
ചുടുകട്ട കടത്ത്: കോർപറേഷൻ ജീവനക്കാരന് സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് വീടു നിർമിക്കാൻ ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം കോർപറേഷൻ ശേഖരിച്ച ചുടുകട്ട കടത്തിയ കോർപറേഷൻ ജീവനക്കാരന് സസ്പെൻഷൻ. ഫോർട്ട് ഗാരിജിലെ സാനിട്ടറി വർക്കർക്ക് എതിരെയാണ് നടപടി. അതേസമയം, ചുടുകട്ട കടത്താൻ അനുമതി നൽകിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല ദിവസം രാത്രി പത്തരയ്ക്കാണ് ചുടുകട്ടകൾ കടത്തിയതെന്ന് ഗാരിജിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ദിവസ വേതനത്തിന് തൊഴിലാളികളെ നിയോഗിച്ചാണ് ഇക്കുറി കോർപറേഷൻ ചുടുകട്ടകൾ ശേഖരിച്ചത്. കട്ടകൾ പുത്തരിക്കണ്ടം മൈതാനത്ത് എത്തിക്കാനായിരുന്നു നിർദേശം. എന്നാൽ ഫോർട്ട് ഗാരിജ് പരിസരത്ത് നിന്ന് ശേഖരിച്ച ചുടുകട്ടകൾ അവിടെ തന്നെ സൂക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി. ഇവയാണ് സാനിട്ടറി വർക്കർ സ്വകാര്യ വാഹനത്തിൽ കടത്തിയത്. ആദ്യം കരമനയിലെ വീട്ടിൽ എത്തിച്ച ചുടുകട്ടകൾ പിന്നീട് കോർപറേഷൻ പരിധിക്ക് പുറത്തേക്ക് മാറ്റി. വിവരം പുറത്തായതിനു പിന്നാലെ ഗാരിജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഐടി ഓഫിസറെ ഭരണസമിതി ചുമതലപ്പെടുത്തി.
അപ്പോഴാണ് രണ്ടു തവണയായി കട്ട കടത്തിക്കൊണ്ടു പോയെന്ന് സ്ഥിരീകരിച്ചത്. കോർപറേഷൻ പരിധിയിൽ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട 21 ഗുണഭോക്താക്കൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന കട്ടകളുടെ വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇവർക്ക് നൽകിയ ശേഷം ബാക്കി കട്ടകൾ മുൻഗണനാ അടിസ്ഥാനത്തിൽ മറ്റു വിഭാഗക്കാർക്ക് നൽകാനാണ് തീരുമാനം.ഫോർട് ഗാരിജിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജൻസി ജീവനക്കാരുടെ കീഴിലാക്കി. മുൻപ് ഗാരിജിലെ ജീവനക്കാരെയാണ് രാത്രി സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.