തിരുവനന്തപുരം ∙ പോരാട്ടം, സംഘർഷം, കേരളത്തിൻറെ സാമൂഹിക പുരോഗതിയിലേക്കുള്ള മുന്നേറ്റം എന്നിവയാൽ നിർവചിക്കപ്പെട്ട ഒരു കാലഘട്ടത്തിൻറെ മുഖമുദ്രയായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെന്ന് ഐബിഎസ് സോഫ്റ്റ്വെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ.മാത്യൂസ്.
രാഷ്ട്രീയ അനുയായികളുടെയും എതിരാളികളുടെയും സ്നേഹം ഒരുപോലെ ആർജിക്കാൻ കഴിഞ്ഞ വിഎസ് സ്വാതന്ത്ര്യാനന്തര കേരള ചരിത്രത്തിൽ മുൻനിര നേതാക്കളുടെ തലമുറയിൽ പ്രധാനിയാണ്. ഈ കാലയളവിൽ കേരളം നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളെ കണ്ടിട്ടുണ്ടെങ്കിലും വിഎസ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും യഥാർഥ അർഥത്തിൽ ബഹുജന നേതാക്കളായി വേറിട്ടുനിൽക്കുന്നു.
ഉമ്മൻ ചാണ്ടി സാധാരണക്കാരോടുള്ള അനുകമ്പയുടെയും വികസനത്തിനും വ്യവസായങ്ങൾക്കും വേണ്ടിയുള്ള പിന്തുണയുടെയും പേരിൽ ഓർമിക്കപ്പെടുമ്പോൾ, ചൂഷണങ്ങൾക്കും അനീതിക്കും എതിരായും തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിലൂടെയാണ് വിഎസ് ഉജ്ജ്വല അധ്യായമായി മാറുന്നത്.
ജീവിതത്തിലുടനീളം മാർക്സിസ്റ്റ്- ലെനിനിസ്റ്റ് ചിന്താധാര അടിസ്ഥാനമാക്കിയുള്ള ഭാവി കാഴ്ചപ്പാടിൽ പ്രതിജ്ഞാബദ്ധനായിരുന്നു വിഎസ്. അദ്ദേഹത്തിൻറെ ബാല്യകാലത്തെ സാമൂഹിക- സാമ്പത്തിക വ്യവസ്ഥയും സ്വന്തം ജീവിതവും രൂപപ്പെടുത്തിയ കാഴ്ചപ്പാടായിരുന്നു അത്.
എപ്പോഴും അദ്ദേഹം ഒരു പോരാളിയായിരുന്നു. താൻ ഉറച്ചു വിശ്വസിച്ചിരുന്ന ലക്ഷ്യങ്ങൾക്കും ആദർശങ്ങൾക്കും വേണ്ടി അദ്ദേഹം നിരന്തരം പോരാടി.
കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയെന്ന പ്രതിച്ഛായ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ അദ്ദേഹം തുറന്ന മനസ്സോടെ വിഷയങ്ങളെ സമീപിച്ചു.
വിഎസ് മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചിട്ടുണ്ട്. ഐബിഎസിന്റെ പ്രവർത്തനത്തിന് എല്ലാക്കാലത്തും അദ്ദേഹത്തിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്.
2006-ൽ അദ്ദേഹം ഐബിഎസിൻറെ തിരുവനന്തപുരം ക്യാംപസിന്റെ ശിലാസ്ഥാപനം നടത്തി. പിന്നീട് നിർമാണം പൂർത്തിയാക്കിയ ഓഫിസിൻറെ ഉദ്ഘാടനം നിർവഹിച്ചതും അദ്ദേഹം തന്നെ.
ആ കാലയളവിൽ ഞാൻ അദ്ദേഹത്തിൻറെ ഐടി ഉപദേശക സമിതിയിലും സേവനമനുഷ്ഠിച്ചു. ഐബിഎസിന്റെ ചാരിറ്റി ഫൗണ്ടേഷന്റെ സംരംഭങ്ങളിലും വിഎസ് തൽപരനായിരുന്നുവെന്നും വി.കെ.മാത്യൂസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]