ക്രിക്കറ്റ് 20–20 ലോകകപ്പിന്റെ ആവേശത്തിനൊപ്പമോ അതിനു മേലെയോ ആണ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ജനങ്ങൾക്കിടയിൽ. ടീമുകളുടെ ലൈനപ്പ് വിലയിരുത്തും പോലെ സ്ഥാനാർഥികൾ ആരാകും ജയസാധ്യതകൾ എന്തൊക്കെ എന്നിങ്ങനെ ചർച്ചകളും നാട്ടിൽ സജീവം.
സൂപ്പർ 8 പോലെ സസ്പെൻസ് ത്രില്ലറുകൾ പ്രതീക്ഷിക്കുന്ന ജില്ലയിലെ 3 മണ്ഡലങ്ങളിലെ ചർച്ചകൾ അറിയാം. കപ്പടിക്കാൻ മുന്നണികൾ കളത്തിലിറക്കുന്നത് ആരെയാകും?
പ്രവചനാതീതം പാറശാല
തിരുവനന്തപുരം ∙ പ്രത്യേകിച്ച് ഒരു പാർട്ടിയോടും മമത കാട്ടാത്ത മണ്ഡലമാണ് പാറശാലയെങ്കിലും കഴിഞ്ഞ 2 തവണ തുടർച്ചയായി വിജയം നേടിയത് എൽഡിഎഫിന്റെ പ്രതീക്ഷ നിലനിർത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തെളിഞ്ഞ ഭരണവിരുദ്ധ വികാരവും അടിത്തട്ടിൽ സംഘടനാ ശക്തി മെച്ചപ്പെടുത്തിയതുമാണ് യുഡിഎഫിന്റെ പ്രതീക്ഷ കൂട്ടുന്നത്. കഴിഞ്ഞ തവണ വോട്ടു വിഹിതം കുറഞ്ഞതിന്റെ ക്ഷീണം ഇക്കുറി മാറ്റുകയാണ് ബിജെപിയുടെ മുഖ്യ ലക്ഷ്യം.
പാർട്ടികൾക്കും അപ്പുറം വീറുറ്റ പോരാട്ടത്തിൽ രസം കാണുന്നവരാണു പാറശാലയിലെ വോട്ടർമാർ. ഔദ്യോഗിക സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി റിബലുകളെ ജയിപ്പിക്കാൻ പാറശാലക്കാർക്കു മടിയില്ല.
കുഞ്ഞൻ നാടാരും കുഞ്ഞുകൃഷ്ണൻ നാടാരും സുന്ദരൻ നാടാരുമൊക്കെ ഒറ്റയ്ക്കു പോരാടിയപ്പോൾ ജയിപ്പിച്ചു വിട്ടതും അതുകൊണ്ടാണ്. പാറശാലക്കാരെ പ്രവചിക്കുക എളുപ്പമല്ലെന്നു ചുരുക്കം.
2011ലെ മണ്ഡല പുനർനിർണയത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ എ.ടി.ജോർജ് എൽഡിഎഫിലെ ആനാവൂർ നാഗപ്പനോട് ജയിച്ചത് 505 വോട്ടുകൾക്കായിരുന്നു. 2016ൽ ജോർജിനെ 18,566 വോട്ടുകൾക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ അൻസജിത റസലിനെ 25,828 വോട്ടുകൾക്കും എൽഡിഎഫിലെ സി.കെ.ഹരീന്ദ്രൻ പരാജയപ്പെടുത്തി.
എൽഡിഎഫ്: 2 ടേം വ്യവസ്ഥ ഇത്തവണ ഇല്ലാത്തതിനാൽ വിജയസാധ്യതയുള്ള സ്ഥാനാർഥിയെന്ന നിലയിൽ സി.കെ.ഹരീന്ദ്രനെത്തന്നെ പാർട്ടി രംഗത്തിറക്കുമെന്നുറപ്പ്.
മലയോര ഹൈവേ, കുമ്പിച്ചൽക്കടവ് പാലം നിർമാണം, പാറശാല താലൂക്ക് ആശുപത്രിയുടെ വികസനം, മെച്ചപ്പെടുത്തിയ ഒട്ടേറെ റോഡുകൾ തുടങ്ങിയ നേട്ടങ്ങളാണ് വോട്ടർമാർക്കു മുന്നിൽ ഹരീന്ദ്രൻ വയ്ക്കുന്നത്. എന്നാൽ കരമന–കളിയിക്കാവിള പാതയുടെ വികസനത്തിനായി ഒന്നും ചെയ്യാനാകാത്തതിൽ ഹരീന്ദ്രനെ കുറ്റം പറയുന്നവരുണ്ട്.
