
വിഴിഞ്ഞം: ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി കുടുംബസമേതമെത്തി; പ്രധാനമന്ത്രി മേയ് രണ്ടിനു എത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം ∙ കമ്മിഷനിങ്ങിന് ഒരുങ്ങിയ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം. ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ ഇഷാൻ എന്നിവരുമായി കുടുംബസമേതം എത്തിയ മുഖ്യമന്ത്രി കമ്മിഷനിങ് ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. കപ്പലുകളെ ബെർത്തിലേക്കു വലിച്ച് എത്തിക്കുന്ന ടഗ് ബോട്ടിൽ ബെർത്ത് പരിധിക്കുള്ളിൽ കടൽ യാത്രയും നടത്തി.പോർട്ട് ഓപ്പറേഷൻസ് കെട്ടിടത്തിലെത്തിയ മുഖ്യമന്ത്രി, ബെർത്തിലേക്കുള്ള കപ്പൽ ഗതാഗതം കൈകാര്യം സംവിധാനം പരിശോധിച്ചു. യാഡിലെ ക്രെയിനുകൾ ഓപ്പറേറ്റ് ചെയ്യുന്ന വിഭാഗത്തിലെത്തിയ മുഖ്യമന്ത്രി, ക്രെയിൻ ഓപ്പറേറ്റർമാരായ വനിതകളോടു കുശലാന്വേഷണം നടത്തി. പ്ലാനിങ് റൂം കൂടി സന്ദർശിച്ചശേഷം ബെർത്തിലെത്തി, കപ്പലുകൾ ബെർത്തിൽ അടുക്കുന്ന സംവിധാനവും ചോദിച്ചറിഞ്ഞു. എംഎസ്സിയുടെ കപ്പലാണു ബെർത്തിലുണ്ടായിരുന്നത്.
തുടർന്നു കാറിൽ പുലിമുട്ടിലെത്തി. ഇതിനുശേഷമാണു ടഗ് ബോട്ടിൽ കയറിയത്. മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ തുറമുഖത്ത് മുഖ്യമന്ത്രിയെ സ്വീകരിച്ചു.വിസിൽ എംഡി ദിവ്യ എസ്.അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ എന്നിവർ തുറമുഖത്തിന്റെ പ്രവർത്തനരീതി വിശദീകരിച്ചു.രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ് കഴിഞ്ഞാലുടൻ അടുത്തഘട്ടത്തിന്റെ നിർമാണോദ്ഘാടനവും നടക്കും. മേയിലോ, ജൂണിലോ അടുത്ത ഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്താനാണു സർക്കാർ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തും.അടുത്തഘട്ടം 2028 ഡിസംബറിനുള്ളിൽ പൂർത്തിയാക്കാമെന്നാണ് അദാനി പോർട്സുമായുള്ള കരാർ.ഈ ഘട്ടത്തിൽ ചെലവിടുന്ന 9000 കോടി രൂപ മുടക്കുന്നത് അദാനി പോർട്സാണ്. സർക്കാരിനു പണച്ചെലവില്ല.
പ്രധാനമന്ത്രിയുടെ സന്ദർശനം; കനത്ത സുരക്ഷ
മേയ് രണ്ടിനു തുറമുഖത്തിന്റെ കമ്മിഷനിങ്ങിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യപരിപാടികൾ ഇതുവരെ അന്തിമമായില്ല. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദമായ സുരക്ഷാ പദ്ധതികൾ ആലോചിക്കുന്നുണ്ടെന്നാണു വിവരം.തുറമുഖത്തും വേദിയിലും ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും തീരുമാനമായിട്ടില്ല. ഹെലിപാഡ് തയാറായിട്ടുണ്ട്. പ്രധാനമന്ത്രി ഇവിടെ ഇറങ്ങിയ ശേഷം പോർട്ട് ഓപ്പറേഷൻസ് കെട്ടിടത്തിലും തുടർന്നു ബെർത്തിലെത്തി പിന്നാലെ വേദിയിലെത്തും. പതിനായിരത്തോളം കാണികളെ എത്തിക്കാനാണു സർക്കാർ ശ്രമിക്കുന്നത്.