ആറ്റിങ്ങൽ ∙ പട്ടണത്തിലെ ഗതാഗത പരിഷ്കരണം സംബന്ധിച്ച തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാനങ്ങൾ തുടക്കം മുതൽ തന്നെ അട്ടിമറിക്കുന്ന സമീപനമാണ് ഒരു വിഭാഗം തുടരുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
ഇത്തവണ തീരുമാനം നടപ്പിലാക്കുന്നതിൽ നിന്ന് ചില വകുപ്പുകൾ മലക്കം മറിഞ്ഞ് നിഷ്ക്രിയ നിലപാടാണ് തുടരുന്നത്. പാലസ് റോഡ് വൺവേ ആക്കുന്നതും, വിവിധയിടങ്ങളിൽ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുന്നതും അടക്കമുള്ള തീരുമാനങ്ങൾ ജൂൺ ഒന്നു മുതൽ നടപ്പാക്കാൻ മേയ് മാസത്തിൽ കൂടിയ ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാനം അട്ടിമറിച്ചത് വിവാദമായിരുന്നു.
ജൂലൈ 5 ന് വീണ്ടും യോഗം കൂടി 19 മുതൽ പരിഷ്കരണം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതും നടപ്പാക്കാൻ അധികൃതർക്കായില്ല. പരിഷ്കരണം നടപ്പിലാക്കേണ്ട
പൊലീസിലും മോട്ടർ വാഹനവകുപ്പിനും ,പൊതുമരാമത്ത് വകുപ്പിലും അനിശ്ചിതത്വം തുടരുകയാണ് .ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാനം നടപ്പിലാക്കണമെന്ന് നഗരസഭ അധികൃതർ വകുപ്പുകൾക്ക് പലതവണ കർശന നിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിക്കുന്നതായി നഗരസഭ അധികൃതർ ആരോപിക്കുന്നു. ചില ഉന്നത ഇടപെടലുകൾ കാരണമാണ് ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാനം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ വൈകുന്നത് എന്ന ആരോപണം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം നഗരസഭയിൽ വിവിധ വകുപ്പുകളിലെ പ്രതിനിധികളെ വിളിച്ചു വരുത്തി ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാനം നടപ്പിലാക്കണമെന്ന് കർശന നിർദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല.
വിവിധയിടങ്ങളിൽ സ്ഥാപിക്കേണ്ട ബോർഡുകൾ ഇല്ലെന്നായിരുന്നു വകുപ്പുകൾ ആദ്യം ഉന്നയിച്ച വാദം.
ഒടുവിൽ നഗരസഭ തന്നെ ഇടപെട്ട് ദിവസങ്ങൾക്ക് മുൻപ് ബോർഡുകൾ നിർമിച്ചു നൽകി . എന്നിട്ടും ബോർഡുകൾ സ്ഥാപിക്കുന്ന നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
വിചിത്ര വാദവുമായി വകുപ്പുകൾ
ആറ്റിങ്ങൽ∙ സ്വകാര്യ ബസ് ജീവനക്കാർക്ക് പരാതിയുണ്ടെന്നാണ് ഗതാഗത പരിഷ്കരണ സമിതിയിലെ കൺവീനർ കൂടിയായ പൊലീസ് പറയുന്നത്.
ഗതാഗത പരിഷ്കരണം നടപ്പിലാക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്.പാലസ് റോഡ് വൺവേ ആക്കുന്നതിൽ ആദ്യ ഘട്ടം മുതൽ തന്നെ ഒരു വിഭാഗം ബസ് ജീവനക്കാരും ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ പാലസ് റോഡിൽ കാൽനടയാത്രക്കാരായ മൂന്ന് പത്താം ക്ലാസ് വിദ്യാർഥികൾക്ക് സ്വകാര്യ ബസ് ഇടിച്ച് പരുക്കേറ്റിരുന്നു. സംഭവം വിവാദമായതോടെ അന്നത്തെ അന്നത്തെ ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ഗോപകുമാർ ചിറയിൻകീഴ് ഭാഗത്തു നിന്നു സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾക്ക് പാലസ് റോഡിൽ പ്രവേശനം നിരോധിച്ച് പരിഷ്കരണം നടപ്പാക്കിയിരുന്നു.
മണിക്കൂറുകൾക്കകം പൊലീസിന്റെ ഈ തീരുമാനം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ചില ജനപ്രതിനിധികളും ചില സംഘടന പ്രവർത്തകരും ചേർന്ന് യോഗം കൂടി അട്ടിമറിച്ചു.
