തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ (കെഐഐഡിസി) ഉടമസ്ഥതയിലുള്ള ‘ഹില്ലി അക്വ’ പരിസ്ഥിതി സൗഹൃദമായ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകാരം ഉള്ള ബയോഡിഗ്രേഡബിൾ കുപ്പികളിൽ വിപണിയിലിറക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
പരിസ്ഥിതി സൗഹൃദമായ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ബോട്ടിലിന്റെയും അടപ്പിന്റെയുമടക്കം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്ന ചോളം, കരിമ്പ് തുടങ്ങിയവയിൽ നിന്നുള്ള അന്നജം അടിസ്ഥാനത്തിലുള്ള വസ്തുക്കൾ മണ്ണിൽ ലയിച്ച് ചേർന്നുപോകുന്നവയാണ്. ഉൽപാദനത്തിനുള്ള സാങ്കേതിക തടസങ്ങൾ ഇല്ലാതാക്കിയതായും ആവശ്യമായ എല്ലാ അംഗീകാരങ്ങളും ലഭിച്ചതായും മന്ത്രി അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ 5 ലീറ്റർ കാനുകൾക്ക് മാത്രം അനുമതി ഉള്ള സാഹചര്യത്തിൽ, കേരളം പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി മുന്നേറുകയാണ്.
കൂടുതൽ ഉൽപാദനം സാധ്യമാക്കി കയറ്റുമതിയും ആരംഭിച്ചു. ദക്ഷിണേന്ത്യയിൽ ആദ്യമായി കുപ്പിവെള്ളം കയറ്റി അയയ്ക്കുന്ന സംസ്ഥാനമായി കേരളം മാറി.
യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.
പൊതുജന താൽപര്യാർഥം ആർസിസിയിൽ 24 മണിക്കൂറും ലഭിക്കുന്ന വൈൻഡിങ് മെഷീൻ സ്ഥാപിച്ചു. കെഎസ്ആർടിസി ബസുകളിലെ കുടിവെള്ള വിതരണത്തിനുള്ള കരാറുകൾ നടപ്പിലാക്കുന്നതിലൂടെയും വിതരണ ശ്യംഖല വിപുലമാക്കിയും ഹില്ലി അക്വയുടെ ഗുണമേന്മയുള്ള കുടിവെള്ളം സംസ്ഥാനത്ത് വ്യാപകമാക്കുമെന്ന് മന്ത്രി അറിയിച്ചു.
തൊടുപ്പുഴ, അരുവിക്കര എന്നിവയ്ക്ക് പുറമേ ആലുവ, കട്ടപ്പന, ചക്കിട്ടപ്പാറ എന്നിവിടങ്ങളിലും പുതിയ പ്ലാന്റുകൾ ആരംഭിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഹില്ലി അക്വ സിഇഒ എസ്.തിലകൻ അധ്യക്ഷത വഹിച്ചു.
സീനിയർ ജനറൽ മാനേജർ വി.സജി, ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള എന്നിവർ സംസാരിച്ചു. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള കുടിവെള്ളം നൽകുക എന്നതാണ് ഹില്ലി അക്വയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
ബയോഡീഗ്രേഡബിൾ കുപ്പി എന്താണ്?
ദക്ഷിണേന്ത്യയിലെ ആദ്യ സംരംഭമായി ഹില്ലി അക്വാ സാധാരണയായി കുപ്പിവെള്ള വ്യവസായത്തിൽ ഉപയോഗിക്കുന്ന PET (Polyethylene Terephthalate) കുപ്പികൾക്ക് പകരമായി, പൂർണമായും പ്രകൃതിയോടിണങ്ങുന്ന PLA (Poly Lactic Acid) പ്രീഫോമുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
PLA ഉപയോഗിച്ച് ബയോ ബോട്ടിലുകൾ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സർക്കാർ സ്ഥാപനമായി ഇതോടെ ഹില്ലി അക്വാ മാറി. ഇത് ഇന്ത്യയിലെയും ഏഷ്യൻ മേഖലയിലെയും കുപ്പിവെള്ള വ്യവസായ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണ്.
ആദ്യഘട്ടത്തിൽ 300 മില്ലിയുടെ ബയോഡീഗ്രേഡബിൾ കുപ്പിവെള്ളമാണ് പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
വിപണിയിലെ പ്രതികരണം വിലയിരുത്തിയ ശേഷം മറ്റ് അളവുകളിലേക്കും ഉൽപാദനം വ്യാപിപ്പിക്കും. ചോളം, കരിമ്പ് തുടങ്ങിയ പുനരുപയോഗിക്കാവുന്ന വിഭവങ്ങളുടെ അന്നജത്തിൽ നിന്നാണ് ഈ ബോട്ടിലുകൾ നിർമിക്കുന്നത്.
കാഴ്ചയിൽ പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ള ഇവ ഭാരം കുറഞ്ഞതുമാണ്.
പൂർണമായും പരിസ്ഥിതി സൗഹൃദം
കുപ്പിക്ക് പുറമേ ക്യാപ്, ലേബൽ, പാക്കേജിങ് മെറ്റീരിയലുകൾ എന്നിവയും പൂർണമായും ബയോഡീഗ്രേഡബിൾ ആണ്. വ്യാവസായിക കംപോസ്റ്റിങ് സംവിധാനങ്ങളിൽ കൃത്യമായ താപനിലയും ഈർപ്പവും ലഭ്യമായാൽ ഈ കുപ്പികൾ പൂർണമായും മണ്ണിലലിഞ്ഞു ചേരും.
കേരള സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന ‘ഗ്രീൻ ബയോ പ്രോഡക്ട്’ എന്നറിയപ്പെടുന്ന എയ്റ്റ് സ്പെഷലിസ്റ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (Eight Specialist Services Private Limited) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്.
പ്ലാസ്റ്റിക് നിരോധനത്തിൽ എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന കേരളത്തിൽ 500ml ഇൽ താഴെ ഉള്ള PET കുപ്പികൾ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ 300ml ഇൽ ഹരിത കുപ്പിവെള്ളം വരുന്നത് വിവാഹം ഉൾപെടെ പൊതു പരിപാടികൾക്ക് സഹായകരം ആകും. ഹരിത ചട്ടം നിലവിലുള്ള ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾക്കും സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉൽപന്നം വലിയൊരു മുതൽക്കൂട്ടാകും.
തൊടുപുഴയിലെയും അരുവിക്കരയിലെയും പ്ലാന്റുകളിൽ നിന്നാണ് നിലവിൽ ഹില്ലി അക്വ ഉൽപാദനം നടത്തിവരുന്നത്. ലോകമെമ്പാടും രൂക്ഷമാകുന്ന പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധിക്കുള്ള കേരളത്തിന്റെ പ്രായോഗികവും മാതൃകാപരവുമായ മറുപടിയാണ് ഈ പുതിയ സംരംഭം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

