തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ നിർദേശവും ഡിജിപിയുടെ സർക്കുലറുമൊക്കെ ഇഷ്ടം പോലെയുണ്ട്. സ്റ്റേഷൻ പരിസരത്തു കിടക്കുന്ന വാഹനങ്ങൾ ‘യഥാസമയം’ ലേലം ചെയ്തു സർക്കാരിലേക്ക് മുതൽക്കൂട്ടുകയും ഇപ്പോൾ തുരുമ്പു പിടിച്ചു കിടക്കുന്ന സ്റ്റേഷൻ പരിസരം ഭംഗിയുള്ള സ്ഥലമാക്കി മാറ്റണമൈന്നുമൊക്കെയാണ് നിർദേശം.
‘സ്റ്റേഷൻ പരിസരത്ത് പൂന്തോട്ടം…’ എത്ര മനോഹരമായ സ്വപ്നങ്ങൾ എന്നല്ലാതെ പൊലീസ് സ്റ്റേഷനിൽ പൂന്തോട്ടം കാണാൻ കഴിയുമെന്ന് ഒരു ഉറപ്പുമില്ല. ഡിജിപിയുടെ സർക്കുലറിൽ പറയുന്ന ‘യഥാസമയം’ എന്നതിന് എത്ര കാലം പഴക്കമുണ്ടെന്നെന്നും ആർക്കുമറിയില്ല.
പൊലീസ് സ്റ്റേഷനും കഴിഞ്ഞ് റോഡിലേക്കും വ്യാപിച്ചാണ് തുരുമ്പിച്ച വാഹനങ്ങളുടെ കിടപ്പ്. സ്റ്റേഷൻ പരിസരത്ത്, വാഹനങ്ങൾക്കുള്ളിൽ നിന്നുവരെ വൻമരങ്ങൾ വേരുപടർത്തിക്കഴിഞ്ഞു.
വിചാരിച്ചാൽ നടക്കും, പക്ഷേ, വിചാരിക്കില്ല
റൂറൽ ജില്ലയിൽ ഡിഐജി അജിതാ ബീഗവും എസ്പി കെ.എസ്.
സുദർശനും റൂറൽ മേഖലയിലെ 40 സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും ഒരുപോലെ പണിയെടുത്തതോടെ ഇൗ കഴിഞ്ഞദിവസം ലേലം ചെയ്തത് 887 വാഹനങ്ങളാണ്. 65 ലക്ഷം രൂപ ഇതുവഴി ഖജനാവിലെത്തി.
കേന്ദ്രസർക്കാരിന്റെ മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ (എംഎസ്ടിസി) വഴിയാണ് ലേലം ചെയ്യേണ്ടത്. ആരും തേടിവരാത്ത അനാഥ വാഹനങ്ങളുടെ ഗണത്തിൽപ്പെടുന്നവയാണ് ഇപ്പോൾ ലേലം ചെയ്തത്.
വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്, വ്യാജ ആർസി ബുക്കാണെന്ന് കണ്ടെത്തിയവ, പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നവരുടെ വാഹനമൊക്കെയുണ്ട് ഇതിൽ. ലേലം ചെയ്ത വാഹനങ്ങളിൽ ചിലതിന് ഒരേ നമ്പറുകളാണ്.
ലേലം വിളി വൈകാൻ കാരണം പൊലീസിന്റെ ജോലി ഭാരം
വാഹനങ്ങൾക്ക് ഉടമകളുണ്ടെങ്കിൽ മൂന്ന് തവണ നോട്ടിസ് അയച്ചതിന് ശേഷം 1 മാസം കഴിഞ്ഞ് തന്നെ ലേലത്തിലേക്ക് കടക്കാമെങ്കിലും പൊലീസിലെ ജോലി ഭാരം കാരണം സ്റ്റേഷനുകളിൽ ആരും ഇതിന് മെനക്കെടാറില്ല.
ഇത്തരത്തിൽ റൂറൽ ജില്ലയിൽ ഇനിയും ഏകദേശം നാലായിരം വാഹനങ്ങളുണ്ട്. സിറ്റി മേഖലയിലും വരും നാലായിരത്തിലധികം വാഹനങ്ങൾ.
