
തിരുവനന്തപുരം ∙ അടുത്ത തലമുറ ടെക് ഹബ് ആയി ടെക്നോപാർക്ക് വളരുകയാണ്. എംബസി ടോറസുമായി സഹകരിച്ച് ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം, ബ്രിഗേഡ് എന്റർപ്രൈസസുമായി ചേർന്ന് ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്റർ, ടെക്നോപാർക്കിന്റെ സ്വന്തം ടൗൺഷിപ് പദ്ധതിയായ ക്വാഡ് തുടങ്ങിയ വൻകിട
ടൗൺഷിപ്പുകളാണ് ടെക്നോപാർക്ക് ക്യാംപസുകളിൽ വികസനത്തിന്റെ പല ഘട്ടങ്ങളിലുള്ളത്.
വിവരസാങ്കേതികവിദ്യയ്ക്കും അനുബന്ധ മേഖലകൾക്കുമായുള്ള ഇടങ്ങൾ, റസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ സ്ഥാപനങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് വാക് ടു വർക് (Walk to Work) മാതൃകകളാണ് ഈ പദ്ധതികളിലൂടെ വിഭാവനം ചെയ്യുന്നത്.
ലിവ്– വർക്ക് – പ്ലേ
തൊഴിലിടങ്ങളിലെ സമ്മർദം കുറയ്ക്കാൻ വിദേശങ്ങളിൽ നടപ്പാക്കി വിജയിച്ച ലിവ്– വർക്ക് – പ്ലേ സമീപനമാണ് ടെക്നോപാർക്കിൽ നടപ്പാക്കുന്നത്. യാത്രാ ദൂരം കുറയ്ക്കുക, ഒരേ പരിസരത്തു താമസം, ജോലി, ഒഴിവുസമയ ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ വർക്– ലൈഫ് ബാലൻസ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ടെക്നോപാർക്ക് ഫെയ്സ്1, ഫെയ്സ് 3, ഫെയ്സ് 4 (ടെക്നോസിറ്റി) എന്നിവിടങ്ങളിലാണ് ഈ പദ്ധതികൾ നിലവിൽ വരുന്നത്.
മാറുന്ന കാലത്തിന്റെ മുഖം
ടെക്നോപാർക്ക് കേവലം ഐടി കമ്പനികൾ നിറഞ്ഞൊരു പാർക്ക് അല്ല ഇന്ന്. പുത്തൻ പദ്ധതികളുടെയും നയപരമായ ഇടപെടലുകളുടെയും മുഖ്യ കേന്ദ്രം കൂടിയാണ്.
കേരള ഡിഫൻസ് ഇന്നവേഷൻ സോൺ, 9.5 ഏക്കറിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) സാങ്കേതിക കേന്ദ്രം, 13.93 ഏക്കറിൽ ഡിജിറ്റൽ സയൻസ് പാർക്ക്, 18.56 ഏക്കറിൽ സ്പേസ് പാർക്ക്, 3 ഏക്കറിൽ കേരള സ്റ്റാർട്ടപ് മിഷൻ എമേർജിങ് ടെക് ഹബ്, 2.5 ഏക്കറിൽ യൂണിറ്റി മാൾ തുടങ്ങിയ പ്രധാന പദ്ധതികൾ ടെക്നോപാർക്കിൽ നടപ്പാകുന്നുണ്ട്.
കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം), ഐസിടി അക്കാദമി ഓഫ് കേരള (ഐസിടിഎകെ), ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള (ഡിയുകെ), കേരള സ്പേസ് പാർക്ക്, ഡിജിറ്റൽ സയൻസ് പാർക്ക്, സ്റ്റേറ്റ് ഡേറ്റ സെന്റർ, ഫാബ് ലാബ്സ്, എമേർജിങ് ടെക്നോളജി ഹബ്, കേരള ഡിഫൻസ് ഇന്നവേഷൻ സോൺ തുടങ്ങിയവ സർക്കാരിന്റെ നേതൃത്വത്തിലുള്ള ഇന്നവേഷൻ – നൈപുണ്യ വികസന സ്ഥാപനങ്ങളാണ്.
