
കാലവർഷം: കാപ്പിൽ മുതൽ പൊഴിയൂർ വരെ റെഡ് അലർട്ട്; ജില്ലയിൽ ഇന്നലെ നേരിയ ആശ്വാസം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഇടയ്ക്ക് പെയ്തും ഒഴിഞ്ഞു മാറിയും മഴ. അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. പലയിടത്തും ഇന്നലെയും വീടുകൾക്കു മുകളിൽ മരങ്ങൾ വീണു, ആർക്കും പരുക്കില്ല. പലയിടത്തും വീടുകൾ ഭാഗികമായി തകർന്നു. നാശനഷ്ടം തിട്ടപ്പെടുത്തി വരുന്നതായി റവന്യു വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മലയോര മേഖലകൾ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയിലാണ്. വാമനപുരം നദിയിലും പേപ്പാറ അണക്കെട്ടിലും ജലനിരപ്പുയർന്നു. പൊന്മുടി, ബോണക്കാട്, പേപ്പാറ മേഖലകളിൽ മഴ ശക്തം.5 ദിവസത്തെ മഴയിൽ ജില്ലയിൽ 3085.01 ഹെക്ടർ കൃഷി നാശം റിപ്പോർട്ട് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്.
ജില്ലയിൽ 7712 കർഷകർക്കാണ് വിളവു നഷ്ടമായത്. മഴ തുടരുന്ന സാഹചര്യത്തിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വാമനപുരം, കരമന, മക്കി നദികളിലെ ജല നിരപ്പ് ഉയർന്നു. വാമനപുരം നദിയിലെ പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങൾ മുങ്ങി. ഇതോടെ വിതുര– പാലോട് റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയെ തുടർന്ന് പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാര നിരോധനം തുടരുന്നു. കല്ലാർ മീൻമുട്ടി, ഗോൾഡൻവാലി, വാഴ്വാംതോൽ വെള്ളച്ചാട്ടങ്ങളിലേക്കും സന്ദർശകരെ അനുവദിക്കുന്നില്ല.
കവടിയാറിൽ മരം വീണ് കാർ തകർന്നു, വീടുകൾക്കും നാശനഷ്ടം
കവടിയാർ സാൽവേഷൻ ആർമി ഹെഡ് ക്വാർട്ടേഴ്സ് പരിസരത്ത് ആഞ്ഞിലിമരം കടപുഴകി വീണ് കാർ തകർന്നു. ശക്തമായ കാറ്റിൽ പരിസരത്തെ മറ്റ് മൂന്നിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞ് വീടുകൾക്ക് മുകളിൽ വീണിട്ടുണ്ട്. കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലും മരങ്ങൾ ഒടിഞ്ഞ് വീണു. സാൽവേഷൻ ആർമി ഹെഡ് ക്വാർട്ടേഴ്സിൽ ബ്ലസ്സൻ വർഗീസിന്റെ കാറാണ് തകർന്നത്. വീടിനും നാശനഷ്ടമുണ്ടായി. സെൻട്രൽ ചർച്ച് ഓഫിസർ ക്വാർട്ടേഴ്സിന്റെ അടുക്കള ഭാഗത്തും മരം വീണു.
അരുവിക്കരയിൽ 5 ഷട്ടറുകൾ ഉയർത്തി
ജലനിരപ്പുയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിലെ 6 ഷട്ടറുകളിൽ 5 എണ്ണം 40 സെന്റിമീറ്റർ വീതം ഉയർത്തി.
കൺട്രോൾ റൂം തുറന്നു
ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലും കണ്ടെയ്നറുകൾ കരയ്ക്ക് അടിയുന്നതിനാലും അടിയന്തര പ്രവർത്തനങ്ങൾക്കായി ജില്ലാ മെഡിക്കൽ ഓഫിസിൽ കൺട്രോൾ റൂം 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. ഫോൺ: 9072055900, 9447220462
പേപ്പാറ, നെയ്യാർ ഡാമുകളിൽ ജലനിരപ്പുയർന്നു
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ പേപ്പാറ ഡാമിലെ ജല നിരപ്പിൽ കാര്യമായ പുരോഗതി. കഴിഞ്ഞ 48 മണിക്കൂറിനിടെ ഒരു മീറ്ററോളം ജല നിരപ്പ് ഉയർന്നു. 101.75 സെന്റി മീറ്റർ ആണ് ഇന്നലെ വൈകിട്ടത്തെ ജല നിരപ്പ്. എന്നാൽ ഡാമിലെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. 10 ദിവസമെങ്കിലും അതിശക്തമായി മഴ പെയ്താൽ മാത്രമേ പേപ്പാറ ഡാമിലെ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യം വരികയുള്ളൂവെന്നാണ് ജല അതോറിറ്റി പറയുന്നത്.
