കിളിമാനൂർ∙ കരാർ നൽകി 6 മാസം ആയിട്ടും ഫണ്ട് അനുവദിക്കാതെ സർക്കാർ, ഫണ്ട് അനുവദിക്കാത്തതിനാൽ റോഡ് നവീകരണം നടത്താതെ കരാറുകാരൻ.കിളിമാനൂർ പഞ്ചായത്തിൽ പത്താം വാർഡിലെ പുതിയകാവ് –വർത്തൂർ പുല്ലയിൽ റോഡ് നവീകരണത്തിനു കരാർ നൽകിയത് 2025 മാർച്ച് 29നാണ്. 6 മാസത്തിനകം പണി പൂർത്തിയാക്കണമെന്ന കരാറിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കും. സംസ്ഥാന സർക്കാരിന്റെ ഗ്രാമവികസന ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നവീകരണത്തിനു 40 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്.
കരാർ നൽകി 6 മാസം ആയിട്ടും ഫണ്ട് അനുവദിച്ചില്ലെന്ന് മാത്രമല്ല ബിൽ തയാറാക്കാനുള്ള സൈറ്റ് പോലും ഓപ്പൺ ചെയ്തിട്ടില്ല.
കരാർ അനുസരിച്ച് നവീകരണം പൂർത്തിയാക്കിയാൽ ഫണ്ട് ലഭിക്കുമോ എന്നു പോലും നിശ്ചയമില്ലെന്നാണ് കരാറുകാരൻ പറയുന്നത്.റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് ജനങ്ങൾ എംഎൽഎ, പഞ്ചായത്ത് അംഗം എന്നിവരോട് പരാതി പറയുമ്പോൾ റോഡ് നവീകരണത്തിനു 40 ലക്ഷത്തിന്റെ കരാർ നൽകിയെന്നും, കരാറുകാരൻ പണി നടത്തുന്നില്ല എന്ന മറുപടിയാണ് ലഭിക്കുക. ഫണ്ട് അനുവദിക്കാതെയാണു കരാർ നൽകിയത് എന്നതിനെ കുറിച്ച് ആരും പറയുന്നില്ല.
സർക്കാരിന്റെ ഗ്രാമ വികസന ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നവീകരണം നടത്തിയ കരാറുകാർക്ക് ആർക്കും തന്നെ ഫണ്ട് അനുവദിച്ചില്ലെന്നും ഈ മേഖലയിൽ ഉള്ളവർ പറയുന്നു.
മെറ്റലും ടാറും ഇളകി റോഡ് തകർന്നിട്ട് വർഷങ്ങളായി. മഴയത്ത് ചെളി നിറഞ്ഞാൽ കാൽനട
പോലും അസാധ്യം. വേനൽക്കാലത്ത് പൊടിശല്യവും ഉണ്ട്.
റോഡിലെ നീരൊഴുക്ക് ഉള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നതിനും നീരൊഴുക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ ടാറിങ് നടത്താനുമാണ് കരാർ നൽകിയത്. കരാർ കാലാവധി കഴിഞ്ഞാൽ കരാറിന്റെ കാലാവധി നീട്ടുകയല്ലാതെ കരാറുകാരന്റെ പേരിൽ നടപടി എടുക്കാനാവില്ലന്നാണ് ഉദ്യോഗസ്ഥതലത്തിൽ നിന്നു ലഭിക്കുന്ന മറുപടി.
കരാർ നൽകിയ റോഡിന് ഫണ്ട് അനുവദിച്ച് നവീകരണം പൂർത്തിയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]