
കേരള വാഴ്സിറ്റി ബജറ്റ്; ഗവേഷണത്തിന് 3,5 വർഷ സ്ലാബുകൾ : 25,000 രൂപ വരെ പ്രതിമാസ ഫെലോഷിപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ ഗവേഷണത്തിന് മൂന്നു വർഷം, 5 വർഷം എന്നിങ്ങനെ സ്ലാബുകൾ നിശ്ചയിക്കാൻ വാഴ്സിറ്റി ബജറ്റ് നിർദേശം. 3 വർഷ സ്ലാബിന് പ്രതിമാസം 25,000 രൂപയും 5 വർഷ സ്ലാബിന് 15,000 രൂപയും ഫെലോഷിപ് ലഭ്യമാക്കും. പുതിയതായി റജിസ്റ്റർ ചെയ്യുന്നവർക്ക് സ്ലാബ് തിരഞ്ഞെടുക്കാം. അഫിലിയേറ്റഡ് കോളജുകളിൽ സ്ത്രീധന വിരുദ്ധ ക്യാംപെയ്നും ഫാമിലി കൗൺസലിങ്ങും സംഘടിപ്പിക്കും.
4 വർഷ ബിരുദ കോഴ്സുകൾക്ക് ഓൺ സ്ക്രീൻ മൂല്യനിർണയം നടപ്പാക്കും. പരിശീലനം നൽകാൻ 5 കായിക ഇനങ്ങളിൽ ‘ക്വസ്റ്റ് ഫോർ സ്പോർട്സ് ടാലന്റ് ’ നടപ്പാക്കും. ജ്യോഗ്രഫി, കായിക പഠന ഗവേഷണ വകുപ്പുകൾ ആരംഭിക്കും. ആകെ 844.42 കോടി രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സർവകലാശാല സെനറ്റിൽ സിൻഡിക്കറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ വി.മുരളീധരൻ അവതരിപ്പിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ
∙ കോഴ്സുകളും സെന്ററുകളും : എംഎസ്സി മൈക്രോബിയൽ ജീനോമിക്സ് ആൻഡ് ടെക്നോളജി പ്രോഗ്രാം, അയ്യാ വൈകുണ്ഠ സ്വാമി പഠന ഗവേഷണ സെന്റർ, ലൈബ്രറിയിൽ ജ്ഞാനപീഠ ജേതാക്കളുടെ വിജ്ഞാന കേന്ദ്രം, സാങ്കേതികവിദ്യ കൈമാറ്റ വിഭാഗം , കൗൺസലിങ് സൈക്കോളജിയിൽ പിജി കോഴ്സ്, ക്ലിനിക്കൽ എംബ്രിയോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഭിന്നശേഷി സൗഹൃദ സാധ്യത വിപുലമാക്കാൻ ഈക്വൽ ഓപ്പർച്യൂണിറ്റി സെൽ, ക്യാംപസിൽ പുരാവസ്തു– പൈതൃക മ്യൂസിയം, ഇംഗ്ലിഷ് പഠന– ഗവേഷണ വകുപ്പ്, തമിഴ് മലയാളം വിവർത്തന പഠനം, തുടങ്ങിയവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ
∙ കാര്യവട്ടം ക്യാംപസിൽ 10 പ്രമുഖരുടെ ശിൽപോദ്യാനം . ലഹരി തടയാൻ ഡ്രോൺ നിരീക്ഷണം.
∙ കാര്യവട്ടം ക്യാംപസിൽ 200 ആൺകുട്ടികൾക്കു കൂടി ഹോസ്റ്റൽ , ടീച്ചേഴ്സ് ബാച്ലേഴ്സ് ഹോസ്റ്റലിന് രണ്ടാം നില, തൈക്കാട് വനിതാ ഹോസ്റ്റലിലെ റിസർച് ബ്ലോക്കിൽ പുതിയ നില .
∙ ആധുനികാനന്തര കേരള സാഹിത്യചരിത്രം പുസ്തകമാക്കും. സ്തനാർബുദ നിർണയ ഗവേഷണം വിപുലമാക്കും. പരമ്പരാഗത നെല്ലിനങ്ങളുടെ സമഗ്ര വിവരശേഖരം തയാറാക്കും.
∙കൊല്ലത്ത് കേരള സർവകലാശാല പഠന ഗവേഷണ കേന്ദ്രം, കടൽ ഖനനത്തിന്റെ പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക വശങ്ങളെ പറ്റി സമഗ്ര പഠനം, ലോക സമാധാനത്തിന് രാജ്യാന്തര കോൺക്ലേവ്, യങ് സയന്റിസ്റ്റ് കോൺക്ലേവ് തുടങ്ങിയവ സംഘടിപ്പിക്കും.
വിദ്യാർഥികളുടെ പലായനം ഗൗരവതരമെന്ന് ഗവർണർ
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെട്ടതാണെങ്കിലും അഭ്യസ്തവിദ്യർ പുറത്തേക്കു പലായനം ചെയ്യുന്നതു ഗൗരവമായി കാണണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. അടിമ മനോഭാവമുള്ളവരെ സൃഷ്ടിക്കുന്ന നിലവിലുള്ള വിദ്യാഭ്യാസ രീതിക്കു പകരം നേതാക്കളെ രൂപപ്പെടുത്തുന്ന വിദ്യാർഥി കേന്ദ്രീകൃത സമ്പ്രദായമാണ് ആവശ്യം. ലഹരി വിപത്തിനെതിരെ പോരാടുന്നതിൽ വിദ്യാർഥികളും നയരൂപീകരണ വിദഗ്ധരും ഒരുപോലെ പങ്കാളികളാകണം. ചാൻസലർ എന്ന നിലയിൽ സെനറ്റ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.