110.5 സെന്റി മീറ്റർ ആണ് ഡാമിലെ പരമാവധി സംഭരണ ശേഷി, 10.7.5 സെന്റി മീറ്റർ വരെ സംഭരിക്കാം. 104.5 സെന്റി മീറ്ററിനു മുകളിൽ ജല നിരപ്പ് ഉയർന്നാൽ മാത്രമേ ഷട്ടറുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചന തുടങ്ങുകയുള്ളൂ. 10.5 സെന്റി മീറ്റർ കടന്നാൽ മഴയുടെ തോതനുസരിച്ച് നാല് ഷട്ടറുകളും നേരിയ അളവിൽ ഉയർത്തി സ്പിൽ വേയിലൂടെ ജലം ഒഴുക്കി വിടും. നെയ്യാർ ഡാമിൽ ജല നിരപ്പ് ഉയർന്നു. 82.46 മീറ്റർ ജലം ഉണ്ട്. 84.75 ആണ് സംഭരണ ശേഷി
ഓട്ടോയ്ക്കു മുകളിൽ വൈദ്യുതി തൂൺ വീണു, അമ്മയ്ക്കും മകൾക്കും പരുക്ക്
ആൽ മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് റോഡിനു കുറുകെ വീഴുകയും ഇതിൽ ഒരു വൈദ്യുതി പോസ്റ്റ് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് വീണ് ഓട്ടോ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. നെടുമങ്ങാട് മേലാങ്കോട് താന്നിവിളയിൽ മായയ്ക്കും അവരുടെ മകൾ കീർത്തിക്കുമാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ മായയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടു. ഓട്ടോ ഡ്രൈവർ പരുക്കുകൾ കൂടാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നഗരസഭയ്ക്ക് സമീപം മേലാങ്കോട്ടേയ്ക്ക് പോകുന്ന റോഡിൽ സപ്ലൈകോ ഗോഡൗൺ പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിനു എതിർ വശം റോഡിനു സമീപം നിന്ന വലിയ ആൽമരമാണ് കടപുഴകി വീണത്. വൈദ്യുതി ലൈൻ ഉൾപ്പെടെ പൊട്ടി വീണു.
മരം വീണു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിളപ്പിൽ പഞ്ചായത്തിലെ ചൊവ്വള്ളൂർ നെടുങ്കുഴി സെലിന്റെ വീടിന്റെ മുകളിലൂടെ മരം വീണു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീടിനുള്ളിൽ ആൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പെരുങ്കടവിള കോട്ടറത്തല അമ്പിളിയുടെ വീടിനു മുകളിലേക്ക് ബദാം മരം കടപുഴകി വീണു. വിളവൂർക്കൽ പഞ്ചായത്തിലെ വിഴവൂർ ബിജോയ് ഭവനിൽ പി.ആർ.സറബനീസ് ബീവി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ് ശക്തമായ കാറ്റിലും മഴയിലും മരം വീണു തകർന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ച ഷെഡിലാണ് കഴിഞ്ഞ ദിവസം സമീപ പുരയിടത്തിലെ റബർ മരം വീണത് . വാടക വീട്ടിൽ കഴിയുന്ന ഇവർ അടുത്ത മാസം ഈ ഷെഡിലേക്കു താമസം മാറാൻ തീരുമാനിച്ചിരിക്കെയാണ് അപകടം.
കനത്ത മഴയിലും ശക്തമായ കാറ്റിലും പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപം അജ്മലിന്റെ പുതുവൽ കുഴിയാനക്കൽ വീടിനു മുകളിലേക്കും വൈദ്യുതി കമ്പികളിലേക്കും തേക്കുമരം ഒടിഞ്ഞ് വീണു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അതേസമയം ഇന്നലെ ഉച്ചവരെ ലൈനിൽ വൈദ്യുതി വിഛേദിച്ചിരുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. വിഷയം പരിശോധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കാറ്റിലും മഴയിലും വെണ്ണിയൂരിൽ വ്യാപക കൃഷിനാശം. ഏക്കറുകളോളം വാഴ,പച്ചക്കറി വിളകൾ നശിച്ചു.
കനത്തമഴ കന്യാകുമാരി ജില്ലയിൽ ആകെ തകർന്നത് 40 വീടുകൾ
നാഗർകോവിൽ ∙ കന്യാകുമാരി ജില്ലയിൽ കനത്ത മഴയിലും കാറ്റിലും തിങ്കളാഴ്ച 18 വീടുകൾ കൂടി തകർന്നു. 17 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായുമാണ് തകർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ആകെ തകർന്ന വീടുകളുടെ എണ്ണം 40 ആയി. പേച്ചിപ്പാറ അണയിൽ 37.87 അടിയാണ് ജലനിരപ്പ്. പെരുഞ്ചാണിയിൽ 42.55, ചിറ്റാർ–1ൽ 5.58, ചിറ്റാർ–2ൽ 5.67, പൊയ്കൈ 15.2, മാമ്പഴത്തുറൈയാറ് 20.83 അടിയുമാണ് ജലനിരപ്പ്. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിനു മുന്നോടിയായി വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള അവലോകനയോഗം കലക്ടർ ആർ.അഴകുമീനയുടെ അധ്യക്ഷതയിൽ നടന്നു.