
രാജേന്ദ്രനെ ശിക്ഷിക്കാൻ സഹായിച്ചത് 68 തെളിവുകൾ; പ്രധാന തെളിവായി വിരലിലെ മുറിവ്, 4 കൊലകളും ഒരേ രീതിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ദൃക്സാക്ഷികളാരും ഇല്ലാതിരുന്ന വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രനെ ശിക്ഷിക്കാൻ സഹായിച്ചത് 68 തെളിവുകൾ. അതിൽ ശക്തമായ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫൊറൻസിക് ഫലങ്ങളുമുണ്ട്. കുറ്റകൃത്യത്തിനു ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വേഷം മാറി ലിഫ്റ്റ് ചോദിച്ച് പല വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു പ്രതി. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പൊലീസിന് വെല്ലുവിളിയായിരുന്നു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും മാത്രമായിരുന്നു പ്രതിയിലേക്ക് എത്താനുണ്ടായിരുന്ന വഴികൾ.
കുറ്റകൃത്യത്തിനു ശേഷമുള്ള പ്രതി രാജേന്ദ്രന്റെ നീക്കങ്ങൾ വിവിധ സിസിടിവികളിൽനിന്നു കണ്ടെടുത്ത് 11 പെൻഡ്രൈവുകളിലാക്കി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത് നിർണായകമായി. വിനീതയിൽനിന്നു കവർന്ന സ്വർണമാല, രക്തം പുരണ്ട ഷർട്ട്, കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന കത്തി എന്നിവ പ്രതി പൊലീസിനു കൈമാറുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും തെളിവുകളായി. അലപ്പുറം കുളത്തിൽനിന്നാണു വസ്ത്രങ്ങൾ കണ്ടെടുത്തത്. രാജേന്ദ്രൻ ജോലി ചെയ്തിരുന്ന പേരൂർക്കടയിലെ ഹോട്ടലിലെ ജീവനക്കാർ താമസിച്ചിരുന്ന മുറിയിൽനിന്നു കത്തി കണ്ടെത്തി. വിനീതയുടെ മാതാവ് രാഗിണി, സഹോദരൻ വിനോദ്, ചെടിക്കട ഉടമ തോമസ് മാമൻ തുടങ്ങി 96 സാക്ഷികളെയും പ്രോസിക്യൂഷൻ വിസ്തരിച്ചു. 222 രേഖകളും ഹാജരാക്കി. എല്ലാ തെളിവുകളും ശക്തമായി പ്രതിയിലേക്കു വിരൽ ചൂണ്ടിയപ്പോൾ രാജേന്ദ്രന് കോടതി തൂക്കുകയർ വിധിച്ചു.
4 കൊലകളും ഒരേ രീതിയിൽ, സാക്ഷികളായി ഡോക്ടർമാർ
മുൻപ് രാജേന്ദ്രൻ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത തമിഴ്നാട്ടിലെ ഡോക്ടർമാരും വിനീതയെ പോസ്റ്റ്മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറും നൽകിയ സമാനമൊഴികൾ പ്രതിയുടെ ഒരേ കുറ്റകൃത്യ രീതി വെളിവാക്കുന്ന തെളിവായി. തമിഴ്നാട്ടിൽ രാജേന്ദ്രൻ കൊലപ്പെടുത്തിയ സുബ്ബയ്യ, വാസന്തി, അഭിശ്രീ എന്നിവരെ പോസ്റ്റ്മോർട്ടം ചെയ്ത ആശാരിപ്പള്ളം ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധൻ ഡോ.ആർ.രാജമുരുഗൻ കോടതിയിലെത്തി മൊഴി നൽകി. 4 കൊലകളും, ഒരു ശബ്ദം പോലും പുറത്ത് കേൾപ്പിക്കാതെയായിരുന്നു രാജേന്ദ്രൻ നടത്തിയത്. കഴുത്തിൽ സ്വനപേടകത്തിനു മുറിവേൽപിക്കുന്ന രീതിയിലായിരുന്നു കൃത്യം.
ഉപയോഗിച്ച ആയുധത്തിനും ഏൽപിച്ച മുറിവിനും സാമ്യങ്ങളേറെയുണ്ടെന്ന് ഡോ.രാജമുരുഗനും വിനീതയെ പോസ്റ്റ്മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് അസി. പ്രഫസർ ഡോ.സരിതയും കോടതിയിൽ മൊഴി നൽകി. ഇരയുടെ പിന്നിലൂടെ എത്തിയാണ് കഴുത്തിൽ കത്തി കുത്തിയിറക്കി ആഴത്തിൽ മുറിവുണ്ടാക്കുന്നത്. ഈ മുറിവ് മരണകാരണമായെന്നും ഡോക്ടർമാർ മൊഴി നൽകി. തമിഴ്നാട്ടിലെ കൊലക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ച തമിഴ്നാട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എൻ.പാർവതിയെയും കോടതി വിസ്തരിച്ചിരുന്നു. പ്രതി സ്വർണത്തിനു വേണ്ടിയാണ് അവിടെ 3 കൊലപാതകങ്ങൾ ചെയ്തതെന്നും ഇവർ കോടതിയിൽ പറഞ്ഞു.
