
ചെസ്സിനോടുള്ള ഇഷ്ടം കണ്ടുവളർന്നു; രാജ്യത്തിന് അഭിമാനമായി ഈ ഒൻപതു വയസ്സുകാരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെസ് കളിക്കാൻ ഇഷ്ടമുള്ള അച്ഛൻ. ചെസ് പരിശീലിക്കുന്ന സഹോദരൻ. ചെസ്സിനോടുള്ള ഇഷ്ടം കണ്ടുവളർന്ന ഒൻപതു വയസ്സുകാരി ഇന്ന് രാജ്യത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. ലോകത്ത് 8 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള ചെസ് പ്രതിഭകളുടെ ഏറ്റവും വലിയ മത്സരമാണ് വേൾഡ് കേഡറ്റ് ആൻഡ് യൂത്ത് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാംപ്യൻഷിപ്. ഈ മാസം 12 മുതൽ 18 വരെ ഗ്രീസിൽ നടന്ന മത്സരത്തിൽ രണ്ടു മെഡലുകളുമായാണ് തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ ദിവി ബിജേഷിന്റെ മടക്കം. അല്ലൻസ് ഫൽമാൻസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ദിവി.
ചെസിലേക്കുള്ള തുടക്കം
ചേട്ടൻ ദേവനാഥാണ് ദിവിയെ ചെസിന്റെ മാന്ത്രിക ലോകത്തേക്ക് കൊണ്ടുവരുന്നത്. ചേട്ടന്റെ കൂടെ 7–ാം വയസ്സു മുതൽ കോച്ചിങ്ങിനും പോയിത്തുടങ്ങി. പിന്നെ കരുക്കളും ചെസ് ബോർഡുമായി ദിവിയുടെ കുഞ്ഞുതലയിൽ. ‘ആദ്യമൊക്കെ ഞാൻ അവരുടെ കൂടെ കളിക്കുമായിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അവരെന്നെ തോൽപിക്കാൻ തുടങ്ങി. കുട്ടികളല്ലേ അവർ വേഗം പഠിച്ചെടുക്കുമല്ലോ’ – ദിവിയുടെ അച്ഛൻ പറഞ്ഞു. ചെസ്സിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കണം, ചില പ്രാദേശിക ടൂർണമെന്റുകളിലൊക്കെ പങ്കെടുപ്പിക്കണമെന്നേ അന്നുണ്ടായിരുന്നുള്ളൂ. ദിവിയുടെ വളർച്ച ഒരു കടുത്ത ചെസ് പോരാട്ടം പോലെ തന്നെ അപ്രതീക്ഷിതമായി. ജില്ലാ ടൂർണമെന്റുകളിലും സംസ്ഥാന ടൂർണമെന്റുകളിലും ചാംപ്യനായി മുന്നോട്ടുകുതിച്ച ദിവി ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നു. കാര്യവട്ടം സ്വദേശികളായ വിജേഷ്–പ്രഭ ദമ്പതികളുടെ മകളാണ് ദിവി. ‘ആദ്യമൊക്കെ ദിവിയുടെ കൂടെ പോകുമ്പോൾ ടെൻഷൻ ആയിരുന്നു. കുറേ മത്സരങ്ങളിൽ പങ്കെടുത്തതോടെ കാര്യങ്ങളെ പക്വതയോടെ കാണാൻ തുടങ്ങി’ – അച്ഛൻ വിജേഷിന്റെ വാക്കുകളിൽ അഭിമാനവും വിശ്വാസവും തിളങ്ങി.
ദിവിയുടെ നേട്ടം
റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാംപ്യൻഷിപ്പിലെ റാപ്പിഡ് ചെസ്സിൽ സ്വർണ മേഡൽ നേടി ദിവി അഭിമാനമായി. അണ്ടർ 10 പെൺകുട്ടികളുടെ റാപ്പിഡ് വിഭാഗത്തിൽ 9 വിജയവും 2 സമനിലയുമായി 10 പോയിന്റ് നേടിയാണ് ദിവി വിജയമുറപ്പിച്ചത്. 0.5 പോയിന്റിന്റെ വ്യത്യാസത്തിൽ ബ്ലിറ്റ്സിൽ സ്വർണം നഷ്ടമായെങ്കിലും വെള്ളിത്തിളക്കത്തോടെയാണ് ദിവി മടങ്ങിയത്. ചാംപ്യൻഷിപ്പിൽ ഇന്ത്യ 4 മെഡൽ സ്വന്തമാക്കി. അതിൽ രണ്ടെണ്ണം നേടിയത് ദിവിയാണ്. മാർച്ചിൽ സെർബിയയിൽ നടന്ന വേൾഡ് ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റിലും ഈ കൊച്ചു മിടുക്കി സ്വർണമെഡൽ നേടി. 9 വയസ്സിനുളളിൽ തന്നെ ഫിഡേയുടെ വുമൻ കാൻഡിഡേറ്റ് മാസ്റ്റർ ടൈറ്റിലും ദിവിയെത്തേടിയെത്തി. സംസ്ഥാന-ജില്ലാ ടൂർണമെന്റുകളിലും ദിവി വിജയക്കൊടി പാറിച്ചു. മാസ്റ്റേഴ്സ് ചെസ് അക്കാദമിയിലെ ശ്രീജിത്താണ് ദിവിയുടെ പരിശീലകൻ.
വരയ്ക്കാനിഷ്ടം
ചെസ് കളിച്ച് മടുക്കുമ്പോൾ ദിവി നേരെ പോകുന്നത് ചിത്രങ്ങളുടെ ലോകത്താണ്. ചെസ്സിനെപ്പോലെ അവിടെ നിയമങ്ങളും നിബന്ധനകളുമില്ല. ആഴത്തിലുള്ള ആലോചനയില്ല, മനസ്സിൽ വരുന്നത് വരച്ചിടും. നിറങ്ങൾ നൽകും. ചിത്രം വരയ്ക്കാൻ പഠിച്ചിട്ടില്ലെങ്കിലും ചെസ് കഴിഞ്ഞാൽ ദിവിയുടെ ലോകം വരയുടേതാണ്.