
നേമം ബാങ്ക് ഇടക്കാല റിപ്പോർട്ടിൽ കണ്ടെത്തൽ; സിപിഎം ഭരണത്തിൽ നടന്നത് വായ്പയുടെ തീവെട്ടിക്കൊള്ള ! നേമം ∙ സിപിഎം ഭരിക്കുന്ന നേമം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് സഹകരണ നിയമപ്രകാരമുള്ള അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിൽ മുൻ സെക്രട്ടറിമാരുടെ കാലത്ത് നടന്ന തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവന്നു. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ കണക്കിൽപ്പെടാതെയും തിരിച്ചുപിടിക്കാനാകാത്ത തരത്തിലും ഒട്ടേറെ വായ്പകൾ എടുത്തതായി റിപ്പോർട്ടിലുണ്ട്.
2022–23 ലെ കണക്ക് പ്രകാരം മാത്രം പലിശ, എംഡിഎസ്, വായ്പ തുടങ്ങിയവയിലായി കോടികൾ പിരിഞ്ഞുകിട്ടാനുണ്ട്. മുൻ സെക്രട്ടറിമാരായ ബാലചന്ദ്രൻ നായരുടെ ഭാര്യ പി.കെ.ശ്രീകലയുടെയും എ.ആർ.രാജേന്ദ്ര കുമാറിന്റെ ഭാര്യ ശ്രീജകുമാരിയുടെയും ബന്ധുക്കളുടെയും പേരിൽ രേഖകളില്ലാതെ ലക്ഷങ്ങൾ വായ്പ എടുത്തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. 4 % നിരക്കിൽ കാർഷിക വായ്പ എടുത്ത് അതേ ബാങ്കിൽ അന്നു തന്നെ 9.5 % പലിശയ്ക്ക് നിക്ഷേപിച്ചിട്ടുണ്ട്. വായ്പയോ പലിശയോ തിരിച്ചടച്ചിട്ടുമില്ല. ഈടായി നൽകിയ പ്രമാണം തിരികെ എടുത്ത് സബ് റജിസ്ട്രാർ ഓഫിസിൽ നൽകി ബാധ്യത ഒഴിവാക്കുകയും ചെയ്തു. ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നവരെ കബളിപ്പിച്ചു ലക്ഷങ്ങൾ എഴുതി എടുത്തു. നിക്ഷേപകരുടെ നിരവധി പ്രക്ഷോഭങ്ങൾക്കൊടുവിലാണ് സഹകരണ വകുപ്പ് അന്വേഷണത്തിന് തയാറായത്. ബാങ്കിന്റെ മുൻ സെക്രട്ടറി ബാലചന്ദ്രൻ നായരെയും സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബാങ്ക് പ്രസിഡന്റ് ആർ.പ്രദീപ് കുമാറിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന മറ്റുള്ളവരെയും ഉടനെ അറസ്റ്റ് ചെയ്യണമെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കൺവീനർ കൈമനം സുരേഷും ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]