
ഭൂമി ഏറ്റെടുക്കൽ: റവന്യൂ വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃക
തിരുവനന്തപുരം∙ കേരളത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹാരം കണ്ടെത്തുന്ന റവന്യൂ വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃകയാണെന്ന് സ്പീക്കർ കെ. എൻ.
ഷംസീർ. റവന്യൂ, സർവെ വകുപ്പുകൾ സംഘടിപ്പിച്ച ഡിജിറ്റൽ റീ സർവെ നാഷണൽ കോൺക്ലേവിന്റെ ഡെലിഗേറ്റ് സെക്ഷനുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ പാതയുടെ വികസനത്തിനുൾപ്പടെ ആവശ്യമായി വന്ന ഭൂമി ആക്ഷേപങ്ങളില്ലാതെ അനായാസമായി ഏറ്റെടുത്ത് നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞു. ഭൂതർക്കങ്ങളില്ലാത്ത ഒരു നാടായി കേരളത്തെ മാറ്റാൻ കഴിയുന്ന ഡിജിറ്റൽ റീ സർവെയും ഭൂമി സംബന്ധമായ എല്ലാ കാര്യങ്ങളും ഒറ്റ ക്ലിക്കിൽ സാധ്യമാക്കുന്ന ‘എന്റെ ഭൂമി’ ഏകജാലക പോർട്ടലും മാതൃകയാക്കി സ്വീകരിക്കാൻ ഇത്രയധികം സംസ്ഥാനങ്ങൾ തയ്യാറായി മുന്നോട്ടു വരുന്നത് അഭിമാനകരമാണെന്നും സ്പീക്കർ പറഞ്ഞു.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറി പി അമുദ, ലാൻഡ് റവന്യൂ കമ്മിഷണർ മുഹമ്മദ് സഫീറുള്ള, സർവെ ഡയറക്ടർ സീറാം സാംബശിവ റാവു എന്നിവർ സംസാരിച്ചു.
സംസ്ഥാന മന്ത്രിമാരായ പി. രാജീവ്, ജി.
ആർ. അനിൽ, എം.
ബി. രാജേഷ് എന്നിവർ കോൺക്ലേവിൽ പങ്കെടുത്തിരുന്നു.
ഇന്ന് നടക്കുന്ന ഫീൽഡ് സന്ദർശനത്തോടെ ദേശീയ കോൺക്ലേവിന് സമാപനമാകും. 23 സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 127 പ്രതിനിധികൾ അഞ്ച് ജില്ലകളിൽ ഡിജിറ്റൽ റീ സർവെ നടപടികൾ തുടരുന്ന വില്ലേജുകളിൽ നേരിട്ട് സന്ദർശിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]