
വർക്കല∙ പാപനാശത്തെ ടൂറിസം വകുപ്പിന്റെ ടോയ്ലെറ്റ് ബ്ലോക്കിനു അനുബന്ധമായ സ്ഥലത്ത് നടത്തിയ അനധികൃത നിർമാണം നഗരസഭ പൊളിച്ചു നീക്കി. താബൂക്ക്, സ്റ്റീൽ കമ്പികൾ എന്നിവ ഉപയോഗിച്ചു ഷെഡ് കെട്ടാനുള്ള നീക്കം ഏതാനും ദിവസം മുൻപ് കൗൺസിലർമാരുടെ പരാതിയെ തുടർന്നു നഗരസഭ സെക്രട്ടറി തടഞ്ഞിരുന്നു.
അനുമതിയൊന്നുമില്ലാതെ പരിസ്ഥിതി ലോലമായ സ്ഥലത്ത് ഷെഡ് പണിയാനുള്ള നീക്കമാണെന്നു കണ്ടെത്തി മുഴുവനായി പൊളിച്ചു നീക്കാൻ തീരുമാനിച്ചത്. തീരത്തെ ബലിമണ്ഡപം കെട്ടിടത്തോടു ചേർന്നുള്ള പാപനാശം കുന്നിന്റെ ചെരുവിലാണ് വിവാദ നിർമാണം നടത്തിയത്.
കഴിഞ്ഞവർഷം സമീപത്തെ കുന്നിന്റെ മുകൾ ഭാഗത്ത് നിന്നു മണ്ണിടിഞ്ഞു ബലിമണ്ഡപത്തിനു സമീപം പതിച്ചിരുന്നു. തുടർന്നു കലക്ടറുടെ നിർദേശപ്രകാരം അപകടാവസ്ഥ കണക്കാക്കി ഇടിഞ്ഞു വീഴാൻ പാകത്തിലുള്ള കുന്നിന്റെ മുകൾ ഭാഗങ്ങൾ ചെറിയ തോതിൽ ഇടിച്ചു നിരപ്പാക്കാൻ കലക്ടർ നൽകിയ ഉത്തരവ് വലിയ വിവാദമായി.
ഇതേത്തുടർന്നു ജിയോളജി വിഭാഗം ഇടപെടുകയും കുന്നിടിക്കുന്നത് ഉൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പരിസരത്ത് കർശനമായി വിലക്കി.
എന്നിട്ടും ഇതേഭാഗത്ത് വീണ്ടും നിർമാണം നടത്തിയതിനു പിന്നിലെ ദുരൂഹത തുടരുന്നുണ്ട്. ടോയ്ലെറ്റ് ബ്ലോക്ക് ടൂറിസം വകുപ്പാണ് കൈകാര്യം ചെയ്യുന്നത്.
ബ്ലോക്ക് നടത്തിപ്പ് ചുമതലയുള്ള ഉപകരാറുകാർ ഇതോടനുബന്ധിച്ചു ഭക്ഷണശാല കൂടി ഒരുക്കാൻ നടത്തിയ നീക്കമാണ് കെട്ടിട നിർമാണമെന്നാണു സൂചന. ബിജെപി കൗൺസിലർമാരായ കെ.എൽ.അനു, ആർ.അനിൽകുമാർ എന്നിവരാണ് നഗരസഭ സെക്രട്ടറിക്കു പരാതി നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]