
കരൾ രോഗിയായ ഭാര്യയ്ക്ക് ചികിത്സ വൈകി; വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ കരൾ രോഗിയായ ഭാര്യയുടെ കയ്യിൽ നിന്നു രക്തമൊഴുകുന്നതായി പലതവണ അറിയിച്ചിട്ടും പരിചരണം നൽകിയില്ലെന്ന് ആരോപിച്ച് ഭർത്താവ് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു. ജനറൽ മെഡിസിൻ പിജി വിദ്യാർഥിയുടെ പരാതിയിൽ കൊല്ലം സ്വദേശി റെയ്നോൾഡ് മാത്യുവിനെ (59) പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തതോടെ കൂട്ടിരിക്കാൻ ആരും ഇല്ലാതായ ഭാര്യയെ സൂപ്പർ സ്പെഷൽറ്റി ഐസിയുവിലേക്ക് മാറ്റി. നാലാം വാർഡിൽ തിങ്കൾ രാത്രിയാണ് സംഭവം. ഭാര്യയുടെ കയ്യിലെ ഐവി കാനുല ഊരിമാറ്റിയതോടെ അമിതമായി രക്തം ഒഴുകുന്നത് റെയ്നോൾഡ് ഡ്യൂട്ടി നഴ്സിനെയും ഡോക്ടറെയും അറിയിച്ചു. ആരും തിരിഞ്ഞു നോക്കാതെ വന്നതോടെ പ്രകോപിതനായി റെയ്നോൾഡ് ബഹളം വച്ചതു ഡോക്ടർ ചോദ്യം ചെയ്തു.
ഇതോടെ റെയ്നോൾഡ് ഡോക്ടറുടെ കരണത്ത് അടിച്ചെന്നാണ് പരാതി. ഇരുവരും പരസ്പരം മുഖത്ത് അടിച്ചെന്നു മറ്റു കൂട്ടിരിപ്പുകാർ പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് നിരീക്ഷണ ക്യാമറകൾ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പരാതിയെപ്പറ്റി ഡോക്ടർ പ്രതികരിച്ചില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]