എന്നാൽ പരിഷ്കരണം നടപ്പാക്കിയ ദിവസം ആറ്റിങ്ങൽ പട്ടണത്തിൽ അൽപം പോലും ഗതാഗത കുരുക്ക് ഉണ്ടായിട്ടില്ല. വീണ്ടും ഒരു യോഗം കൂടി ചേർന്ന ശേഷം പരിഷ്കരണം നടപ്പിലാക്കുമെന്ന മുടന്തൻ ന്യായമാണ് പൊലീസ് നിരത്തുന്നത്.
നഗരസഭ പറഞ്ഞാൽ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായുള്ള ബോർഡുകൾ സ്ഥാപിക്കാം എന്ന വിചിത്ര വാദമാണ് പിഡബ്ല്യുഡി ഗതാഗത പരിഷ്കരണ സമിതിയിൽ അംഗം കൂടിയായ പൊതുമരമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിചിത്ര വാദം. ബോർഡ് സ്ഥാപിക്കുന്ന കാര്യത്തിൽ ഇനി ഒരു യോഗം കൂടി ചേരണമെന്നും അതിന്റെ തീരുമാനം അനുസരിച്ച് ബോർഡുകൾ സ്ഥാപിക്കുമെന്നുമാണ് പിഡബ്ല്യുഡി അധികൃതർ പറയുന്നത്. ബോർഡുകൾ എന്ന് സ്ഥാപിക്കും എന്ന കാര്യത്തിൽ മോട്ടർ വാഹന വകുപ്പിനും വ്യക്തതയില്ല.
ബസുകൾക്ക് വൺവേ സംവിധാനം നടപ്പിലാക്കണം: സിപിഎം ,ഡിവൈഎഫ്ഐ
ആറ്റിങ്ങൽ∙ പാലസ് റോഡിൽ ചിറയിൻകീഴ് ഭാഗത്തു നിന്നും വരുന്ന ബസുകൾ അടക്കമുള്ള ഹെവി വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാനം നടപ്പിലാക്കണമെന്ന് സിപിഎം ടൗൺ ലോക്കൽ കമ്മിറ്റികളും , ഡിവൈഎഫ്ഐ യും രണ്ടാഴ്ച മുൻപ് യോഗം കൂടി തീരുമാനമെടുത്ത് നഗരസഭക്ക് കൈമാറിയതായി സംഘടനകൾ അറിയിച്ചു.
ഗതാഗത പരിഷ്കരണ സമിതി തീരുമാനം നടപ്പാക്കണം: കോൺഗ്രസ്
ആറ്റിങ്ങൽ∙ പാലസ് റോഡിൽ ബസുകൾ അടക്കമുള്ള ഹെവി വാഹനങ്ങൾക്ക് വൺവേ സംവിധാനം നടപ്പിലാക്കണമെന്ന് കോൺഗ്രസ് ഈസ്റ്റ് , വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകൾ കച്ചേരി ജംക്ഷൻ വഴി പോകണം– ബിജെപി
ആറ്റിങ്ങൽ∙ ചിറയിൻകീഴ് , വക്കം , അഞ്ചുതെങ്ങ് ഭാഗത്തു നിന്നും ആറ്റിങ്ങലിലേക്ക് വന്നു പോകുന്ന ബസുകൾ അടക്കമുള്ള ഹെവി വാഹനങ്ങൾ സാധാരണക്കാർക്ക് പ്രയോജനപ്പെടും വിധത്തിൽ കച്ചേരി ജംക്ഷൻ വഴി കടത്തി വിടുന്ന വിധത്തിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കച്ചേരി ജംക്ഷനിലെ ബസ് സ്റ്റോപ് പുനഃസ്ഥാപിക്കുക:വ്യാപാരി വ്യവസായി ഏകോപന സമിതി
ആറ്റിങ്ങൽ∙ കച്ചേരി ജംക്ഷനിൽ ബസ് സ്റ്റോപ് പുനഃസ്ഥാപിക്കുക, പാലസ് റോഡിൽ ചെറിയ വാഹനങ്ങൾക്ക് മാത്രം ടു വേ സംവിധാനം ഏർപ്പെടുത്തുകയും ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് വൺവേ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നഗരസഭ അധികൃതർക്ക് രേഖാമൂലം കത്ത് നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]