
അമീബിക് മസ്തിഷ്കജ്വരം: ഈ വർഷം മരിച്ചത് 4 പേർ; 13 പേർക്കു രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചത് 4 പേർ; ഇതിൽ 3 മരണവും കോഴിക്കോട് ജില്ലയിൽ. തിരുവനന്തപുരത്ത് ഒരാളും മരിച്ചു. ഇതുവരെ 13 പേർക്കു രോഗം ബാധിച്ചു. രോഗബാധിതരിൽ 7 പേരും മലപ്പുറം ജില്ലയിലാണുള്ളതെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. 4 സ്ത്രീകളും 9 പുരുഷൻമാരുമാണു രോഗബാധിതർ. മരിച്ചവർക്ക് ഉൾപ്പെടെ ഓരോരുത്തരിലും വ്യത്യസ്ത രീതിയിലാണു രോഗലക്ഷണങ്ങൾ പ്രകടമായത്. 97% മരണ നിരക്കുള്ള രോഗമാണിത്. ഇപ്പോൾ ജർമനിയിൽ നിന്നു മിൽറ്റിഫോസിൻ മരുന്ന് എത്തിക്കുന്നതിനാൽ ഏറെ ഗുരുതരമാകാത്ത രോഗികളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ സാധിക്കുന്നുണ്ട്.
അമീബിക് മസ്തിഷ്കജ്വരം പകർച്ചവ്യാധി അല്ലെന്നും ജലവും അത് ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങളുമാണു രോഗത്തിനു കാരണമാകുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണപടലത്തിൽ ഉണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്കു കടക്കുമ്പോഴാണു രോഗം ഉണ്ടാകുന്നത്.
അമീബ കലർന്ന വെള്ളം വായിലൂടെ ഉള്ളിൽ പോയാലും പ്രശ്നമില്ല. ചാടിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശക്തമായ മർദത്തോടെ വെള്ളം പ്രവേശിക്കുമ്പോഴാണ് അമീബ തലച്ചോർ വരെ എത്തുക. ഒഴുകുന്ന നദീ ജലത്തിൽ ബാക്ടീരിയ അധികം കാണാറില്ല. എങ്കിലും ആ നദിയുടെ തന്നെ ഒഴുക്കു കുറഞ്ഞ ഭാഗങ്ങളിൽ ഉണ്ടായേക്കാം. മതിയായ രീതിയിൽ ശുചീകരിക്കാത്ത നീന്തൽക്കുളം ഉപയോഗിക്കുന്നതും രോഗസാധ്യതയ്ക്കു കാരണമാകാം.
മെഡിക്കൽ കോളജുകളിൽ സാംപിൾ പരിശോധിക്കാം
∙ അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാൽ മെഡിക്കൽ കോളജുകളിൽ സാംപിൾ പരിശോധിക്കാൻ സൗകര്യം ഏർപ്പെടുത്തി. ഇവിടെ സംശയാസ്പദമായി കണ്ടെത്തുന്ന സാംപിളുകൾ സംസ്ഥാന സർക്കാരിന്റെ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചു സ്ഥിരീകരിക്കും. നേരത്തേ രോഗസ്ഥിരീകരണത്തിനു പോണ്ടിച്ചേരി, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ സാംപിൾ അയയ്ക്കണമായിരുന്നു. സംസ്ഥാനത്തു പല ജില്ലകളിലും ഈ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചിരുന്നു.
ഇതിന്റെ ആദ്യപടിയായി കേരളത്തിലെയും ഐസിഎംആർ, ഐഎവി, പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെയും വിദഗ്ധരെ പങ്കെടുപ്പിച്ചു കഴിഞ്ഞ ഓഗസ്റ്റ് 27ന് സാങ്കേതിക ശിൽപശാല സംഘടിപ്പിച്ചിരുന്നു. ഗവേഷകർ പല തലങ്ങളിൽ കൂടിയാലോചനകൾ നടത്തുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചിറക്കോണത്തു കുളത്തിലെ വെള്ളം ഉപയോഗിക്കുന്നത് വിലക്കി
ചിറയിൻകീഴ് ∙ കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ അത്തിയിറക്കോണം ചിറക്കോണത്തു കുളത്തിലെ വെള്ളം ഉപയോഗിക്കുന്നതു വിലക്കി ആരോഗ്യവകുപ്പ്. വർഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്ന ചിറയിലെ വെള്ളം ഉപയോഗിച്ച സമീപവാസിയായ ഒരാൾക്കു അമീബിക് മസ്തിഷ്കജ്വരം കണ്ടെത്തുകയും പായൽവാരുന്നതിനു നേതൃത്വം നൽകിയ രണ്ടുപേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നതും കണക്കിലെടുത്താണു നടപടി. കുളത്തിലെ വെള്ളം ലാബ് പരിശോധനകൾക്കായി കൈമാറിയിട്ടുണ്ട്. കുളത്തിൽ മുൻകരുതൽ നോട്ടീസും പതിച്ചു. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾക്കു ആരോഗ്യവകുപ്പിന്റെ 7560870421ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്നു നോട്ടീസിലുണ്ട്.
അത്തിയിറക്കോണം ചിറക്കോണത്തു കുളത്തിലെ വെള്ളം വർഷങ്ങൾക്കു മുൻപു കൃഷിയടക്കം ദൈനംദിനകാര്യങ്ങൾക്കു ഉപയോഗിച്ചിരുന്നു. 10 വർഷം മുൻപു കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽപെടുത്തി ഭിത്തി നിർമിക്കുകയും അധികമാകുന്ന വെള്ളം വാമനപുരം ആറ്റിലേക്കു ഒഴുക്കിവിടുന്നതിനുകനാൽ നിർമിക്കുകയുമുണ്ടായി. എന്നാൽ, ചാനലിലൂടെ ഒഴുക്കു തടസ്സപ്പെട്ടതോടെ ചിറയിൽ അധികമായുയരുന്ന വെള്ളം അവിടത്തന്നെ നിറഞ്ഞുനിൽക്കുന്ന സ്ഥിതിയായി. കന്നുകാലികളെ കുളിപ്പിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റും മാത്രമാണിപ്പോൾ ചിറ സമീപവാസികൾ ഉപയോഗപ്പെടുത്തുന്നത്.
സുധർമന്റെ നില ഗുരുതരമല്ല
തിരുവനന്തപുരം ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ കുഴിവിള വീട്ടിൽ സുധർമന്റെ (42) ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായ സാഹചര്യമില്ല. കെട്ടിടനിർമാണ തൊഴിലാളിയായ സുധർമൻ കീഴാറ്റിങ്ങൽ ഭാഗത്തു നിർമാണ ജോലി ചെയ്യുമ്പോൾ സമീപത്തെ അത്തിയറക്കോണം ചിറയിൽനിന്നു വെള്ളം ശേഖരിച്ചിരുന്നു.