
തിരുവനന്തപുരം ∙ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യ നടത്തിയ കൊറ്റില്ല സർവേയിൽ ജില്ലയിൽ ഏഴ് പക്ഷി ഇനങ്ങളിലായി ആകെ 1,070 കൂടുകൾ കണ്ടെത്തി. കൊറ്റില്ലങ്ങളിൽ 50 ശതമാനത്തിലധികവും നഗരപരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ അറിയപ്പെടുന്ന 36 കൊറ്റില്ലങ്ങളിൽ 30 എണ്ണം മാത്രമേ സജീവമായി ഉണ്ടായിരുന്നുള്ളു ചായമുണ്ടി, കുളക്കൊക്ക്, ചിന്നമുണ്ടി, ചെറിയ നീർക്കാക്ക, കിന്നരിനീർക്കാക്ക, ചേരക്കോഴി, പാതിരാക്കൊക്ക് എന്നിവയാണ് തലസ്ഥാന ജില്ലയിൽ കൂടുകൂട്ടുന്നതായി കണ്ടെത്തിയത്. 750 കൂടുകളുമായി കുളക്കൊക്കുകൾ ഒന്നാം സ്ഥാനത്തെത്തി. 118 കൂടുകളുള്ള ചിന്നമുണ്ടികളാണ് രണ്ടാം സ്ഥാനത്ത്.
പഴഞ്ചിറ തണ്ണീർതടത്തെ ചായമുണ്ടികളുടെ കൂടുകൂട്ടൽ ശ്രദ്ധേയമായി. സാധാരണയായി തണ്ണീർത്തടങ്ങളിലും അതിനോട് ചേർന്ന ഉയരമുള്ള പുല്ലുകളിലും കൂടുകൂട്ടുന്ന ഇവ ഇത്തവണ ഒരു അമ്പഴമരത്തിൽ ഉയരത്തിൽ മറ്റു മുണ്ടികളെപ്പോലെ കൂടുകെട്ടിയത് പ്രത്യേകതയായിരുന്നു.
ജില്ലയിലെ ഏറ്റവും പ്രായമുള്ള കൊറ്റില്ലങ്ങളിൽ ഒന്നായ വിഴിഞ്ഞത്താണ് ഏറ്റവും കൂടുതൽ കൂടുകളും കൂടുകൂട്ടുന്ന മരങ്ങളും രേഖപ്പെടുത്തിയത്. കുളക്കൊക്കുകൾ, പാതിരാക്കൊക്കുകൾ, ചിന്നമുണ്ടികൾ എന്നിവയാണ് ഇതിൽ അധികവും.
കുരങ്ങുകൾ പലപ്പോഴും കൂടുകളിൽ കയറി മുട്ടകൾ ഭക്ഷിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുമരിച്ചന്തയിൽ 127 കൂടുകളും, മടവൂരിനടുത്ത് വേമൂട്ടിൽ 106 എണ്ണവും, വെണ്ണിയൂരിൽ 74, വെമ്പായത്ത് 56 , പാറശാലയിൽ 53, ശിങ്കാരത്തോപ്പിൽ 51 കൂടുകളും ഉള്ള കൊറ്റില്ലങ്ങളായിരുന്നു മറ്റ് പ്രധാനപ്പെട്ടവ. ചാരക്കൊന്ന, മഴമരം, ബദാം, അമ്പഴം, കാര, മാവ്, പ്ലാവ്, ഞാവൽ, മുള, മഹാഗണി, പുളി, പേര, ആൽമരം, അരണമരം തുടങ്ങിയ മരങ്ങളാണ് കൂടുകൾ കണ്ടെത്തിയ പ്രധാന മരങ്ങൾ.ജില്ലാതല പൗരശാസ്ത്ര സംരംഭമായ കൊറ്റില്ല സർവേ ഈ മാസം 12, 13 തീയതികളിലാണ് ജില്ലയിൽ നടന്നത്. തണ്ണീർത്തട
ആവാസവ്യവസ്ഥയുടെ ആരോഗ്യ സൂചകങ്ങളായ വിവിധ കൊക്കുകൾ, നീർക്കാക്കകൾ, ചേരക്കോഴികൾ എന്നിവയുൾപ്പെടെയുള്ള ജലപക്ഷികളുടെ കൂടുകളും കോളനികളും കണ്ടെത്തി .
ജില്ലയിലെ സജീവമായ കൊറ്റില്ലങ്ങളെയും തിരിച്ചറിയുകയും ഭൂപടം രേഖപ്പെടുത്തുകയും കൂടുകൾ എണ്ണുകയും ചെയ്യുക എന്നതായിരുന്നു പൗരശാസ്ത്ര സംരംഭത്തിന്റെ ലക്ഷ്യം. പെരിങ്ങമ്മല ഇക്ബാൽ കോളജ്, മാർ ഇവാനിയോസ് കോളജ്, എംജി കോളജ് എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളും സർവേയിൽ പങ്കെടുത്തു. സീനിയർ എജ്യുക്കേഷൻ ഓഫിസർ എ.കെ.ശിവകുമാറും സർവേ കോഓർഡിനേറ്റർ ഗോവിന്ദ് ഗിരിജയും സർവേ ഏകോപിപ്പിച്ചു.
38 വൊളന്റിയർമാരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹ അംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെയായിരുന്നു സർവേ. അഞ്ജു ജുനു, വിജയലക്ഷ്മി അരുൺ, ആർ.എസ്.ആരോൺ, അനീഷ് മോഹൻ തമ്പി, റെജി ചന്ദ്രൻ, എ.കെ.ശിവകുമാർ, ഗോവിന്ദ് ഗിരിജ എന്നിവർ ടീമുകളെ നയിച്ചു.വനം-വന്യജീവി വകുപ്പിനും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൊറ്റില്ല സംരക്ഷണത്തിനുള്ള ശുപാർശകൾ ഉൾക്കൊള്ളുന്ന ഒരു സമഗ്ര ജില്ലാതല റിപ്പോർട്ട് പുറത്തിറക്കുക എന്നതാണ് അടുത്ത ഘട്ടമെന്ന് ഭാരവാഹികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]