
തിരുവനന്തപുരം∙ അധ്യാപകൻ, നാടകപ്രവർത്തകൻ, ചിത്രകാരൻ, ശിൽപി തുടങ്ങിയ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്ന എസ്. സുകുമാരൻ നായർ സ്മാരക സത്വ ക്രിയേഷൻസ് കൾച്ചറൽ പ്ളാറ്റ്ഫോം സ്ത്രീ ഏകപാത്ര നാടകരചനാ പുരസ്ക്കാരം വിമീഷ് മണിയൂർ രചിച്ച ‘പ്രതിമുഖി’ എന്ന നാടകത്തിന് ലഭിച്ചു.
മുപ്പത്തെട്ട് നാടകങ്ങളിൽനിന്നാണ് വിമീഷിന്റെ നാടകം തിരഞ്ഞെടുത്തത്. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് തിരുവനന്തപുരത്തു നടത്തുന്ന സമ്മേളനത്തിൽ സമർപ്പിക്കും.
കവിയും കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും ബാലസാഹിത്യകാരനും പ്രഭാഷകനുമായ വിമീഷ് മണിയൂർ അമച്വർ പ്രൊഫഷണൽ നാടകവേദികളിൽ സജീവമാണ്.
‘പേരില്ലാത്തോൻ’ ആദ്യ പ്രൊഫഷണൽ നാടകം. ‘സ്പോൺസേർഡ് ബൈ’, ‘ഉണ്ടയുടെ പ്രേതം’ (കേരള സംഗീത നാടക അക്കാദമിയുടെ ധനസഹായത്തോടെ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു നാടകങ്ങൾ: ചട്ടവ്രണം, ഇരാവാൻ, കുപ്പിയും പാപ്പിയും ,ഓംലെറ്റ്, കള്ളത്രവാദി, ക്ണാപ്പൻ. പ്രസിദ്ധീകരിച്ച കൃതികൾ : റേഷൻകാർഡ്, ആനയുടെ വളർത്തുമൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ളാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു, പരസ്പരം പ്രണയിക്കുന്ന ആണുങ്ങൾ, എം എൻ വിജയനും ഐ എം വിജയനും (കവിതാസമാഹാരങ്ങൾ), സാധാരണം, ശ്ലീലം (നോവലുകൾ), ഫക്ക് (കഥാസമാഹാരം), ഒരു കുന്നും മൂന്നു കുട്ടികളും, പത്ത് തലയുള്ള പെൺകുട്ടി, ബൂതം, വീരത്തൂൽ ഹുസാനദി, കഥക്കുറുക്കന്മാർ, യൂട്യൂബിന്റെ മുട്ട
(ബാലസാഹിത്യ കൃതികൾ). വിമീഷിന്റെ കവിതകൾ തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ്, പൂന്താനം കവിതാ അവാർഡ്, വൈലോപ്പിള്ളി കവിതാ അവാർഡ്, മദ്രാസ് കേരള സമാജം കവിത അവാർഡ്, കടത്തനാട് മാധവിയമ്മ കവിത അവാർഡ്, തുഞ്ചൻ സ്മാരകത്തിന്റെ കൊൽക്കത്ത കൈരളി സമാജം അവാർഡ്, നുറുങ്ങ് സേതുമാധവൻ കവിത പുരസ്ക്കാരം, മഴത്തുള്ളി കവിത പുരസ്ക്കാരം, അങ്കണം ഷംസുദ്ദീൻ സ്മൃതി ബാലസാഹിത്യ പുരസ്ക്കാരം, ടെൽബ്രയിൻ ബാലസാഹിത്യ പുരസ്ക്കാരം, മുട്ടത്തു വർക്കി കലാലയ പുരസ്ക്കാരം, യുവപ്രതിഭ നാടക അവാർഡ്, ഉദയസാഹിത്യ പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുള്ള വിമീഷ് കോഴിക്കോട് സ്വകാര്യ കോളജിൽ അധ്യാപകനാണ്.
കോഴിക്കോട് ജില്ലയിലെ മണിയൂർ സ്വദേശിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]