നെയ്യാറ്റിൻകര ∙ ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, നെയ്യാറ്റിൻകര നഗരസഭയുടെ സ്വന്തം ശ്മശാനം ‘ശാന്തിയിടം’ ഒടുവിൽ യാഥാർഥ്യമാകുന്നു. നഗരസഭയുടെ പ്ലാവിള വാർഡിലെ മലഞ്ചാണി മലയിൽ നിർമിച്ച ഗ്യാസ് ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 4ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.
ചെന്നൈയിൽ നിന്ന് എത്തിച്ച യന്ത്രങ്ങളും ഘടിപ്പിച്ചു കഴിഞ്ഞു. മിനുക്കു പണികൾ മാത്രമാണ് ശേഷിക്കുന്നതെന്ന് ചെയർമാൻ പി.കെ.രാജ്മോഹൻ പറഞ്ഞു.
മാറി വരുന്ന കൗൺസിലുകളിൽ ശ്മശാനം നിർമാണത്തിന് ഫണ്ട് വകയിരുത്തി പോകുന്നതല്ലാതെ നിർമാണത്തിലേക്ക് കടക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
ഡബ്ല്യു.ആർ.ഹീബ, നഗരസഭ അധ്യക്ഷ ആയിരുന്ന കഴിഞ്ഞ കൗൺസിലിൽ ക്രിമറ്റോറിയം യാഥാർഥ്യമാക്കാൻ നടപടികളുമായി ഏറെ മുന്നോട്ടു പോയതാണ്.
സ്വന്തം പാർട്ടിയിലുള്ള കൗൺസിലർമാർ തന്നെയായിരുന്നു ഹീബയ്ക്കെതിരെ രംഗത്തു വന്നത്. നിർമാണോദ്ഘാടനം നടത്താൻ തീരുമാനിച്ചതിന്റെ അന്നു പുലർച്ചെ ശിലാഫലകം അജ്ഞാതർ കടത്തിക്കൊണ്ടു പോയി.
ഇതോടെ എല്ലാം അവസാനിച്ചു. ഇക്കുറിയും ശക്തമായ എതിർപ്പുകളുണ്ടായെങ്കിലും അതിനെയൊക്കെ അതിജീവിക്കാൻ ഭരണപക്ഷത്തിനു കഴിഞ്ഞു.
പിരായുംമൂടിനു സമീപം കരിനടയിൽ 25 സെന്റ്, ഗ്രാമത്തിൽ നിലവിലെ ശ്മശാനത്തിനു സമീപത്തെ ഭൂമി, കോട്ടൂർ ആലംപൊറ്റയിൽ 3 ഏക്കർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ശ്മശാനം നിർമിക്കാൻ വേണ്ടി പരിഗണിച്ചതാണ്.
പക്ഷേ, എതിർപ്പുകൾ കാരണം മുന്നോട്ടു പോയില്ല. ക്രിമറ്റോറിയം വേണമെന്ന് കൗൺസിലർമാർ ഒന്നടങ്കം പറഞ്ഞെങ്കിലും ‘എന്റെ വീട്ടിനു സമീപം വേണ്ട, എന്റെ വാർഡിൽ വേണ്ട’ എന്ന സമീപനം സ്വീകരിച്ചതോടെ പദ്ധതി തുടങ്ങിയിടത്തു തന്നെ അവസാനിച്ചു.
കോവിഡ് കാലത്താണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത്.
പാറശാലയിൽ നിർമിച്ച ക്രിമറ്റോറിയത്തിൽ ആദ്യം സംസ്കരിച്ചത് നെയ്യാറ്റിൻകര സ്വദേശിയുടെ മൃതദേഹമാണ്. കോവിഡ് ബാധിച്ച് ഒട്ടേറെ പേർ മരിച്ചപ്പോൾ സംസ്കരാക്കാൻ തൈക്കാട് ശാന്തി കവാടത്തിലും മാറനല്ലൂർ ശ്മശാനത്തിലും ഊഴം കാത്തു നിൽക്കേണ്ട സ്ഥിതിയുണ്ടായി.
അതിനൊക്കെയാണ് ഇപ്പോൾ അറുതി വരുന്നത്.
ശാന്തിയിടം
5000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് ശ്മശാനത്തിനു വേണ്ടി ഒരുക്കിയത്. ഒരേ സമയം 2 മൃതദേഹങ്ങൾ സംസ്കരിക്കാം.
ശ്മശാനം നിർമിക്കാൻ കഴിഞ്ഞ ഡിസംബർ 11ന് ആണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. 95 ലക്ഷം രൂപയാണ് നിർമാണ ചെലവ്. ഈ തുകയിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപ്പ് ബജറ്റിൽ 75 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു.
വാതക ചിതകളൊരുക്കുന്നതിനായി 40 ലക്ഷം രൂപയാണ് ചെലവിടുന്നത്. അന്ത്യ കർമങ്ങൾ ചെയ്യാനായി പ്രത്യേക ഹാളും ശ്മശാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പാർക്കും വ്യൂ പോയിന്റും
ശാന്തിയിടത്തിലേക്കു കയറുന്നിടത്ത് പൂന്തോട്ടം നിർമിക്കുന്നുണ്ട്. മലഞ്ചാണിമലയുടെ ഒരുഭാഗത്ത് നിന്നാൽ നെയ്യാറ്റിൻകര നഗരം മുഴുവൻ കാണാനാകും.
ഇവിടെ വ്യൂ പോയിന്റ് നിർമിക്കും. ഒപ്പം വാഹന പാർക്കിങ്ങിനും സൗകര്യമുണ്ടാക്കും. ഇതിനോട് ചേർന്നാണ് പാർക്ക് നിർമിക്കുക.
ശ്മശാനത്തിലേക്കുള്ള റോഡ് 2 ഘട്ടമായി ടാറിങ് പൂർത്തിയാക്കി. എംഎൽഎ ഫണ്ടും നഗരസഭ ഫണ്ടും വിനിയോഗിച്ചാണ് ഇതു നടപ്പാക്കിയത്. ഇനി പെരുമ്പഴുതൂരിൽ നിന്ന് ശ്മശാനത്തിലേക്കു എത്താനായി പുതിയ റോഡ് നിർമിക്കും.
അതിനു സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ചെയർമാൻ പി.കെ.രാജ്മോഹൻ വിശദീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