ടെക്നോപാർക്ക്– ബയോ
1990 ൽ തുടക്കമിട്ട ടെക്നോപാർക്ക്, 1994 ൽ 2 കമ്പനികളും ഏകദേശം 155 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ചു.
ഇന്ന് 5 ഫെയ്സുകളിലായി ഏകദേശം 500 കമ്പനികളും 80000 ഐടി പ്രഫഷനലുകളും പ്രവർത്തിക്കുന്നു. ജീവനക്കാരിൽ 45% വനിതകളാണ്.
ദേശീയ ശരാശരിയെക്കാൾ കൂടുതലാണിത്. സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും തുല്യ അവസരം കമ്പനികളിൽ ഉറപ്പാക്കുന്നു.
4 വർഷമായി ക്രിസിൽ എ പ്ലസ് റേറ്റിങ് നിലനിർത്തുന്നു.
തിരുവനന്തപുരം ∙ കഴക്കൂട്ടം ബൈപാസ് റോഡിലൂടെ പോകുന്ന ആരുമൊന്നു ചിന്തിച്ചു പോകും, തിരുവനന്തപുരം നഗരം ഇവിടേക്കു പറിച്ചുനട്ടോ? ഇരുഭാഗത്തും കൂറ്റൻ കെട്ടിടങ്ങൾ, താമസ സമുച്ചയങ്ങൾ, വാഹന നിർമാതാക്കളുടെ ഷോറൂമുകൾ, ബ്രാൻഡഡ് ന്യൂജെൻ ഷോറൂമുകൾ, മാൾ.. ഭാവിയിൽ ഇപ്പോഴത്തെ തിരുവനന്തപുരം നഗരം ‘ഓൾഡ് സിറ്റി’യും ടെക്നോപാർക്ക് മേഖല ‘ന്യൂ സിറ്റി’യുമായാലും അത്ഭുതപ്പെടേണ്ടതില്ല.
ഈ മാറ്റത്തിനെല്ലാം കാരണം മൂന്നര പതിറ്റാണ്ടായി ഇവിടെയുള്ള ടെക്നോപാർക്കും അവിടത്തെ അസംഖ്യം ജീവനക്കാരും പുതുപുത്തൻ ജീവിതവുമാണ്. ടെക്കികളെന്നാൽ ചെറുപ്പക്കാർ മാത്രമല്ലെന്നും പറയുന്ന മധ്യവയസ്കരും ക്യാംപസിലുണ്ട്.
ടെക്നോപാർക്ക് ആരംഭിച്ച കാലത്ത് ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ തലമുറയിൽപ്പെട്ടവരുടെ മക്കൾ പാർക്കിൽ ജീവനക്കാരായും ജോലി ചെയ്യുന്നു. അന്ന് ചില കമ്പനികളിൽ ഒന്നിച്ചു ജോലി ചെയ്തിരുന്നവർ കഴിഞ്ഞ ദിവസം ക്യാംപസിൽ ഒത്തുകൂടി. കോഴിക്കോട്ടു സ്വദേശിയായ പ്രതീഷ് ഫൽഗുനൻ പറയുന്നു, ‘ടെക്നോപാർക്ക് നിൽക്കുന്ന ഈ കുന്ന് അന്നു വൈദ്യൻകുന്ന് എന്നാണ് അറിയപ്പെട്ടിരുന്നത്.
പാമ്പുകളുടെ ഏരിയ ആയിരുന്നു. അന്നു രാവിലെ 8ന് ഒരു ബസുണ്ട്.
അതു പോയാൽ ഓട്ടോ പിടിക്കണം.
ഇന്നു കാണുമ്പോൾ അത്ഭുതമാണ്. പബ്ലിക് ട്രാൻസ്പോർട്ടിന് പുറമേ കമ്പനികളും സ്വന്തമായി വാഹനങ്ങളിൽ ടെക്കികളെ എത്തിക്കുന്നു.
ഐടി ജോലികൾ ചെയ്യുന്ന സ്ഥാപനത്തിൽ കേരളീയ തനിമ കൊണ്ടുവരാനാകുമോ എന്നൊക്കെ സംശയിച്ചിരുന്നു. പക്ഷേ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആയ ‘പാർക്ക് സെന്റർ’ ഒഴികെ മറ്റെല്ലാ കെട്ടിടങ്ങൾക്കും മലയാളിത്തം നിറഞ്ഞ പേരുകളാണ് കൊടുത്തത്.
