
വിവാഹത്തിനെത്തിയത് ഒറ്റയ്ക്ക്; ആവശ്യപ്പെട്ടത് അരക്കോടി രൂപയും 100 പവനും: ഒടുവിൽ അരുംകൊല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെയ്യാറ്റിൻകര ∙ സ്വത്ത് തട്ടിയെടുക്കാൻ തന്നെക്കാൾ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് വൈദ്യുതാഘാതം ഏൽപിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. അതിയന്നൂർ അരുൺ നിവാസിൽ അരുണിനെയാണ് (32) നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവും വിധിച്ചു.
കുന്നത്തുകാൽ ത്രേസ്യാപുരത്ത് പ്ലാങ്കാല പുത്തൻ വീട്ടിൽ ശാഖ കുമാരി (52) ആണ് 2020 ഡിസംബർ 26ന് പുലർച്ചെ കൊല്ലപ്പെട്ടത്. ഇലക്ട്രിഷ്യൻ ആയിരുന്ന അരുൺ 2020ൽ ശാഖയെ വിവാഹം ചെയ്തു. വിവാഹം രഹസ്യമായിരിക്കണമെന്നും ഫോട്ടോ, വിഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ പാടില്ലെന്നും അരുൺ നിഷ്കർഷിച്ചിരുന്നു. എന്നാൽ, ശാഖയുടെ ബന്ധുക്കളിൽ ചിലർ വിവാഹ ചിത്രങ്ങൾ പ്രചരിപ്പിച്ചത് അരുണിനെ ചൊടിപ്പിച്ചു. ഇതോടെയാണ് ശാഖയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. വീട്ടിൽ മൈക്രോവേവ് അവ്ൻ റിപ്പയർ ചെയ്യുന്നതായി ഭാവിച്ച് ഷോക്കടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശാഖ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തുടർന്ന്, 2020 ഡിസംബർ 25ന് ക്രിസ്മസ് ആഘോഷത്തിനു ശേഷം അരുൺ ശാഖ കുമാരിയെ വായും മൂക്കും അമർത്തിപ്പിടിച്ച് ബോധം കെടുത്തിയതിനു ശേഷം ശരീരത്തിലേക്കു വൈദ്യുതി കടത്തിവിട്ട് കൊല്ലുകയായിരുന്നു. ക്രിസ്മസ് ട്രീ അലങ്കരിക്കാനായി എത്തിച്ച അലങ്കാര വിളക്കുകൾ തെളിക്കാനെന്നു പറഞ്ഞാണ് ഇലക്ട്രീഷ്യനായ അരുൺ മീറ്റർ ബോർഡിൽ നിന്നു വൈദ്യുതി നേരിട്ടെടുത്തത്.
നല്ലവണ്ണം ഷോക്കേൽക്കാനായിരുന്നു മെയിൽ സ്വിച്ചിൽനിന്നു തന്നെ വൈദ്യുതി എടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അടുത്ത ദിവസം പുലർച്ചെ ശാഖയെ ഇയാൾ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിക്കുകയും ചെയ്തു. പരിശോധനയിൽ മണിക്കൂറുകൾക്കു മുൻപു തന്നെ മരിച്ചുവെന്നു കണ്ടെത്തി. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും നൽകിയ മൊഴികൾ കേസിൽ നിർണായകമായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ, മഞ്ജിത എന്നിവർ ഹാജരായി.
വിവാഹത്തിനെത്തിയത് ഒറ്റയ്ക്ക്; ആവശ്യപ്പെട്ടത് 100 പവൻ
വെള്ളറട ∙ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ എടുത്ത വ്രതം അവസാനിക്കുന്ന ദിനത്തിലായിരുന്നു ശാഖ കുമാരി കൊല ചെയ്യപ്പെട്ടത്. ഭാര്യയ്ക്ക് ഷോക്കേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന പൊലീസിന്റെ ചോദ്യത്തിന് മുന്നിൽ അരുൺ പതറി. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ, താൻ ഉറങ്ങിപ്പോയെന്നായിരുന്നു പ്രതിയുടെ മറുപടി. ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു. താൻ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുൺ അരക്കോടി രൂപയും 100 പവനും വേണമെന്നാണ് വിവാഹ വേളയിൽ ആവശ്യപ്പെട്ടത്.
വിവാഹത്തിനു മുൻപും പലതവണ അരുണിന് ശാഖ പണം നൽകിയിരുന്നു. അരുണിന് വാടകയ്ക്ക് വീട് എടുക്കാനും വീട്ടുസാധനങ്ങൾ വാങ്ങാനും ശാഖയാണ് പണം നൽകിയത്. വിവാഹ ദിവസം അരുൺ ഏറെ വൈകിയാണ് പള്ളിയിലെത്തിയത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വസ്തു വിറ്റ് പണം നൽകാൻ അരുൺ ശാഖയെ പലപ്പോഴും നിർബന്ധിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കത്തിൽ വിവാഹ റജിസ്ട്രേഷനും വൈകി. ശാഖയുടെ പേരിൽ എട്ടേക്കറിലേറെ ഭൂമിയും വീടുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കിടപ്പുരോഗിയായിരുന്ന ശാഖയുടെ അമ്മ ഫിലോമിന മരിച്ചതോടെ ശാഖ താമസിച്ചിരുന്ന വീട് പൂട്ടിയിട്ടിരിക്കുകയാണ്.