
വർക്കല∙ ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള വർക്കല തുരങ്കങ്ങളിൽ ഒന്നായ ശിവഗിരി ടണൽ 2007 കാലഘട്ടത്തിൽ ആദ്യമായി ശുചീകരിച്ചു ജലനിരപ്പ് ക്രമീകരിച്ചു ചെറിയ വള്ളങ്ങൾക്ക് കടന്നു പോകാൻ പാകത്തിൽ താൽക്കാലികമായി ഒരുക്കിയപ്പോൾ ഇതിനുള്ളിലേക്കു സഞ്ചരിക്കാൻ താൽപര്യപ്പെട്ട ആദ്യ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ.
1960–കൾ വരെ ഉപയോഗത്തിലിരുന്ന തുരങ്കത്തിലൂടെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യാത്ര ചെയ്തതായി രേഖകളില്ല.
പിന്നീട് 40 വർഷത്തോളം വെള്ളം നിറഞ്ഞും നൂറുകണക്കിനു വവ്വാലുകളുടെ ആവാസ സ്ഥലവുമായിരുന്ന 700 മീറ്ററോളം ദൂരം വരുന്ന ശിവഗിരി തുരങ്കം 2006–07 കാലയളവിൽ ശുചീകരിച്ചു. സർക്കാർ തലത്തിൽ ടിഎസ് കനാൽ നവീകരണവും വർക്കല തുരങ്കം ശുചീകരണവും തുടർന്നുള്ള വികസനവും അടക്കം വിവിധ പദ്ധതിയാസൂത്രണം നടക്കുന്ന സമയമായിരുന്നു അന്ന്.
തുഴഞ്ഞു പോകുന്ന ചെറിയൊരു ബോട്ടിലാണ് വിഎസ് തുരങ്കത്തിലേക്ക് പ്രവേശിച്ചത്. പകൽ സമയത്തും ഇരുട്ടു നിറഞ്ഞ ടണലിൽ രണ്ടു ഭാഗത്തും ബൾബുകൾ നിരയായി ഘടിപ്പിച്ചിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം തുരങ്കത്തിനുള്ളിൽ ചെലവഴിച്ച ശേഷം പുറത്തെത്തിയ വിഎസ് ഏറെ ആവേശത്തോടെയാണ് യാത്രയെകുറിച്ചു മാധ്യമങ്ങളോട് വിവരിച്ചത്.
എന്നാൽ അന്നു വിഎസ് യാത്ര ചെയ്ത വലിയ തുരങ്കം ഇപ്പോഴും വെള്ളത്തിൽ മൂടിയ നിലയിലാണ്. സ്മാർട്ട് വാട്ടർവേ പദ്ധതിയുടെ വിപുലീകരണവും മറ്റു ഭാഗങ്ങളിൽ നടക്കുന്നുണ്ടെങ്കിലും ശിവഗിരി തുരങ്കത്തിലേക്ക് കടന്നിട്ടില്ല. വർക്കലയിൽ രണ്ടു തുരങ്കങ്ങളാണുള്ളത്.
ശിവഗിരി തുരങ്കത്തിന് 722 മീറ്റർ നീളവും ചിലക്കൂർ തുരങ്കത്തിനു 350 മീറ്ററുമാണ് നീളം.
1868ൽ രണ്ടു തുരങ്കങ്ങളുടെയും പണി തുടങ്ങി 1880 പൂർത്തിയാക്കി. തുരങ്കത്തിന്റെ ഇരുഭാഗത്തും നടയറ കായൽ മുതൽ കോവിൽതോട്ടം വരെ 12 കിലോമീറ്റർ ദൂരത്തിൽ ജലപാതയും നിർമിച്ചു.
അഞ്ചു മീറ്ററോളം വീതിയുള്ള തുരങ്കത്തിൽ ഇടത്തരം വലുപ്പമുള്ളവ വള്ളങ്ങൾക്കും ബോട്ടുകൾക്കും യാത്ര ചെയ്യാം. വർക്കല തുരങ്കങ്ങൾ യാത്രായോഗ്യമാക്കാനുള്ള പ്രവൃത്തി നടക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]