തിരുവനന്തപുരം ∙ ജില്ലയിൽ മുണ്ടിനീര് (മംമ്സ്) ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. വിദ്യാർഥികളെയാണു കൂടുതൽ ബാധിക്കുന്നത്.
കുട്ടികൾക്കു രോഗം ബാധിക്കുന്നതിൽ ആശങ്കയിലാണു രക്ഷിതാക്കൾ. നഗരത്തിലെ സ്കൂളിൽ മുണ്ടിനീര് വ്യാപനത്തെ തുടർന്ന് എൽപി വിഭാഗത്തിന് അവധി നൽകി.
രോഗിയുമായുള്ള അടുത്ത സമ്പർക്കവും സ്രവങ്ങളുമാണു രോഗപ്പകർച്ചയുടെ കാരണങ്ങൾ. രോഗവ്യാപനത്തിന്റെ കണക്കും സാഹചര്യങ്ങളും ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
ജില്ലയിൽ 117 പേർക്ക്
ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് ഈ മാസം ജില്ലയിൽ 117 പേർക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു.
സംസ്ഥാനത്താകെ 475 കേസുകളാണ് കണ്ടെത്തിയത്. ഈ വർഷം ജില്ലയിൽ 3328 കേസുകൾ കണ്ടെത്തി.
സംസ്ഥാനത്താകെ 22224 കേസുകൾ. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെയും വീട്ടിൽ വിശ്രമിക്കുന്നവരുടെയും കണക്ക് എടുത്താൽ കേസുകൾ ഇനിയും ഉയരുമെന്നാണു നിഗമനം.
മംസ് വാക്സീൻ പിൻവലിച്ചതാണ് കേസുകൾ ഉയരാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
വിദ്യാർഥികളിലും യുവാക്കളിലും
സംസാരത്തിലൂടെയോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് വൈറസ് പകരും. സാധാരണയായി സ്കൂൾ വിദ്യാർഥികളിലും ചെറുപ്പക്കാരിലുമാണു മുണ്ടിനീര് കൂടുതലായി കാണുന്നത്.
അസുഖം ബാധിച്ച എല്ലാവരിലും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. 30 മുതൽ 40 ശതമാനം വരെ ആളുകളിൽ അതായതു രോഗലക്ഷണം പുറമേ കാണിക്കില്ല.
എന്നാൽ അവർ വൈറസ് വാഹകരായിരിക്കും. രോഗ ലക്ഷണങ്ങൾ തുടങ്ങുന്നതിന് 7 ദിവസം മുൻപു മുതൽ മുണ്ടിനീര് തുടങ്ങി 7 ദിവസം കഴിയുന്നതുവരെ രോഗപ്പകർച്ച ഉണ്ടാകും. സാധാരണയായി പനി, കവിളില്ലെലിന്റെയും ചെവിയുടെയും ഭാഗത്തെ വേദന, സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമുള്ള വേദന എന്നിവയാണു മുണ്ടിനീരിന്റെ പ്രാഥമിക ലക്ഷണങ്ങൾ.
പീന്നീട് ചെവിയുടെ തൊട്ടു താഴെയും മുൻപിലും ആയി 2 വശത്തും സ്ഥിതി ചെയ്യുന്ന പരോട്ടിഡ് ഉമിനീർ ഗ്രന്ഥിയിൽ സാവധാനം വീക്കം തുടങ്ങും. മസ്തിഷ്കത്തിൽ നീര് ബാധിക്കും.
പുരുഷന്മാരിൽ വൃഷണങ്ങളിൽ വീക്കം വരുകയും സ്ത്രീകളിൽ അണ്ഡാശയത്തിനും വീക്കം വരാം.
വാക്സീൻ നൽകൽ നിർത്തിയത് തിരിച്ചടി?
മുണ്ടിനീരിനെ പ്രതിരോധിക്കാൻ കുട്ടികൾക്ക് എംഎംആർ വാക്സീൻ നൽകണം. ഒന്നര വയസ്സിനകമാണ് ഇതു നൽകേണ്ടത്.
എന്നാൽ സാർവത്രിക വാക്സീൻ പദ്ധതിയിൽ ഇപ്പോൾ എംഎംആർ ഇല്ല. 2016ൽ ഇത് ഒഴിവാക്കി.
ഇപ്പോൾ മീസിൽസും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആർ വാക്സീനാണ് കുട്ടികൾക്കു സൗജന്യമായി നൽകുന്നത്. മുണ്ടിനീര് ഗുരുതര രോഗമല്ലെന്നും വാക്സീന് പ്രതിരോധശേഷി കുറവാണ് എന്നുമുള്ള വിലയിരുത്തലിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം എംഎംആർ വാക്സീൻ നിർത്തലാക്കിയത്. എംഎംആർ വാക്സീൻ മീസിൽസിന് 93 ശതമാനവും റുബെല്ലയ്ക്ക് 97 ശതമാനവും പ്രതിരോധം നൽകുന്നുണ്ട്.
എന്നാൽ മുണ്ടിനീരിന് 78 ശതമാനം മാത്രമാണു പ്രതിരോധം എന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മുണ്ടിനീര് പടരുന്നതിനാൽ എംഎംആർ വാക്സീൻ അനുവദിക്കണമെന്നു സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
മുണ്ടിനീരിനുള്ള വാക്സീൻ ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ മാത്രമേ ഉള്ളൂ. വില 650 രൂപ.
അതിനാൽ സാധാരണക്കാരായ കുട്ടികൾക്ക് ഈ ചികിത്സ ഫലത്തിൽ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണിപ്പോൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]