യുഡിഎഫ്: സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലിന്റെയും കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാറിന്റെയും പേരുകളാണ് യുഡിഎഫ് പട്ടികയിൽ മുന്നിൽ.
ഡിസിസി ജനറൽ സെക്രട്ടറി മഞ്ചവിളാകം ജയകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബ്രമിൻ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അരുൺ, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി.അജയകുമാർ എന്നിവരുടെ പേരുകളും സ്ഥാനാർഥി നിർണയ ചർച്ചകളിലുണ്ട്. തിരുവനന്തപുരത്ത് മത്സരിക്കാനായില്ലെങ്കിൽ വി.എസ്.ശിവകുമാറിനെ അടുത്ത് പരിഗണിക്കുന്നത് പാറശാലയിലേക്കാണ്.
ബിജെപി: കഴിഞ്ഞ 2 തവണ പാറശാലയിൽ മത്സരിച്ച ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്റെ പേര് ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്.
പകരം പാറശാലയിൽ ജില്ലാ ജനറൽ സെക്രട്ടറി മഞ്ചവിളാകം പ്രദീപ്, സംസ്ഥാന കൗൺസിൽ അംഗം മഞ്ചവിളാകം കാർത്തികേയൻ, നെയ്യാർ ഗിരീഷ് എന്നിവരുടെ പേരിനൊപ്പം കഴിഞ്ഞ തവണ നെയ്യാറ്റിൻകരയിൽ മത്സരിച്ച ചെങ്കൽ രാജശേഖരൻ നായരെയും പരിഗണിക്കുന്നു.
ആരു നേടും നെടുമങ്ങാട്?
മന്ത്രി ജി.ആർ.അനിലിനെ പിടിച്ചുകെട്ടാൻ ആര് എന്നതാണ് നെടുമങ്ങാട് നിയമസഭ മണ്ഡലത്തിൽ ഇത്തവണ ഉയരുന്ന ചോദ്യം. എൽഡിഎഫിനു വേണ്ടി വീണ്ടും സിപിഐയുടെ ഈ നേതാവ് തന്നെയെന്ന് ഉറപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ തവണ 23,309 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ അനിൽ കൂടെക്കൂട്ടിയ മണ്ഡലം തിരിച്ചു പിടിക്കാൻ കരുത്തനായ പോരാളിയെ കണ്ടെത്താനുള്ള ചർച്ചകളിലാണ് കോൺഗ്രസ്. കരുത്തു തെളിയിച്ചിട്ടുള്ള മണ്ഡലത്തിൽ ബിജെപിയും വലിയ പ്രതീക്ഷ വയ്ക്കുന്നു.
ജില്ലയിൽ എൽഡിഎഫിനു നല്ല സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നായി അറിയപ്പെടുന്ന നെടുമങ്ങാടിൽ 1970ന് ശേഷം യുഡിഎഫിനായി അട്ടിമറിജയം നേടിയിട്ടുള്ളത് കോൺഗ്രസിന്റെ പാലോട് രവി മാത്രം.
1987 മുതൽ 2016 വരെയും യുഡിഎഫിന്റെ സ്ഥിരം സ്ഥാനാർഥിയായിരുന്ന അദ്ദേഹം 3 തവണ ജയിച്ചപ്പോൾ 3 തവണ തോറ്റു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് ലീഡ് നേടാൻ കഴിഞ്ഞതാണ് യുഡിഎഫിനു പ്രതീക്ഷയേകുന്നത്.
എൽഡിഎഫ്: മന്ത്രി ജി.ആർ.അനിൽ സീറ്റ് ഉറപ്പിച്ചതിനാൽ അനൗദ്യോഗിക പ്രചാരണ പരിപാടികളും മുന്നൊരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ അനിൽ രണ്ടാം തവണയാണ് മത്സരിക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് നഗരസഭയിലും മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഭരണം നേടാനായത് ആത്മവിശ്വാസം വർധിപ്പിക്കുന്നു.
യുഡിഎഫ്:കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷെഫീർ, വൈസ് പ്രസിഡന്റ് എം.എ.വാഹിദ്, മുതിർന്ന നേതാവ് ജി.സുബോധൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിൽ ഉണ്ട്. ഒരു തവണ കൂടി പോരിനിറങ്ങാനുള്ള താൽപര്യം പാലോട് രവിയും നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ജില്ലാ പഞ്ചായത്ത് അംഗമായ സുധീർഷാ പാലോടിന്റെ പേരും ചർച്ചകളിലുണ്ട്.
ബിജെപി:യുവ നേതാവ് യുവരാജ് ഗോകുലിന്റെ പേരാണു മുഖ്യ പരിഗണയിൽ. പാർട്ടി നിർദേശം നൽകി കഴിഞ്ഞെന്നാണു വിവരം.
