
വികസനത്തിരയിലേറി വിഴിഞ്ഞം തുറമുഖം: 271 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രൂപയുടെ പദ്ധതിക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ പുലിമുട്ടു നിർമിക്കുന്നതിനുമാണു പദ്ധതി. 235 മീറ്റർ നീളമുള്ള പുലിമുട്ട്, 500 മീറ്റർ നീളമുള്ള ഫിഷറി ബെർത്ത് എന്നിവയ്ക്കായി 146 കോടി ചെലവിടും. നിലവിലുള്ള പുലിമുട്ടിൽനിന്നു 45 മീറ്റർ ചെരിവോടെ 250 മീറ്റർ നീളമുള്ള പുലിമുട്ട് നിർമിക്കാൻ 125 കോടി രൂപ മുടക്കും.
മത്സ്യബന്ധന ബോട്ടുകൾക്കു സുഗമമായി തുറമുഖത്തു പ്രവേശിക്കുന്നതിനു സൗകര്യമൊരുക്കാനാണ് ഇരു പദ്ധതികളും. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിന്റെ ഭാഗമായി നിശ്ചയിച്ച പദ്ധതികളാണിവ. രാജ്യാന്തര തുറമുഖവും അനുബന്ധ പുലിമുട്ടും നിർമിച്ചതു മൂലം മത്സ്യബന്ധന തുറമുഖത്തിനുണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കാനാണു പദ്ധതികൾ. രണ്ടിനും സംസ്ഥാന സർക്കാരാണു പണം മുടക്കുക. രാജ്യാന്തര തുറമുഖത്തിനായി നബാർഡിൽനിന്നു ലഭിച്ച 2100 കോടി രൂപ വായ്പയിൽ നിന്നുള്ള തുക പദ്ധതിക്കായി വിനിയോഗിക്കും.
കമ്മിഷനിങ് ഉടൻ
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങിനു പ്രധാനമന്ത്രിയുടെ തീയതി വൈകാതെ ലഭിക്കും. അടുത്ത മാസമാദ്യം തമിഴ്നാട്ടിലെത്തുമ്പോൾ കമ്മിഷനിങ്ങിനെത്താനുള്ള താൽപര്യം പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആ സമയത്തു പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ടു മധുരയിലാണ്. ഇതിനുശേഷം ഒരു ദിവസം നൽകാമെന്നാണ് ഇപ്പോൾ പിഎംഒ അറിയിച്ചിരിക്കുന്നത്.