തിരുവനന്തപുരം ∙ ചിത്രത്തിൽ കാണുന്നത് ഒന്നര കോടി മുടക്കി കോർപറേഷൻ നവീകരിച്ച കുളം ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?. അങ്ങനെ വിശ്വസിക്കാൻ നിവൃത്തിയില്ലാതെ ജനം പ്രതിഷേധിച്ചത് കാരണം പേരൂർക്കട
വാർഡിലെ കോട്ടിലക്കോണം കുളത്തിന്റെ ഉദ്ഘാടനം നടത്താൻ കോർപറേഷൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഉദ്ഘാടന മാമാങ്കം നടത്താനുള്ള തത്രപ്പാടിനിടയിൽ നവീകരണം നടത്തിയോ ഇല്ലയോ എന്നൊന്നും പരിശോധിക്കാൻ സമയം കിട്ടാതെയാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചത് എന്നാണ് ആക്ഷേപം.
കാടുമൂടിക്കിടന്ന കോട്ടിലക്കോണം കുളത്തിന്റെ നവീകരണം നിലവിലെ ഭരണ സമിതി വന്ന ശേഷമാണ് ആരംഭിച്ചത്. ആദ്യം ഒരു കോടി അനുവദിച്ചു.
വശങ്ങളിൽ കോൺക്രീറ്റ് ഭിത്തിയും ഫെൻസിങും മറ്റും സ്ഥാപിച്ചപ്പോൾ പണം തീർന്നു. രണ്ടാമത് അരക്കോടി കൂടി അനുവദിച്ചു.
കുളത്തിലെ ചെളിയും മറ്റും നീക്കിയെന്ന് കരാറുകാരൻ അവകാശപ്പെട്ടതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചു. മേയർ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് നോട്ടിസും അച്ചടിച്ചു.
പാഴ് ചെടികൾ വളർന്ന് ഉപയോഗിക്കാൻ പറ്റാതെ കിടക്കുന്ന കുളത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനെതിരെ നാട്ടുകാരും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി..
വേദി ഒരുക്കാൻ നിശ്ചയിച്ച സ്ഥലത്ത് അവർ പ്രതിഷേധ യോഗം ചേർന്നതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങ് നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ചെളി പൂർണമായി നീക്കം ചെയ്ത് കുളം ഉപയോഗ പ്രദമാക്കണമെങ്കിൽ ഇനിയും പണം മുടക്കേണ്ട
അവസ്ഥയാണ്.
മുൻപ് കൃഷി ആവശ്യങ്ങൾക്കും കുളിക്കാനും ഉപയോഗിച്ചിരുന്ന കുളമാണ് കോർപറേഷന്റെ അനാസ്ഥയിൽ നശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. 1.48 ഏക്കർ ഉണ്ടായിരുന്ന കുളത്തിന്റെ വിസ്തൃതി കുറഞ്ഞതായും നാട്ടുകാർ ആരോപിച്ചു.തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് പൂർത്തിയാകാത്ത പദ്ധതികളുടെയും ഉദ്ഘാടനം നടത്തുകയാണെന്ന് പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങൾക്കിടെയാണ് കോട്ടിലക്കോണം കുളത്തിന്റെ ഉദ്ഘാടനം മാറ്റിവയ്ക്കേണ്ടി വന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

