തിരുവനന്തപുരം ∙ തലസ്ഥാനത്തെ പുസ്തക പ്രേമികളുടെ പ്രധാന കേന്ദ്രമായ പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ശോച്യാവസ്ഥയിൽ. റഫറൻസ് ലൈബ്രറി ബ്ലോക്ക് ചോർന്നൊലിക്കുന്നു. പുസ്തകങ്ങൾ മുഴുവൻ മാറ്റി.
പത്തിലധികം പുസ്തകങ്ങൾ നശിച്ചു. മഴ കനത്തതോടെ റഫറൻസ് ബ്ലോക്ക് അടച്ചിടേണ്ട
സ്ഥിതിയായി. കെട്ടിടത്തിന്റെ ദുരവസ്ഥ അധികൃതരെ ഒട്ടേറെ തവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ലൈബ്രറി ഉദ്യോഗസ്ഥർ പറഞ്ഞു. റഫറൻസ് ലൈബ്രറി ബ്ലോക്കിലെ ചുമരുകളിലൂടെ മഴ പെയ്താൽ വെള്ളം ഒലിച്ച് ഇറങ്ങും.
റഫറൻസ് വിഭാഗത്തിന് അകവും വരാന്തയും വെള്ളം നിറയുന്ന സ്ഥിതിയാണ്.
ആറു മാസം മുൻപ് അധികൃതർ ലൈബ്രറിയുടെ ശോച്യാവസ്ഥ അറിയിച്ചിട്ടും സർക്കാർ അനങ്ങിയില്ല. മേൽക്കൂരയിലെ കമ്പികൾ ദ്രവിച്ച അവസ്ഥയിലാണ്. പഴയ കെട്ടിടമായതിനാൽ ഇലക്ട്രിക്കൽ പ്രശ്നങ്ങളും ഉണ്ട്.
പലഭാഗങ്ങളിലും കോൺക്രീറ്റ് അടർന്ന് പോയി. പൊതുമരാമത്ത് വകുപ്പാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഇതിനായി ഇടയ്ക്ക് പൊതുമരാമത്ത് സംഘം ലൈബ്രറി സന്ദർശിച്ച് മടങ്ങിയതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല.
കെട്ടിടത്തിന് മുകളിൽ സോളർ പാനൽ സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് ലൈബ്രറി അധികൃതർ പറയുന്നു.
ഈ ഭാഗത്ത് ഇതോടെ ചോർച്ച ആരംഭിച്ചു. ചില ഭാഗങ്ങളിലെ ഓടുകളും അനുബന്ധ സാധനങ്ങളും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയാണ്.
റഫറൻസ് മുറിയിലെ ഭൂരിപക്ഷം ലൈറ്റുകളും ഫാനുകളും പ്രവർത്തനരഹിതമായി. ലൈബ്രറിയിലെ ശുചിമുറികൾ പലതും പൂട്ടിയിട്ടിരിക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ ഭാഗമായി പണിത ശുചിമുറികളും കൃത്യമായി തുറന്ന് നൽകുന്നില്ലെന്ന് പരാതികളുണ്ട്.
അറ്റകുറ്റപ്പണി രണ്ട് ദിവസത്തിനകം
ലൈബ്രറി കെട്ടിടത്തിലെ അറ്റകുറ്റപ്പണി രണ്ടു ദിവസത്തിനകം പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുമെന്നാണ് അറിയാൻ സാധിച്ചതെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന.
കെട്ടിടത്തിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സോളർ പാനൽ മാറ്റി സ്ഥാപിക്കാത്തതാണ് ഇത് നീണ്ടു പോകാൻ കാരണം. സോളർ പാനൽ ഇന്നലെ മാറ്റിയിട്ടുണ്ട്.
പാനൽ മാറ്റിയതോടെ രണ്ടു ദിവസത്തിനകം പൊതുമരാമത്ത് വകുപ്പ് നിർമാണം ആരംഭിക്കുമെന്നും അവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]