മലയിൻകീഴ് ∙ പഞ്ചായത്ത് ശ്രീകൃഷ്ണപുരം വാർഡിലെ മാങ്കുന്ന് പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവിതരണം നിലച്ചിട്ട് 2 മാസമായതായി പരാതി. പത്തോളം വീട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. ഉയർന്ന പ്രദേശമായ ഇവിടെ കിണർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ ഇല്ല.
മറ്റു സ്ഥലങ്ങളിൽ നിന്ന് വെള്ളം പണം മുടക്കി വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
രാവിലെയും വൈകിട്ടും വാഹനങ്ങളിൽ പാത്രങ്ങളുമായി പോയി ശുദ്ധജലം ശേഖരിക്കുകയാണ് പലരും. കാളിപ്പാറ പദ്ധതി വഴിയാണ് ഈ ഭാഗത്തേക്ക് ശുദ്ധജല വിതരണം ചെയ്യുന്നത്.
വാട്ടർ അതോറിറ്റിയെ ബന്ധപ്പെടുമ്പോൾ ഉടൻ ശരിയാക്കാം ഉയർന്ന പ്രദേശമായതിനാൽ വെള്ളം കയറാത്തതാണു എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
പഞ്ചായത്തിനു കീഴിലെ ഭൂഗർഭ ജല വിതരണ പദ്ധതി വഴിയും ഈ ഭാഗത്തേക്കു ശുദ്ധജലം എത്തിച്ചിരുന്നു. എന്നാൽ ഇതിന്റെ ടാങ്ക് സ്ഥാപിച്ചിരുന്ന ഭാഗത്ത് പുതിയ കോൺക്രീറ്റ് തൂണുകൾ നിർമിക്കുന്നതിനാൽ ഇതുവഴിയുള്ള ശുദ്ധജല വിതരണവും 20 ദിവസത്തിലേറെയായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പണി പൂർത്തിയാകണമെങ്കിൽ ഒരു മാസം എങ്കിലും വേണ്ടി വരും. ഓണക്കാലത്ത് പോലും പ്രദേശവാസികൾ വെള്ളമില്ലാതെ ബുദ്ധിമുട്ടി.
ഇതു കാരണം പലരും ബന്ധു വീടുകളിലാണ് ഓണം ആഘോഷിച്ചത്. ടാങ്കറിൽ വെള്ളം എത്തിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അതും ഉണ്ടായില്ലെന്ന് പരാതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]