നിള, പമ്പ, ഗായത്രി, ഭവാനി.. എന്നിങ്ങനെ.
3 പതിറ്റാണ്ട് മുൻപ് അതൊക്കെ വലിയ ശ്രമങ്ങളായിരുന്നു, അദ്ദേഹം ഓർമിക്കുന്നു.
ടെക്നോപാർക്കിലെ കമ്പനികളിൽ ജോലി കിട്ടുന്ന ചെറുപ്പക്കാരിലേറെയും സമ്പന്ന കുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് എത്തുന്നവരാണെന്ന പൊതുധാരണയുണ്ട്. പക്ഷേ അതു വാസ്തവമല്ല.
വളരെ സാധാരണമായ ചുറ്റുപാടുകളിൽനിന്നു വരുന്നവരാണ് ഏറെയും ആളുകൾ. സമ്പന്നരുമുണ്ട്.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളർ ഉൾപ്പെടെ ഭൂരിഭാഗവും മിഡിൽ ക്ലാസ് കുടുംബ പശ്ചാത്തലമുള്ളവരാണ്– ഫൽഗുനൻ പറയുന്നു.
സ്ക്രീൻ മാത്രമല്ല,സമൂഹത്തെയും കാണുന്നു
കംപ്യൂട്ടറിനു മുന്നിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കുകയും പണിയുടെ ക്ഷീണം തീർക്കാൻ രാവു നീളുന്ന ആഘോഷങ്ങളും മാത്രമാണ് ടെക്കികൾക്കുള്ളതെന്ന് വിചാരിച്ചാൽ തെറ്റി. തങ്ങൾ ജീവിക്കുന്ന സമൂഹത്തോട് ഉത്തരവാദിത്തത്തോടെ പെരുമാറുന്ന ചെറുപ്പക്കാരെയും അവരുടെ കൂട്ടായ്മകളെയും ടെക്നോപാർക്കിൽ കാണാനാകും.
– ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ ‘പ്രതിധ്വനി’യുടെ ഭാരവാഹിയായ രാജീവ് പറയുന്നു. പാവപ്പെട്ട
വീടുകളിൽ നിന്നുള്ള കുട്ടികളെ കണ്ടെത്തി പഠനത്തിന് തുടർ സഹായം നൽകുന്ന, അശരണർക്കു വീടു നിർമിച്ചു നൽകുന്ന ഒട്ടേറെ കൂട്ടായ്മകൾ ഇവിടെയുണ്ട്. കമ്പനികളും ജീവനക്കാരുടെ ഇത്തരം ഉദ്യമങ്ങളെ പിന്തുണയ്ക്കുന്നു.
സാഹിത്യ കൂട്ടായ്മകളും കലാപ്രവർത്തനങ്ങളും സ്പോർട്സ് ടൂർണമെന്റുകളും പാർക്കിൽ സജീവമാണ്.
രക്തദാതാക്കളുടെ കൂട്ടായ്മയുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ ശസ്തക്രിയകൾക്ക് രക്തം ആവശ്യമായി വന്നാൽ ടെക്കികളും ഓടിയെത്തുന്നു.
ജില്ലയിലെ വിദൂര ഗ്രാമങ്ങളിലെ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ടിയും യുവതീയുവാക്കളുടെ കൂട്ടായ്മകൾ സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്നു.
‘സ്വന്തം ക്യൂബിക്കിളിൽ ഇരുന്ന് 18–20 മണിക്കൂർ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നവരല്ല ടെക്കികളിൽ ഏറെ പേരും. എല്ലാവരും എല്ലാവരോടും ചിരിച്ചും വർത്തമാനം പറഞ്ഞും ജോലിഭാരത്തിന്റെ സ്ട്രെസ് കുറയ്ക്കുന്നു.
ജീവിതം ഇവിടെ ഹാപ്പിയാണ്. ഒപ്പം മറ്റുള്ളവരുടെ ജീവിതവും ഹാപ്പിയാക്കാൻ ശ്രമിക്കുന്നു.’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]