പ്രധാന തെളിവായി വിരലിലെ മുറിവ്
അക്രമം തടയാനുള്ള വിനീതയുടെ ശ്രമത്തിനിടയിൽ രാജേന്ദ്രന്റെ വലതു കയ്യിലെ വിരലുകൾക്കു മുറിവേറ്റിരുന്നു. കൊലയ്ക്കു ശേഷം സ്വർണമാലയുമായി രാജേന്ദ്രൻ മടങ്ങുമ്പോൾ വിരലുകളിലെ രക്തം ചെടിക്കടയിലെ ചുവരിൽ പതിഞ്ഞു. ഇൗ രക്തക്കറ സയന്റിഫിക് അസിസ്റ്റന്റ് സുനിത കൃഷ്ണൻ ശേഖരിച്ചു. പ്രതിയുടെ രക്തവും കത്തിയിൽനിന്നു ശേഖരിച്ച രക്തവും ചുവരിലെ രക്തവും ഒന്നുതന്നെയാണെന്ന ശാസ്ത്രീയ കണ്ടെത്തൽ നിർണായകമായി.
രാജേന്ദ്രനെ 11ാം ബ്ലോക്കിലേക്ക് മാറ്റും
തിരുവനന്തപുരം∙ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി രാജേന്ദ്രനെ സെൻട്രൽ ജയിലിൽ 11ാം ബ്ലോക്കിലേക്ക് മാറ്റും. നിലവിൽ വിചാരണ തടവുകാരെ പാർപ്പിക്കുന്ന ഏഴാം ബ്ലോക്കിലാണ് പ്രതിയുള്ളത്. വിചാരണത്തടവുകാരെ പോലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും ജയിലിലെ ജോലികൾക്ക് നിയോഗിക്കാറില്ലെന്നതിനാൽ രാജേന്ദ്രന് ഇനിയും ജയിലിലെ ജോലി ചെയ്യേണ്ടിവരില്ല.
പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും അഭിനന്ദനം
വിനീത കൊലപാതകക്കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും സൈബർ ഫൊറൻസിക് ഉദ്യോഗസ്ഥർക്കും കോടതിയുടെ അഭിനന്ദനം. കുറ്റകൃത്യത്തിനുശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വേഷംമാറി ലിഫ്റ്റ് ചോദിച്ച് പല വാഹനങ്ങളിലായി മൊബൈൽ ഫോൺ ഉപയോഗിക്കാതെ രക്ഷപ്പെട്ട പ്രതിയെ, നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ രേഖാചിത്രങ്ങളും ഉപയോഗിച്ചാണ് പൊലീസ് കണ്ടെത്തിയത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജി.സ്പർജൻ കുമാർ, കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ വി.എസ്.ദിനരാജ്, പേരൂർക്കട ഇൻസ്പെക്ടറായിരുന്ന വി.സജികുമാർ, എസ്ഐമാരായ എസ്.ജയകുമാർ, ആർ.അനിൽകുമാർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. പ്രതി രാജേന്ദ്രൻ വിനീത ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കടന്നത് കുറ്റപത്രത്തിൽ ചേർക്കാൻ പൊലീസ് വിട്ടുപോയതു കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീനാണ്. ദേവിക മധു, ജെ.ഫസ്ന, ഒ.എസ്.ചിത്ര. ഒ.എസ് എന്നിവരും കോടതിയിൽ ഹാജരായി. ദ്വിഭാഷികളായി പ്രവർത്തിച്ച ആർ.കെ.രാജേശ്വരി, ജെ.എം.രുഗ്മ എന്നിവരെയും കോടതി പ്രശംസിച്ചു.
കുഞ്ഞുങ്ങൾക്കായി ജോലിക്കിറങ്ങിയ അമ്മ
നെടുമങ്ങാട് ∙ അച്ഛന്റെ മരണ ശേഷം അമ്മയായിരുന്നു കുഞ്ഞുമക്കളുടെ കരുത്ത്. അപ്രതീക്ഷിതമായി അമ്മയും വിട പറഞ്ഞതോടെ തങ്ങൾ അനാഥരായെന്ന തോന്നലാണ് ഇവർക്കുണ്ടായത്. പക്ഷേ, മുത്തച്ഛനും മുത്തശ്ശിയും അവരെ ചേർത്തുപിടിച്ചു. ഇന്ന് അവരുടെ പരിലാളനയിലാണ് കുട്ടികൾ വളരുന്നത്. കൊലയാളിയുടെ കത്തിയ്ക്കിരയായി മരിച്ച കരിപ്പൂർ ചാരുവള്ളിക്കോണത്ത് വിനീതയുടെ (38) മക്കളാണ് ഈ കുഞ്ഞുങ്ങൾ.
പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരിയായ വിനീത കൊല്ലപ്പെടുന്നത് 2022 ഫെബ്രുവരി 6 നാണ്. അതിനു 10 മാസം മുൻപ് ഭർത്താവ് കുമാർ ഹൃദയാഘാതത്താൽ മരിച്ചിരുന്നു. പഠിക്കാൻ മിടുക്കരായ കുട്ടികളെ തുടർന്നു പഠിപ്പിക്കാനും കുടുംബം പുലർത്താനുമായാണ് വിനീത ജോലിക്കിറങ്ങിയത്. ഒരു ജ്വല്ലറിയുടെ സെക്യൂരിറ്റി ജീവനക്കാരനായി പ്രവർത്തിക്കുകയാണ് വിനീതയുടെ അച്ഛൻ വിജയൻ. ഇവിടെ നിന്നുള്ള തുച്ഛമായ വരുമാനത്തിലാണ് ഭാര്യ രാഗിണിയും കൊച്ചുമക്കളും ഉൾപ്പെട്ട കുടുംബം മുന്നോട്ടു പോകുന്നത്. സിപിഎം പഴകുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 3 സെന്റിൽ വീട് നിർമിച്ചു നൽകിയിരുന്നു. ഇൗ വീട്ടിലാണ് കുട്ടികൾ ഇവർക്കൊപ്പം കഴിയുന്നത്.