തിരുവനന്തപുരം∙ റെയിൽവേ മേൽപാലങ്ങളുടെ നിർമാണം വൈകുന്നതിനാൽ തിരുവനന്തപുരം–നേമം രണ്ടാം റെയിൽ പാത കമ്മിഷൻ ചെയ്യുന്നതു വൈകും. രണ്ടാം പാത നിർമാണത്തിനു തറയൊരുക്കുന്ന പണികൾ മിക്ക സ്ഥലത്തും പൂർത്തിയായെങ്കിലും പഴയ പാലങ്ങൾ പൊളിക്കാതെ രണ്ടാമത്തെ ട്രാക്ക് ഇടാൻ കഴിയില്ല. നേമം വരെയുള്ള 8 കിലോമീറ്ററിൽ 10 മേൽപാലങ്ങളാണുള്ളത്.
ഇതിൽ 2 പാലങ്ങളുടെ നിർമാണമാണ് നടന്നത്.
8 പാലങ്ങളുടെ നിർമാണം ബാക്കിയാണ്. കോയമ്പത്തൂർ ആസ്ഥാനമായ ഒമേഗ എന്ന കമ്പനിക്കാണു കരാർ.
പഴയ പാലങ്ങൾ പൊളിക്കാൻ ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്ന് അനുമതി ലഭിക്കാൻ വൈകുന്നതും കരാറുകാരുടെ മെല്ലെപ്പോക്കുമാണു പദ്ധതി വൈകിക്കുന്നത്.
നേമം വരെയുള്ള രണ്ടാം പാത കമ്മിഷൻ ചെയ്യാൻ വൈകുന്നതിനനുസരിച്ചു നേമം ടെർമിനൽ നിർമാണവും വൈകും.
മാർച്ചിൽ തീരേണ്ട 2 പ്രധാന പദ്ധതികളാണു വിവിധ കാരണങ്ങളാൽ ഇഴയുന്നത്.
നേമത്തെ പുതിയ സ്റ്റേഷൻ കെട്ടിടം നിർമാണത്തിനു ഇനിയും ഭൂമി വിട്ടുകിട്ടാനുണ്ട്. പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്ലാനിൽ ഇടയ്ക്കിടെ മാറ്റം വരുത്തുന്നതും പദ്ധതിയുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്.
പുതിയ കെട്ടിടം പൂർത്തിയാക്കുകയും പുതിയ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ കമ്മിഷൻ ചെയ്യുകയും വേണം.
ഇതോടെ ഇപ്പോഴുള്ള 2 പ്ലാറ്റ്ഫോമുകൾ 3,4 പ്ലാറ്റ്ഫോമുകളായി മാറും.
ഇത്രയും ജോലികൾ തീർത്താൽ മാത്രമേ നേമം ടെർമിനലിലേക്കുള്ള ട്രാക്ക് സ്ഥാപിച്ചു ടെർമിനൽ കമ്മിഷൻ ചെയ്യാൻ കഴിയൂ. ടെർമിനലിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള 2 പിറ്റ്ലൈനുകളും 3 സ്റ്റേബിളിങ് ലൈനുകളുമാണ് വരേണ്ടത്. ഇതിൽ പിറ്റ്ലൈനുകളുടെ പണി അന്തിമഘട്ടത്തിലാണ്.
പിറ്റ്ലൈനിനു മുകളിൽ ട്രാക്ക് സ്ഥാപിക്കുന്ന ജോലി ഉടൻ തുടങ്ങും.
അതേസമയം, രണ്ടാംഘട്ടത്തിനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനുള്ള റെയിൽവേ നീക്കം പദ്ധതിയെ ദോഷകരമായി ബാധിക്കും. മാസ്റ്റർ പ്ലാൻ തയാറാക്കി ആവശ്യമായ ഭൂമി ഏറ്റെടുത്തശേഷം പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാമെങ്കിലും അതിനു ശ്രമിക്കാതെ ഇടയ്ക്കിടെ ഭൂമി ഏറ്റെടുക്കാൻ അപേക്ഷ നൽകുന്നത് റവന്യു വകുപ്പിന് ഇരട്ടിപ്പണിയും ഭൂമി ലഭിക്കാൻ കാലതാമസവുമുണ്ടാക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