മണ്ഡലത്തിലുൾപ്പെട്ട കരിപ്പൂർ സ്വദേശിയും തിരുവനന്തപുരം മേയറുമായ വി.വി.രാജേഷ് 2016ൽ 23.22% വോട്ട് നേടിയ മണ്ഡലത്തിൽ 2021ൽ17.5% ആയി കുറഞ്ഞെങ്കിലും ഇനിയും അദ്ഭുതങ്ങൾക്കു സാധ്യതയുണ്ടെന്നാണ് പാർട്ടി പ്രതീക്ഷ.
എല്ലാ കണ്ണുകളും കഴക്കൂട്ടത്തേക്ക്
പാർട്ടിയുടെ ടേം വ്യവസ്ഥയും ശബരിമല സ്വർണപ്പാളി ആരോപണവും മറികടന്നു കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുമോ എന്ന ചോദ്യം കൊണ്ട് ഇത്തവണ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണു കഴക്കൂട്ടം.
കടകംപള്ളിയെ തന്നെ ജില്ലാ നേതൃത്വം ശുപാർശ ചെയ്തിരിക്കുന്നു. ആക്ഷേപമല്ലാതെ, കേസില്ലാത്തതിനാൽ മറിച്ചൊരു തീരുമാനം സംസ്ഥാന നേതൃത്വവും എടുക്കാനിടയില്ല.
ബിജെപി കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ, പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും വി.മുരളീധരൻ വീണ്ടും മത്സരിക്കുമെന്ന പ്രതീതിയാണുള്ളത്. യുഡിഎഫിനു കാര്യമായ പ്രകടനം നടത്താൻ കഴിയാതെ പോയ മണ്ഡലത്തിൽ 2021ലെ സ്ഥാനാർഥി ഡോ.എസ്.എസ്.ലാലിന് ഇത്തവണ മണ്ഡലത്തിൽ താൽപര്യമില്ലെന്നാണു വിവരം.
23497 വോട്ടിന്റെ ഭൂരിപക്ഷമുള്ള മണ്ഡലമാണെന്നതാണ് ഏതു പ്രതികൂല സാഹചര്യത്തിലും എൽഡിഎഫിന്റെ ആത്മവിശ്വാസം.
എൽഡിഎഫ്: യുഡിഎഫിന്റെ കയ്യിലിരുന്ന മണ്ഡലം 2016ൽ 7347 വോട്ടിനു കടകംപള്ളി സുരേന്ദ്രൻ പിടിച്ചെടുത്തതാണ്. 2021ൽ ഭൂരിപക്ഷം മൂന്നിരട്ടിയിലധികം ഉയർത്തി.
46.04% വോട്ടാണു 2021ൽ നേടിയത്. കടകംപള്ളിയെ ഏതെങ്കിലും സാഹചര്യത്തിൽ പരിഗണിക്കുന്നില്ലെങ്കിൽ മാത്രം കോർപറേഷനിലെ പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക്കിന്റെ പേര് വന്നേക്കും.
ബിജെപി: 2016ൽ വി.മുരളീധരന്റെ കടന്നുവരവോടെ ബിജെപിക്കു വലിയ മുന്നേറ്റമുണ്ടായ മണ്ഡലമാണ്.
2011ൽ നേടിയ 6.9% വോട്ടിൽ നിന്നാണു മുരളീധരൻ 31.9% ആയി ബിജെപിയുടെ വോട്ട് ഉയർത്തിയത്. രണ്ടാം സ്ഥാനത്തും എത്തി.
2011ൽ ശോഭാ സുരേന്ദ്രനായിരുന്നു സ്ഥാനാർഥി. രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും മുരളീധരനെക്കാൾ മികച്ച പ്രകടനം (29.06%) നടത്താൻ ശോഭയ്ക്കായില്ല.
യുഡിഎഫ്: തുടർച്ചയായി രണ്ടു തവണ മൂന്നാം സ്ഥാനത്താണെങ്കിലും ഒരുപിടി പേരുകൾ യുഡിഎഫിൽനിന്ന് ഇത്തവണ ഉയർന്നിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോഓർഡിനേറ്ററും കെപിസിസി അംഗവുമായ ജെ.എസ്.അഖിൽ, കെപിസിസി മുൻ അംഗം ഡി.സുദർശനൻ എന്നിവരുടെ പേരുകൾ ചർച്ചകളിലുണ്ട്. അടുത്തിടെ സിപിഎം ക്യാംപ് വിട്ട
നടൻ പ്രേംകുമാറിന്റെ പേരും അന്തരീക്ഷത്തിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

