
കാലവർഷം: നദികളിൽ ജലനിരപ്പ് ഉയർന്നു; മഴയിലും നാശത്തിലും വിറച്ച് ജനങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ശക്തമായ മഴയെ തുടർന്ന് മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരം താൽക്കാലികമായി നിരോധിച്ചു. ഇന്നലെ ഏതാണ്ട് മുഴുവൻ സമയവും പൊന്മുടിയിൽ ശക്തമായ മഴയാണു പെയ്തത്. വിവിധ ഇടങ്ങളിൽ നേരിയ തോതിൽ മണ്ണിടിഞ്ഞു. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.വാമനപുരം നദിയിലും കരമനയാറ്റിലും മക്കിയാറ്റിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്.കാട്ടാക്കട മേഖലയിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീടിനു മുകളിലൂടെ വീണു. പൂവച്ചൽ കുറക്കോണം പാറമുകൾ വിഷ്ണു ഭവനിൽ വിജയന്റെ (63) വീടിനു മുകളിലൂടെയാണ് സമീപത്തു നിന്ന റബർ, പ്ലാവ് എന്നിവ ഇന്നലെ വൈകിട്ട് നാലോടെ വീണത്. ഈ സമയം വിജയനും ഭാര്യ ഓമനയും വീട്ടിൽ ടിവി കാണുകയായിരുന്നു. ശബ്ദം കേട്ട് ഇവർ പുറത്തിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഷീറ്റു മേഞ്ഞ വീടിന്റെ മേൽക്കൂര, മുൻവശത്തെ വാതിൽ, ശുചിമുറി എന്നിവ തകർന്നു. വീട്ടുപകരണങ്ങൾക്കും കേടുപാടുണ്ടായി.വിളപ്പിൽ പഞ്ചായത്തിലെ പുളിയറക്കോണം മൈലാടി ഭാഗത്ത് ശക്തമായ കാറ്റിൽ സ്വകാര്യ ഭൂമിയിൽ നിന്ന മരം വൈദ്യുത ലൈനിന് മുകളിലൂടെ പതിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കാട്ടാക്കട ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. മറ്റു നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായില്ല.വെഞ്ഞാറമൂട് പുല്ലമ്പാറയിൽ മരം പിഴുത് വീണ് വീടിനു കേടുപറ്റി.
പുല്ലമ്പാറ അയ്യമ്പാറ കുളപ്പുറം വീട്ടിൽ നാസറിന്റെ വീടിനാണ് കേടു സംഭവിച്ചത്.വീടിനു സമീപം ഉണ്ടായിരുന്ന ആഞ്ഞിലി മരം പിഴുതു വീഴുകയായിരുന്നു.വീടിന്റെ ഭിത്തിക്ക് കേടു സംഭവിച്ചു.കാറ്റിലും മഴയിലും കോവളം വെണ്ണിയൂരിൽ റോഡിലേക്ക് മരം കടപുഴകി വീണു. ആളപായമില്ല. വെങ്ങാനൂർ ജംക്ഷനു സമീപം സുധീറിന്റെ കാർപോർച്ചിലേക്ക് മരം വീണു കാറിനു കേടുപാടുണ്ടായി. ആർക്കും പരുക്കില്ല.വിഴിഞ്ഞത്തു നിന്നും ഫയർഫോഴ്സ് എത്തി രക്ഷാ ദൗത്യം നടത്തി. കാറ്റിൽ പലയിടത്തും വ്യാപക കൃഷിനാശം ഇന്നലെയും ഉണ്ടായി. മരങ്ങൾ നിലംപൊത്തി.മഴക്കെടുതിയിൽ വെള്ളായണി കാർഷിക മേഖലയിൽ വൻ കൃഷിനാശം നേരിട്ടു. വെള്ളിയാഴ്ച രാത്രിയിൽ പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും വിവിധ ഏലാകളിലായി ആയിരക്കണക്കിന് കുലവാഴകളാണ് ഒടിഞ്ഞുവീണത്. ഓണക്കാലം ലക്ഷ്യമാക്കി കൃഷിയിറക്കിയിരുന്നതും ഇതിൽ ഉൾപ്പെടുന്നു. അശോക് കുമാർ, സദാശിവൻ, വേലപ്പൻ നായർ, രാജേന്ദ്രൻ എന്നിവരുടെ മാത്രം ആയിരത്തോളം വാഴകൾ നശിച്ചു.മഴ കനത്താൽ നിലമക്കരി, പണ്ഡാരക്കരി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി മറ്റുകൃഷികൾ നശിക്കുമെന്ന ആശങ്കയുമുണ്ട്.വെള്ളായണി കായലിൽ നിന്ന് അമിത ജലം കരമനയാറ്റിലേക്ക് ഒഴുകിപ്പോകുന്ന കന്നുകാലി ചാലിൽ അടിഞ്ഞുകൂടി കിടക്കുന്ന കുളവാഴകൾ നീക്കുന്ന ജോലി ഇതുവരെ പൂർത്തിയാകാത്തത് കർഷകർക്ക് ഭീഷണിയായിട്ടുണ്ട്.പാടശേഖരങ്ങളിൽ നിന്ന് അമിത ജലം കന്നുകാലി ചാലിലേക്ക് പമ്പുചെയ്യുന്ന മോട്ടറുകൾ പലതും പ്രവർത്തിക്കാത്തതും ഭീഷണിയായിട്ടുണ്ട്.
കന്യാകുമാരി ജില്ലയിൽ 21 വീടുകൾ തകർന്നു
നാഗർകോവിൽ∙ കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ 2 ദിവസങ്ങളായി പെയ്ത വരുന്ന കനത്ത മഴയിലും കാറ്റിലും 21 വീടുകൾ തകർന്നു.20 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായുമാണ് തകർന്നത്. മരങ്ങൾ മുറിഞ്ഞു വൈദ്യുതി ലൈനിൽ വീണതിനെത്തുടർന്ന് ജില്ലയിൽ മിക്ക പ്രദേശങ്ങളിലും ശനിയാഴ്ച രാത്രി വൈദ്യുതി വിതരണം തടസ്സപ്പെട്ടു.കനത്ത മഴയിൽ ജില്ലയിലെ പ്രധാന ജലസംഭരണികളായ പേച്ചിപ്പാറ, പെരുഞ്ചാണി അണകളിൽ ജലനിരപ്പ് ഉയർന്നു. 48 അടി സംഭരണശേഷിയുള്ള പേച്ചിപ്പാറയിൽ ഇന്നലെ രാവിലെ 36.39 അടിയാണ് ജലനിരപ്പ്. 78 അടി സംഭരണശേഷിയുള്ള പെരുഞ്ചാണിയിൽ 38.8 അടിയുമാണ് ജലനിരപ്പ്.വിനോദസഞ്ചാരകേന്ദ്രമായ കാളികേശത്തു ജലനിരപ്പ് ഉയർന്നതിനാൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.