256 എണ്ണം ലേലം ചെയ്യാനൊരുങ്ങുന്നു. ലഹരി വ്യാപകമായതോടെ ലഹരി കേസിൽ പിടിക്കുന്ന വാഹനങ്ങളും ഏറെയാണ്.
ഇത് ഉപയോഗിക്കുന്നതിനായി ലേലം ചെയ്യാം.
കോടതിയിലുള്ള കേസിലെ തൊണ്ടിമുതലുകളാണ് ലേലം ചെയ്യാൻ കോടതിയുടെ അനുമതി വേണ്ടത്. എന്നാൽ ലേലം ചെയ്ത് ആ തുക സൂക്ഷിച്ചിരുന്നാൽ ആരെങ്കിലും തേടി വന്നാൽ ആ പണം കൈമാറിയാൽ മതിയെങ്കിലും പൊലീസിന്റെ ജോലിക്കൂടുതലും ഫയലിലെ കുരുക്കുകൾ അഴിക്കാനുള്ള മടിയും ചേരുന്നതോടെ വാഹനങ്ങളുടെ എണ്ണം പെരുകും.
ലേലം ചെയ്യുന്തോറും ദിവസവും പുതിയ കേസുകളിൽ വാഹനങ്ങൾ വന്നുചേരുന്നതോടെ ഇതിനായി പ്രത്യേക വിഭാഗം തന്നെ സ്റ്റേഷനിൽ സജ്ജമാക്കണമെന്നതാണ് പുതിയ നിർദേശം.
വഴി എളുപ്പമാകാൻ വരണം, ഏകജാലകം
പിടികൂടുന്ന വാഹനങ്ങളിൽ മണ്ണ് കേസുകളിൽ പെടുന്നതിന് റവന്യു വകുപ്പും ലഹരി കേസ് ആണെങ്കിൽ എക്ൈസസും മറ്റും കേസുകളിൽ പൊലീസും സർക്കാർ വാഹനങ്ങളാണെങ്കിൽ അതത് വകുപ്പുകളുമാണ് പൊലീസുമായി സഹകരിക്കേണ്ടത്. അത് പലപ്പോഴും സമയത്ത് നടക്കാറില്ല.
വകുപ്പുകളുടെ പിടിവാശിയാണ് ഇതിന് കാരണം. അങ്ങോട്ടും ഇങ്ങോട്ടും കത്തയച്ചും റിപ്പോർട്ട് തേടിയും വർഷങ്ങളോളം ഫയലിൽ ഇരിക്കുമ്പോൾ വാഹനം തുരുമ്പെടുത്തു തീരും.
പൊലീസ് പിടികൂടുന്ന വാഹനങ്ങളിൽ നടപടിയെടുത്ത് പെട്ടെന്ന് ലേലത്തിലേക്ക് പോകുന്നതിന് ഒരു പ്രത്യേക വിഭാഗം തുടങ്ങണമെന്നാണ് ഉയരുന്ന ആവശ്യം.
സ്റ്റേഷൻ കടന്ന് റോഡിലിറങ്ങും
സ്റ്റേഷൻ പരിസരം നിറഞ്ഞാൽ പിന്നെ പിടികൂടുന്ന വാഹനങ്ങൾ സ്റ്റേഷന്റെ മുന്നിലെ റോഡിലേക്ക് ഇറങ്ങും. അത് ദേശീയപാതയായാലും എംസി റോഡായാലും പറഞ്ഞിട്ട് കാര്യമില്ല.
പൊലീസിനോട് ചോദ്യമില്ല. ഇൗ തുരുമ്പിച്ച് കിടക്കുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ രാത്രി ഇതിലേക്ക് വാഹനം ഇടിച്ചുകയറുന്ന സംഭവങ്ങളുമുണ്ട്.ഏകദേശം 600ൽ അധികം വാഹനങ്ങളാണ് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.
ഇതിൽ ഇരുന്നൂറോളം വാഹനങ്ങൾ പൂർണമായും ദ്രവിച്ചു നശിച്ചു കഴിഞ്ഞു. നെടുമങ്ങാടും വിഴിഞ്ഞത്തും കല്ലമ്പലത്തും ആറ്റിങ്ങലുമൊക്കെ സ്റ്റേഷനുകളും നിറഞ്ഞുകവിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]