തിരുവനന്തപുരം ∙ ജില്ലയിൽ മഴ ശക്തം. പേപ്പാറ, അരുവിക്കര, നെയ്യാർ ഡാം അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുത പോസ്റ്റുകൾക്കും കേടുപാടുണ്ടായി. മഴ ശക്തമായതിനാൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ചതായി ഡിഎഫ്ഒ അറിയിച്ചു.
വർക്കല നഗരസഭ പരിധിയിൽ ടിഎസ് കനാലിനു അരികിലായി പന്തുകളം പ്രദേശത്ത് മണ്ണിടിഞ്ഞു.
കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയിലാണ് ടിഎസ് കനാലിനോട് ചേർന്ന മണ്ണും ആൽമരവും അനുബന്ധ മരങ്ങളും ഉൾപ്പെടെ നിലംപതിച്ചത്. ഇവിടെ കനാൽ വീതി കൂട്ടുന്ന ജോലികൾ തുടരുന്നുണ്ട്.
തുരപ്പിൻമുഖം–പന്തുകളം റോഡിന്റെ അടിഭാഗത്തെ മണ്ണും ഇളകി കനാൽ പരിസരത്ത് പതിച്ചതിനാൽ അപകടാവസ്ഥ നേരിടുന്നുണ്ട്.
വീണ്ടും മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ റോഡിനു അപ്പുറത്ത് താമസിക്കുന്ന വീട്ടുകാർ ആശങ്കയിലാണ്. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ വാമനപുരം നദിയിലും കരമനയാറ്റിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഈ നദികളുടെ തീരത്തുള്ളവർ ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ, നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. തീരത്തോട് ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു. ഇന്ന് ജില്ലയിൽ മിതമായ തോതിൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കണിയാപുരം മുതൽ വെട്ടുറോഡ് വരെ ദുരിതയാത്ര
കണിയാപുരം∙ നിർമാണം ഇഴഞ്ഞു നീങ്ങുന്ന ദേശീയപാത 66 ലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും മൂലം യാത്രക്കാർ ദുരിതത്തിൽ. കെഎസ്ആർടിസി കണിയാപുരം ഡിപ്പോ മുതൽ വെട്ട് റോഡു വരെയുള്ള ഒരു കിലോമീറ്റർ വരുന്ന റോഡ് കടക്കാൻ വാഹനയാത്രക്കാർ പലപ്പോഴും അര മണിക്കൂറിലേറെ സമയം എടുക്കും.
മഴ ശക്തമായാൽ യാത്ര കൂടുതൽ ദുരിത പൂർണമാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇഴഞ്ഞു നീങ്ങുന്ന മേൽപാല നിർമാണമാണ് വെള്ളക്കെട്ടിനു കാരണമെന്ന് പരിസരവാസികൾ പറഞ്ഞു.
ദേശീയ പാത നിർമാണം പുരോഗമിക്കുന്ന പല സ്ഥലങ്ങളിലും സർവീസ് റോഡുകൾ വന്നെങ്കിലും കഴക്കൂട്ടം മുതൽ കണിയാപുരം വരെയുള്ള ഭാഗത്ത് സർവീസ് റോഡിന് വീതിയില്ല.
കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേയിൽ നിന്നു വന്നിറങ്ങുന്ന വാഹനങ്ങൾ സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപം എത്തിയാൽ പിന്നെ ഗതാഗതക്കുരുക്കാണ്. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസും ഇല്ല.
ഏറെ ബുദ്ധിമുട്ടി വെട്ട്റോഡ് എത്തിയാൽ ചെന്ന് ഇറങ്ങുന്നത് കുളം പോലെയുള്ള റോഡിലെ വെള്ളക്കെട്ടിലേക്കാണ്.
ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഴ കനത്തതോടെ യാത്രാദുരിതവും കൂടി.
കരാർ എടുത്ത കമ്പനി, ജീവനക്കാരെ വിട്ട് ചെളിവെള്ളം ടാങ്കറിൽ നിറച്ച് പള്ളിപ്പുറത്തെ തോട്ടിൽ ഒഴുക്കുകയാണ് ചെയ്യുന്നത്. മാസങ്ങളായി ഈ മേഖലയിൽ ദേശീയപാത വികസിപ്പിക്കുന്ന ജോലി ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ആവശ്യത്തിനു ജോലിക്കാരെ കിട്ടാത്തതാണ് ജോലി ഇഴഞ്ഞു നീങ്ങാൻ കാരണമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

