
പാലോട്∙മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് – തെന്നൂർ റോഡിൽ കൊച്ചുകരിക്കകത്തും അരയക്കുന്ന് ചർച്ചിന് സമീപവും റോഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് ഒരു വർഷത്തിലേറെയായി. കൊച്ചുകരിക്കകത്ത് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് പണി നിർത്തി വയ്ക്കാൻ കാരണമെങ്കിലും അത് പരിഹരിച്ചിട്ടും പണി നടക്കാതെ ജനത്തിന് ദുരിതമാണ്. മെറ്റലുകൾ പാകിയ ശേഷമാണ് പണി മുടങ്ങിയത്.
നിലവിൽ മെറ്റലുകൾ ഇളകിക്കിടന്ന് അപകടക്കെണിയായിട്ടും റോഡ് ടാർ ചെയ്യുന്നില്ല. കച്ചവടക്കാരും വഴിയാത്രക്കാരും പൊടിതിന്നു നരകിക്കുകയാണ്.
പൊടിശല്യം കാരണം പലരും കച്ചവട സ്ഥാപനങ്ങൾ തുറക്കാറില്ല.
ഇതിനു സമീപത്തെ കൊച്ചുകരിക്കകം പാലത്തെ ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ ദുരിതം.
വീതി കുറഞ്ഞതും ബലക്ഷയം സംഭവിച്ചതുമായ ഈ പാലം മലയോര ഹൈവേയുടെ ഭാഗമായി പൊളിച്ചു പണിയുമെന്ന് പറഞ്ഞിട്ടും അതുണ്ടായില്ല. പാലത്തിന് പണം അനുവദിച്ചതായി അറിയിച്ചിട്ട് തന്നെ ഒരു വർഷത്തോളമായി.
നിലവിൽ പാലവും അപ്രോച്ച് റോഡും തകർന്ന് അപകടക്കെണിയായി യാത്രക്കാർ ദുരിതക്കയത്തിലാണ്. മാത്രമല്ല മലയോര ഹൈവേ നാലാം റീച്ചിൽപെട്ട
ഈ റോഡിൽ പലയിടത്തും ഓടയുടെ നിർമാണം, ടാറിങ് അടക്കം പണി ബാക്കിയായി കിടക്കുകയാണ്. പലയിടത്തും ഒരു ലെയർ ടാറിങ് മാത്രമാണ് നടന്നത്.
ഹൈവേ നിർമാണം ഏറ്റെടുത്ത റിവൈവ് കമ്പനി പണി മതിയാക്കി പോയതായി നാട്ടുകാർ പറയുന്നു.പാലോട് നിന്ന് ഇക്ബാൽ കോളജിനെ അടക്കം ബന്ധപ്പെടുത്തി വിതുരയിലേക്കും പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കടക്കം സർവീസ് നടക്കുന്ന റൂട്ടിലാണ് പണി മുടങ്ങി കിടക്കുന്നത്. ∙എന്നാൽ പണി ഏറ്റെടുത്ത കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങളാണ് പണി മുടങ്ങാൻ കാരണമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
പണി മുടങ്ങിയതിനെ തുടർന്ന് പിഴ ഈടാക്കിയതായും സമയബന്ധിതമായി പണി പൂർത്തിയാക്കാൻ നിർദേശം നൽകിയതായും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]