
തിരുവനന്തപുരം ∙ 27 വർഷം നീണ്ട വാടക വീട്ടിലെ ദുരിതജീവിതത്തിന് വിരാമം.
ചലന പരിമിതയായ ഇന്ദിരയും ബൗദ്ധിക പരിമിതിയുള്ള മകൻ രാഹുലും ഇനി സുരക്ഷിതത്വത്തിന്റെ തണലിൽ. ഡിഫറന്റ് ആർട് സെന്ററിന്റെ (ഡിഎസി) ‘മാജിക് ഹോം’ പദ്ധതിയുടെ ഭാഗമായി നിർമിച്ച അഞ്ചാമത്തെ വീടിന്റെ താക്കോൽ വക്കം അടിവാരത്ത് വച്ച് ഇവർക്ക് കൈമാറി.
നിറകണ്ണുകളോടെയാണ് ഇന്ദിര പുതിയ ജീവിതത്തിലേക്ക് കടന്നു കയറിയത്.
വീടിന്റെ താക്കോൽ സംവിധായകനും ഡിഎസി രക്ഷാധികാരിയുമായ അടൂർ ഗോപാലകൃഷ്ണൻ ഇന്ദിരയ്ക്കും രാഹുലിനും കൈമാറി. ഡിഎസി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ, എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, സംസ്ഥാന ഭിന്നശേഷി വികസന കോർപറേഷൻ ചെയർപേഴ്സൺ അഡ്വ.
എം.വി. ജയഡാളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദേശീയ അവാർഡ് ജേതാവും ഗായകനുമായ ആദിത്യ സുരേഷിന്റെ സംഗീതാലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
ഏഴ് മാസം മുൻപാണ് ഇന്ദിരയുടെ കാഴ്ചപരിമിതനായ ഭർത്താവ് മരിച്ചത്. അതോടെ രണ്ട് മക്കളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത്, വാടക കൊടുക്കാനാവാതെ കഷ്ടപ്പെടുമ്പോഴാണ് മാജിക് ഹോം പദ്ധതിയിലൂടെ വീടിന് ഇവർ അർഹരാകുന്നത്.
ഭൂമി നൽകിയ വക്കം സ്വദേശി ഷക്കീബിനെയും നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച റിയാദ് റഷീദിനെയും ചടങ്ങിൽ മെമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.
‘എന്റെ കാലശേഷം എന്റെ മക്കൾക്ക് സുരക്ഷിതമായി ജീവിക്കാൻ ഒരു തുണ്ട് ഭൂമിയും സ്വർഗം പോലൊരു വീടും കിട്ടിയല്ലോ.
മക്കളെയും ചേർത്ത് പിടിച്ച് തൊഴുത്തിൽ വരെ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ വലിയ സ്വപ്നമാണ് മുതുകാട് സാറിന്റെ സുമനസ്സുകൊണ്ട് വന്നുചേർന്നത്’– നിറകണ്ണുകളോടെ ഇന്ദിര പറഞ്ഞു.
വക്കത്തെ ബഡ്സ് സ്കൂളിൽ പഠിക്കുന്ന 30കാരനായ രാഹുലിന് പുറമേ ഒരു മകൻ കൂടി ഇന്ദിരയ്ക്കുണ്ട്. ഡിഎസി വിലയ്ക്ക് വാങ്ങിയ മൂന്ന് സെന്റ് ഭൂമിയിലാണ് 540 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഭിന്നശേഷി സൗഹൃദ വീട് നിർമിച്ചത്.
റാമ്പ്, ഭിന്നശേഷി സൗഹൃദ ശുചിമുറി തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഡിഎസി മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയിൽ 14 ഭിന്നശേഷി സൗഹൃദ വീടുകളാണ് നിർമിച്ച് നൽകുന്നത്. നിലവിൽ കാസർകോട്, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ വീടുകൾ പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്.
ഈ ഭിന്നശേഷി സൗഹൃദ വീടുകൾ മാതൃകയാക്കി കൂടുതൽ ആളുകൾക്ക് ഇത്തരത്തിൽ വീടുകൾ നിർമിച്ചു നൽകാൻ ജീവകാരുണ്യ സംഘടനകൾക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഓൾ കേരള പ്രവാസി അസോസിയേഷൻ മുൻ പ്രസിഡന്റ് വക്കം ജയലാൽ സ്വാഗതവും സ്പെഷൽ എജ്യൂക്കേഷൻ ടീച്ചർ ദിവ്യ നന്ദിയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]