വിതുരയിലെ പൊന്മുടി മേഖലയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിനു സമീപം 30 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ ദുരന്തം നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ ഏഴ് വയസ്സുകാരിക്ക് ജീവൻ നഷ്ടപ്പെട്ട
സംഭവം മേഖലയിലെ സുരക്ഷാ വീഴ്ചകളിലേക്ക് വിരൽചൂണ്ടുന്നു. ഗോൾഡൻ വാലി ചെക്പോസ്റ്റ് പിന്നിട്ട
ശേഷമുള്ള ആദ്യ വളവിൽ വെച്ചാണ് നിയന്ത്രണംവിട്ട വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് പതിച്ചത്.
റോഡിന്റെ വീതിക്കുറവും വളവിലെ സുരക്ഷാ വേലികളുടെ അഭാവവും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. സുരക്ഷാ വേലികൾ ഉണ്ടായിരുന്നെങ്കിൽ വാഹനം താഴേക്ക് പതിക്കുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കുമായിരുന്നു.
പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ഈ സംസ്ഥാന പാതയിൽ ആവശ്യമായ റിഫ്ലക്ടറുകളും സൂചനാ ബോർഡുകളും ഇല്ലാത്തത് വലിയ പോരായ്മയാണ്. മൂന്ന് വർഷത്തിനിടെ ആറ് അപകടങ്ങൾ
പൊന്മുടി റൂട്ടിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആറ് തവണയാണ് വാഹനങ്ങൾ ഇവിടെ മറിഞ്ഞത്. 2023 ഫെബ്രുവരിയിൽ പന്ത്രണ്ടാം ഹെയർപിൻ വളവിൽ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ബ്രേക്ക് തകരാർ മൂലം മറിഞ്ഞിരുന്നു.
തുടർന്ന് 2023 ജൂൺ മാസത്തിൽ ഇരുപത്തിരണ്ടാം ഹെയർപിൻ വളവിൽ കോടമഞ്ഞ് കാരണം കാഴ്ച മങ്ങി നിയന്ത്രണംവിട്ട വാഹനം 400 അടി താഴ്ചയിലേക്ക് പതിച്ചു.
ഭാഗ്യവശാലാണ് അന്ന് നാല് വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടത്. 2024 മാർച്ച് മാസത്തിൽ കുളച്ചിക്കരയിൽ വെച്ച് കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു.
2025 ജനുവരിയിൽ പത്താം വളവിൽ വിശാഖപട്ടണം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഡ്രൈവറും അപകടത്തിൽപെട്ടു. 2025 മാർച്ച് മാസത്തിൽ കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിന് സമീപം ടയർ പൊട്ടി നിയന്ത്രണംവിട്ട
വാഹനത്തിൽ ഉണ്ടായിരുന്ന കന്യാകുമാരി തുത്തൂർ സ്വദേശികളായ നാല് പേർക്ക് പരുക്കേറ്റു. 22 ഹെയർപിൻ വളവുകൾ
കല്ലാർ മുതൽ പൊന്മുടി വരെ 22 ഹെയർപിൻ വളവുകളാണ് സഞ്ചാരികൾക്ക് താണ്ടാനുള്ളത്.
കുന്നിൻപ്രദേശങ്ങളിൽ വാഹനം ഓടിച്ചു പരിചയമില്ലാത്തവർ ഈ റൂട്ടിൽ ഡ്രൈവിങ് ഒഴിവാക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. അമിതവേഗം നിയന്ത്രിക്കുന്നതിനൊപ്പം, വാഹനങ്ങളുടെ ക്ഷമത ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.
വനമേഖലയായതിനാൽ വന്യമൃഗങ്ങൾ റോഡിലേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

