ബാലരാമപുരം ∙ പഞ്ചായത്തിൽ വാർഡ് മാറി പോളിങ് സ്റ്റേഷൻ നിശ്ചയിച്ചതോടെ വോട്ടർമാർക്ക് ആകെ ആശയക്കുഴപ്പം. ഇടമനക്കുഴി വാർഡിലെ പോളിങ് സ്റ്റേഷൻ നെല്ലിവിള വാർഡിൽ സ്ഥിതി ചെയ്യുന്ന 27–ാം നമ്പർ അങ്കണവാടിയാണ്.
അതുപോലെ ഹൗസിങ് ബോർഡ് വാർഡിലെ പോളിങ് സ്റ്റേഷൻ മണലി വാർഡിൽ സ്ഥിതിചെയ്യുന്ന എആർ പബ്ലിക് സ്കൂളിലാണ്. ഇത് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇതിന് പരിഹാരം കാണണമെന്നും പഞ്ചായത്ത് സെക്രട്ടറിയോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
നിലവിലെ മണലി വാർഡ് മുറിച്ചാണ് ഹൗസിങ് ബോർഡ് വാർഡ് രൂപീകരിച്ചത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ഈ വാർഡ് രൂപീകരിച്ചത്. പരാതി നൽകുമെന്നും പരിഹാരമായില്ലെങ്കിൽ രേഖകൾ സഹിതം ഹൈക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
പഞ്ചായത്തിലെ നെല്ലിവിള വാർഡിലെ അൻപതോളം വോട്ടുകൾ ഇടമനക്കുഴി വാർഡിലെ പട്ടികയിൽ ഉൾപ്പെട്ടു. ഒരേ വോട്ടർമാർ തന്നെ 2 വാർഡുകളിൽ ഉണ്ടെന്നതും കരട് വോട്ടർ പട്ടികയിലെ പിഴവായി.
സിപിഎം നേതാവിന് 2 പഞ്ചായത്തുകളിൽ വോട്ട്
ബാലരാമപുരം ∙ കല്ലിയൂർ പഞ്ചായത്തിലും ബാലരാമപുരം പഞ്ചായത്തിലുമായി സിപിഎം നേതാവിന് ഇരട്ട
വോട്ട്. കല്ലിയൂർ പഞ്ചായത്ത് മുൻ അംഗം കൂടിയായ സിപിഎം നേതാവിന് ഇതേ പഞ്ചായത്തിലെ പുന്നമൂട് വാർഡിലും ബാലരാമപുരം പഞ്ചായത്തിലെ നെല്ലിവിള വാർഡിലുമാണു വോട്ട്.
കോൺഗ്രസാണു പരാതിയുമായി രംഗത്തെത്തിയത്. കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട
കാക്കാമൂല മേഖലയിൽ വാർഡിന്റെ അതിർത്തിക്കപ്പുറമുള്ള വോട്ടർമാരെ ചേർത്തതായി പരാതിയുണ്ട്. പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച നെടിഞ്ഞിൽ വാർഡിന്റെ അതിർത്തിയായി ചാനൽ ബണ്ട് റോഡും കാക്കാമൂല–കാരിക്കുഴി റോഡുമാണ് നിശ്ചയിച്ചിരുന്നത്.
പകരം മറ്റ് മേഖലകളിൽ നിന്നാണു വോട്ടർമാരെ ഉൾപ്പെടുത്തിയിരിക്കുന്നത്. പള്ളിച്ചൽ പഞ്ചായത്തിൽ വോട്ടർ പട്ടിക പരിശോധന ക്യാംപ് നടത്തി ക്രമക്കേട് കണ്ടെത്താനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകർ മുതൽ ആരംഭിച്ചിട്ടുണ്ട്.
ഒരു വീട്ടുകാരുടെ വോട്ട് 2 ബൂത്തുകളിൽ
ആനാട് ∙ പഞ്ചായത്തിലെ ഒരു വീട്ടിലെ വോട്ടർമാർക്ക് രണ്ട് ബൂത്തുകളിൽ വോട്ട്.
ചിലയിടത്ത് നിലവിലെ വോട്ടർമാരുടെ പേര് ഒഴിവായപ്പോൾ 15 വർഷം മുൻപ് മരിച്ചവരും പട്ടികയിൽ ഇടംപിടിച്ചു. ഇരട്ട
വോട്ട് ഉള്ളതായും പട്ടികയിലുണ്ട്. കരട് പട്ടിക ഇറങ്ങുന്നതിന് മുൻപ് ചേർന്ന സർവകക്ഷി യോഗം ചേർന്ന് തീരുമാനിച്ച ബൂത്തുകളിലും പട്ടിക ഇറങ്ങിയപ്പോൾ വ്യത്യാസം ഉണ്ട്.
വാർഡ് വിഭജനത്തിന് വീട് പരിശോധിച്ചത് ഹരിതകർമസേന
കരുംകുളം ∙ പഞ്ചായത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച് വ്യാപക പരാതി.
ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കാതെ, ഹരിതകർമ സേനയെ വിന്യസിച്ച് വീടുകൾ മാർക്ക് ചെയ്തതാണ് പിശക് സംഭവിക്കാൻ കാരണമെന്ന് ജനപ്രതിനിധികൾ. 18 വാർഡുകളുള്ള കരുംകുളം പഞ്ചായത്തിൽ പതിനായിരത്തോളം വോട്ടുകളാണ് വാർഡുകൾ മാറി കിടക്കുന്നതായി ആക്ഷേപമുള്ളത്.
