കോഴിക്കോട്/തിരുവനന്തപുരം∙ ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ വടകര മണ്ണൂർക്കര സ്വദേശി അസ്മിന (35) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ആലപ്പുഴ കാർത്തികപ്പള്ളി ദേവികുളങ്ങര പുതുപ്പള്ളി സൗത്തിൽ ജെ.ബി.വില്ലയിൽ ജോബി ജോർജിനെ (റോയി– 32) കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു പിടികൂടി.
ടൗൺ എസ്ഐ സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു ബുധനാഴ്ച വൈകിട്ടു പിടികൂടിയത്. ജോബി മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നതായി സന്ദേശം ലഭിച്ചതിനെത്തുടർന്നു നിരീക്ഷണം നടത്തവേയാണു കണ്ടെത്തിയത്.
അസ്മിന മരിച്ച വിവരം അറിഞ്ഞിട്ടില്ലെന്നാണു ജോബി പൊലീസിനോടു പറഞ്ഞത്.
ജോബിയുടെ ഇടതുകയ്യിൽ ആഴമുള്ള മുറിവുണ്ട്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 6 തുന്നലിട്ടു.
അസ്മിന തന്നെ വെട്ടിയതായി ജോബി പൊലീസിനോടു പറഞ്ഞു. ആറ്റിങ്ങൽ പൊലീസെത്തി തിരുവനന്തപുരത്തേക്കു കൊണ്ടുപോയ പ്രതിയെ വൈകിട്ട് ലോഡ്ജിൽ തെളിവെടുപ്പിനെത്തിച്ചു.
ലോഡ്ജിനു സമീപം വലിച്ചെറിഞ്ഞ രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തു.
കഴുത്തിൽ തുണി ഉപയോഗിച്ചു മുറുക്കിയതാണ് അസ്മിനയുടെ മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ വൈകിട്ട് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. ചൊവ്വാഴ്ചയാണു ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്കു ഭാര്യയെന്നു പറഞ്ഞ് അസ്മിനയെ കൊണ്ടുവന്നത്.
രാത്രി മദ്യപിച്ച ശേഷം ഇവർക്കിടയിൽ വഴക്കുണ്ടായിരുന്നു.
ബുധൻ രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടർന്നു ജീവനക്കാർ നോക്കിയെങ്കിലും മുറി തുറക്കാൻ കഴിഞ്ഞില്ല. രാവിലെ പതിനൊന്നോടെ പൊലീസ് എത്തി അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്.
മുറിയിൽ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. ബീയർ കുപ്പി പൊട്ടിയ നിലയിൽ കണ്ടെത്തി.
അടിപിടിയിൽ പരുക്കേറ്റ ജോബി രക്തം പുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ച ശേഷം ബുധൻ പുലർച്ചെ നാലരയോടെ കടന്നുകളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി.
കായംകുളത്ത് തിരച്ചിൽ നടത്തിയപ്പോഴാണു ട്രെയിനിൽ കയറിയതായി മനസ്സിലായത്.ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.മഞ്ജുലാൽ, പൊലീസ് ഇൻസ്പെക്ടർ ജെ.അജയൻ, എസ്ഐ എം.ഐ.ജിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് പറഞ്ഞു.മൂന്നുമാസം മുൻപു മാവേലിക്കരയിലെ ലോഡ്ജിൽ ജോലി നോക്കുമ്പോഴാണ് ഇരുവരും പരിചയത്തിലാകുന്നത്.
കുറച്ചുകാലം ഒരുമിച്ചു താമസിച്ച ഇവർ ഇരുവരും പിണങ്ങി മാറി. സുഹൃത്തിൽ നിന്ന് അറിഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസ്മിന മൂന്നുമുക്കിലെ ജോബിന്റെ ജോലി സ്ഥലത്തെത്തുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

