വർക്കല∙ ഇടവ-നടയറ കായലിലെ മത്സ്യത്തൊഴിലിൽ സജീവമായിരുന്ന പലരും നിലവിൽ ഈ മേഖലയിൽ നിന്ന് അകലുന്നതായി കണക്കുകൾ. മേഖലയിൽ ഒരു സമയം 200ൽ കുറയാതെ ആളുകൾ ഉപജീവന മാർഗം കണ്ടെത്തിയ മത്സ്യബന്ധനത്തിൽ നിന്ന് ഇതിനകം ഒട്ടേറെ പേർ പിൻവാങ്ങി.
പേരിനു മാത്രം വലയെറിഞ്ഞും പിന്നീട് മറ്റു തൊഴിലു കൂടി ചെയ്യേണ്ട സ്ഥിതിയിൽ കഴിയുന്നവർ ഏറെയുണ്ട്.
എന്നാൽ മൂന്നോ നാലോ പതിറ്റാണ്ടു മുൻപ് കായൽ കരിമീൻ, ചെമ്മീൻ അടക്കം മത്സ്യങ്ങൾ വലിയ തോതിൽ ലഭിച്ച കായലോരം. രാവിലെ മുതൽ ഹരിഹരപുരം കായലോരത്ത് ലേലം വിളി നടന്ന ഒരു കാലമുണ്ടായിരുന്നു.
പിന്നീട് കായൽ കേന്ദ്രീകരിച്ചു സജീവമായ മണൽകടത്ത് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ അട്ടിമറിച്ചു .
മത്സ്യസമ്പത്ത് ഇല്ലാതാകാൻ പ്രധാന കാരണമായി. മണലൂറ്റ് കായലുകളിലെ മത്സ്യ പ്രജനനത്തെ കാര്യമായി ബാധിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കരിമീൻ അടക്കമുള്ളവയുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. മത്സ്യങ്ങളുടെ ഉൽപാദനം വർധിപ്പിക്കാൻ മത്സ്യക്കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കുന്ന പദ്ധതിയും ഫലപ്രദമല്ലാതായി.
കായലോരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില റിസോർട്ട് സ്ഥാപനങ്ങൾ അവരുടെ സൗകര്യാർഥം വലകെട്ടി തിരിച്ചു കരിമീൻ വളർത്തുന്നത് ഒഴിച്ചാൽ വലിയതോതിലുള്ള മത്സ്യോൽപാദനത്തിനു കാര്യമായ വഴികളൊന്നും ഇതുവരെ തെളിഞ്ഞിട്ടില്ല.
ഉൾനാടൻ മത്സ്യബന്ധന സാധ്യതകളെ ഫലപ്രദമായ രീതിയിൽ ശക്തിപ്പെടുത്തുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി സർക്കാർ തലത്തിൽ പദ്ധതികൾ ഒട്ടേറെയുണ്ട്. എന്നാൽ ഇത്തരം ഏജൻസികളുടെ ശാസ്ത്രീയമായ പഠനങ്ങളും ഇടപെടലും ഇവിടങ്ങളിൽ ഉണ്ടാകുന്നില്ല.
ജലപാത സർവേയ്ക്കായി കായലിൽ അങ്ങിങ്ങു സ്ഥാപിച്ച തെങ്ങ് കുറ്റികൾ കാലപ്പഴക്കത്തിൽ ദ്രവിച്ചു ജലനിരപ്പിനു അടിഭാഗത്ത് തന്നെ നിൽക്കുന്നുണ്ടെന്നു പറയുന്നു. ഇവയിൽ മത്സ്യബന്ധന വലകൾ തട്ടി മുറിയുന്നതും തൊഴിലാളികളെ ബാധിക്കുന്നുണ്ട്. മത്സ്യസമ്പത്ത് കുറയുകയും ഒപ്പം സർക്കാർ തലത്തിലെ ആനുകൂല്യങ്ങൾ കൂടി ഇല്ലാതായതുമാണ് മറ്റു ജോലികൾക്കു ഉൾനാടൻ മത്സ്യത്തൊഴിലാളികളെ നിർബന്ധിതരാക്കുന്നത്. മുൻകാലങ്ങളിൽ വീട് നിർമാണം, മെയിന്റനൻസ്, ചികിത്സ ചെലവ് എന്നിങ്ങനെ ഒട്ടേറെ ആനുകൂല്യങ്ങൾ സർക്കാരിൽ നിന്നു ലഭിച്ചിരുന്നു.
പഞ്ചായത്തുകൾ വഴി കടൽ മത്സ്യത്തൊഴിലാളികൾക്ക് വർഷാവർഷം ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ അവഗണന നേരിട്ടു. മറൈൻ മത്സ്യബന്ധന തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് നൽകുന്ന പരിഗണന ഉൾനാടൻ തൊഴിലാളികൾക്കും ലഭിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും സംഘടിത യൂണിയനുകൾ ഇല്ലെന്നതും ഇവർക്കു തിരിച്ചടിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

