
തിരുവനന്തപുരം∙ ഓണക്കാലത്ത് ടൈഡ് ഓവർ വിഹിതത്തിന്റെ വിലയായ കിലോഗ്രാമിന് 8.30 രൂപയ്ക്ക് അരി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും ഒരു മണി അരി പോലും അധികമായി നൽകാൻ കേന്ദ്രം തയാറായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വേണമെങ്കിൽ സ്വകാര്യ കമ്പനികൾക്കുള്ള നിരക്കിൽ വാങ്ങിക്കൊള്ളണം എന്നാണു കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചത്.
കോവിഡ് പോലുള്ള ദുരന്തഘട്ടങ്ങളിലും സൗജന്യനിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകാതിരിക്കുന്ന സമീപനം സ്വീകരിച്ചിട്ടുള്ള കേന്ദ്രത്തിൽ നിന്നു മറ്റൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എന്തു തടസ്സങ്ങളുണ്ടായാലും സാധാരണക്കാരന് ആശ്വാസമേകുന്ന നടപടിയിൽനിന്നു സർക്കാർ പിന്നോട്ടുപോകില്ല.
കേന്ദ്രനിലപാട് നോക്കിയല്ല സംസ്ഥാനം കാര്യങ്ങൾ ചെയ്യുന്നത്.
അർഹമായ വിഹിതം ലഭിക്കാത്തതിന്റെ പ്രയാസങ്ങളുണ്ടായിട്ടും വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കു തടസ്സമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാല വിൽപന ഉൾപ്പെടെ ഈ മാസം സപ്ലൈകോ 300 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കഴിഞ്ഞ മാസം 168 കോടി രൂപയുടേതായിരുന്നു വിൽപന.
ഈ മാസം ഇതുവരെ 196.75 കോടി രൂപയുടെ വിൽപന നടന്നെന്നും മന്ത്രി പറഞ്ഞു.
ചെറുവാരക്കോണം സ്വദേശി ലീലയ്ക്കു നൽകി ആദ്യവിൽപന മുഖ്യമന്ത്രി നിർവഹിച്ചു. ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഡപ്യൂട്ടി മേയർ പി.കെ.രാജു, സിമി ജ്യോതിഷ്, മാങ്കോട് രാധാകൃഷ്ണൻ, ഭക്ഷ്യപൊതുവിതരണ സെക്രട്ടറി എം.ജി.രാജമാണിക്യം, ഭക്ഷ്യപൊതുവിതരണ കമ്മിഷണർ കെ.ഹിമ, സപ്ലൈകോ എംഡി അശ്വതി ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.
ജില്ലാതല ഓണച്ചന്തകളുടെ ഉദ്ഘാടനം ഇന്നും നാളെയുമായി നടക്കും. നിയോജകമണ്ഡലങ്ങളിലേക്കുള്ള സഞ്ചരിക്കുന്ന ഓണച്ചന്തകളുടെ പ്രയാണവും ആരംഭിച്ചു.
സൗജന്യ ഓണക്കിറ്റ് ഇന്നു മുതൽ
റേഷൻകടകൾ വഴി മഞ്ഞ കാർഡ് ഉടമകൾക്കു നൽകുന്ന സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ഇന്നു മുതൽ നടക്കും.
അനാഥമന്ദിരങ്ങൾ ഉൾപ്പെടെയുള്ള ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]