പഞ്ചായത്തിലെ ആഴാങ്കൽ വാർഡിൽ 765 വോട്ടുകളാണുള്ളത്. ഇതിൽ 731 വോട്ടുകളും തൊട്ടടുത്ത വാർഡായ പുതിയതുറയിലാണ് ഇപ്പോൾ.
മറ്റു വാർഡുകളിലും സ്ഥിതി ഭിന്നമല്ല.
വ്യാപക പരാതി
വിഴിഞ്ഞം ∙ തിരുവനന്തപുരം കോർപറേഷന്റെ വെങ്ങാനൂർ വാർഡിൽ ഒരു വീട്ടിലെ അംഗത്തിന്റെ വോട്ട് ദൂരെ മാറി പോർട്ട് വാർഡിൽ ഉൾപ്പെടുത്തി. സമാനമായ പരാതികൾ ഒട്ടേറെയുണ്ട്.
കോട്ടുകാൽ ∙ പഞ്ചായത്തിൽ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്നു പരാതി. വോട്ടർമാരുടെ എണ്ണത്തിൽ തുടങ്ങി, വാർഡ് വിഭജനമുൾപ്പെടെയുള്ള കാര്യങ്ങളിലാണു പരാതി.
ഓരോ വാർഡിലും നൂറിൽപരം വോട്ടർമാരെ വരെ കൂട്ടിച്ചേർക്കാൻ വിട്ടുപോയതായി രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ആരോപിക്കുന്നു. വോട്ടർമാരുടെ വർധനയനുസരിച്ചു കുറഞ്ഞത് രണ്ടു ബൂത്തുകളെങ്കിലും വേണ്ടിടത്ത് ഒറ്റ ബൂത്താണുള്ളത്. ഇതു സുഗമമായ വോട്ടെടുപ്പിനെ ബാധിക്കും.
പല വാർഡുകളിലെയും വോട്ടർമാരെ മാറ്റിമറിച്ചതായി കോൺഗ്രസ് ആരോപിച്ചു.
എംഎൽഎയുടെ വോട്ട് വെട്ടി !
ബാലരാമപുരം ∙ എം.വിൻസന്റ് എംഎൽഎയുടെ വോട്ട് അദ്ദേഹം താമസിക്കുന്ന ബാലരാമപുരം പഞ്ചായത്തിലെ ടൗൺ വാർഡിൽതന്നെ നിലനിർത്തണമെന്നും കരട് വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെ കെപിസിസി അംഗം വിൻസന്റ് ഡി.പോളിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.
ബാലരാമപുരം സൗത്ത് മണ്ഡലം പ്രസിഡന്റ് എ.അർഷാദ്, യുഡിഎഫ് ബാലരാമപുരം മണ്ഡലം ചെയർമാൻ എ.എം.സുധീർ, പഞ്ചായത്തംഗം എൽ.ജോസ്, നെല്ലിവിള സുരേന്ദ്രൻ, അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുത്തു. സിപിഎമ്മിനു ജയിക്കാൻ വേണ്ടിയാണു പട്ടിക തയാറാക്കിയതെന്നും പുതുതായി രൂപീകരിച്ച ഹൗസിങ് ബോർഡ് വാർഡിൽ 824 വോട്ടർമാരേയുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം കുറഞ്ഞത് 1000 വോട്ടുകളെങ്കിലും വേണമെന്നും കോൺഗ്രസ് ആരോപിച്ചു.
എംഎൽഎയുടെ വോട്ട് സ്വന്തം വീടിരിക്കുന്ന പഞ്ചായത്തിലെ ടൗൺ വാർഡിന് പകരം ഇടമനക്കുഴി വാർഡിലാണ്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും ക്രമനമ്പറുകൾ തമ്മിൽ 65 നമ്പറുകളുടെ വ്യത്യാസവുമുണ്ട്.
വിൻസന്റ് ഇടമനക്കുഴി വാർഡിലെ 531–ാം നമ്പർ വോട്ടറാവുമ്പോൾ ഭാര്യയുടെ ക്രമനമ്പർ 596 ആണ്.
ലീപ് -കേരള വോട്ടർ ബോധവൽക്കരണം
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ച് ലീപ്-കേരള എന്ന ബോധവൽക്കരണ പരിപാടിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടി എന്നതിന്റെ ഇംഗ്ലിഷ് ചുരുക്കപ്പേരാണ് ലീപ് – കേരള. ‘വോട്ടിനായി പേരു ചേർത്തിടാം, നാടിനായി വോട്ടു ചെയ്തിടാം’ എന്നാണ് ലീപ്-കേരളയുടെ മുദ്രാവാക്യം.
ആദ്യമായാണു ഇത്തരം പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി കലക്ടർ അധ്യക്ഷനായി ജില്ലാതല സമിതി രൂപീകരിച്ചു.
ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ കൺവീനർ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ്. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന്റെ നടപടിക്രമങ്ങൾ, ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും, ഇവയ്ക്കുള്ള വോട്ടർപട്ടികകൾ സംബന്ധിച്ച വ്യത്യാസങ്ങൾ തുടങ്ങിയവ പ്രചാരണത്തിന്റെ ഭാഗമാണ്.
കോളജ് വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരെ പരമാവധി വോട്ടർപട്ടികയിൽ ചേർക്കുകയാണു ലക്ഷ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]