ് വ്യക്തമാക്കി.
വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നിൽക്കെയാണ് രാഹുലിന്റേതെന്ന പേരിൽ ഫോൺ സംഭാഷണവും ചാറ്റും കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിനു പിന്നാലെ, രാഹുലിനെ പിന്തുണയ്ക്കുന്ന പരാമർശങ്ങളുമായി സുധാകരൻ രംഗത്തെത്തിയതിൽ പാർട്ടിയിൽ കടുത്ത അതൃപ്തിയുണ്ട്.
രാഹുലിന് അനുകൂലമായ പരാമർശങ്ങൾ മുൻ കെപിസിസി പ്രസിഡന്റിൽനിന്നുണ്ടായത് അനാവശ്യ വിവാദത്തിനു വഴിവച്ചെന്നാണ് പാർട്ടിയുടെ നിലപാട്.
രാഹുൽ നന്നാവണമെന്നും മനസ്സും ശൈലിയും മാറ്റണമെന്നും അദ്ദേഹത്തെ തകർക്കാനുള്ള ശ്രമങ്ങളോടു യോജിപ്പില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. വ്യക്തിപരമായ അഭിപ്രായമാണിതെന്നും പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സുധാകരൻ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥികൾക്കായി രാഹുൽ നടത്തുന്ന പ്രചാരണം സ്വന്തംനിലയിലുള്ളതാണെന്നും പാർട്ടിയുമായി ബന്ധമില്ലെന്നുമാണു കോൺഗ്രസിന്റെ വിശദീകരണം. അതേസമയം, നേരത്തേ പുറത്തുവന്ന ഫോൺ സംഭാഷണങ്ങൾ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് വീണ്ടും ചർച്ചയാക്കിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു നേതൃത്വം കരുതുന്നു.
എന്നാൽ, രാഹുലിനു പ്രതിരോധം തീർക്കുംവിധമുള്ള പ്രതികരണങ്ങൾ വേണ്ടെന്നാണു തീരുമാനം.
ശബരിമല: പ്രതികളെ രക്ഷിക്കാനാകില്ല: രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ∙ ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം മന്ത്രിമാരടക്കം സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ആ നിഴലിൽ കുറച്ചു വെളിച്ചം അടിച്ചു കൊടുത്ത് അവരെ രക്ഷിക്കാമെന്ന് ആരു വിചാരിച്ചാലും നടക്കില്ലെന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. തനിക്കു നേരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു എംഎൽഎ. കോൺഗ്രസ് നേതാക്കൾ പറയുന്നതു താൻ അനുസരിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസം ഇല്ല. സസ്പെൻഷൻ കാലയളവിൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ല.
തിരഞ്ഞെടുപ്പിൽ തനിക്കു വേണ്ടി അത്യധ്വാനം നടത്തിയവരുടെ പ്രചാരണത്തിലാണ് അവരുടെ ആവശ്യപ്രകാരം പങ്കെടുക്കുന്നത്.
ആ ആവശ്യം നിറവേറ്റേണ്ട രാഷ്ട്രീയബാധ്യത ഉണ്ട്.
വോട്ടില്ലാത്ത കാലം മുതൽ പാർട്ടിക്കു വേണ്ടി വീടുകയറി പ്രചാരണം തുടങ്ങിയതാണ്. ഇരുകാലും കുത്തി നടക്കാൻ സാധിക്കുന്നിടത്തോളം, പദവി ഉണ്ടായാലും ഇല്ലെങ്കിലും വീടുകയറിക്കൊണ്ടേയിരിക്കും.
ജനകീയ കോടതിയിൽ പറയാനുള്ളതു പറയുമെന്നും എംഎൽഎ പറഞ്ഞു.
പാർട്ടിവേദികളിൽ രാഹുൽ പങ്കെടുക്കുന്നില്ല: സണ്ണി ജോസഫ്
കാസർകോട് ∙ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ ഒരു വേദിയിലും പങ്കെടുക്കുന്നില്ലെന്നും പ്രചാരണത്തിന് അദ്ദേഹത്തെ വിളിക്കണോയെന്നു തീരുമാനിക്കേണ്ടത് സ്ഥാനാർഥികളാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെ സസ്പെൻഡ് ചെയ്തത് പാർട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചാണ്.
രാഹുൽ തെറ്റുകാരനല്ലെന്ന് പറയുന്നില്ല. എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനാവകാശങ്ങൾ ആർക്കും നിഷേധിക്കാൻ കഴിയില്ല.
രാഹുലിനെതിരെ എടുത്ത കേസ് എന്തായിയെന്നു പറയേണ്ടത് സർക്കാരാണെന്നും സണ്ണി ജോസഫ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

