
മഴയിലും ചോരാതെ ആവേശം പ്രവർത്തനം തുടങ്ങാതെ ആർആർഎഫ് കേന്ദ്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാറശാല∙ കേന്ദ്രീകൃത പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനു ബ്ലോക്ക് പഞ്ചായത്ത് 71 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ആർആർഎഫ് കേന്ദ്രത്തിന്റെ പ്രവർത്തനം വൈകുന്നു. 2022–23 വാർഷിക പദ്ധതിയിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് കാരോട് പഴയഉച്ചക്കട വാർഡിൽ 42 ലക്ഷം രൂപയ്ക്കു ഭൂമി വിലയ്ക്കു വാങ്ങിയാണ് കേന്ദ്രം നിർമിച്ചത്. കെട്ടിടം പണിയും യന്ത്രം സ്ഥാപിക്കലും പൂർത്തിയായി രണ്ടു വർഷം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാൻ കഴിയാത്തത് ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം എന്നാണ് ആരോപണം. ബ്ലോക്ക് പരിധിയിലെ ആറു പഞ്ചായത്തുകളിൽ പെടുന്ന ഹരിത കർമ സേന സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇവിടെ എത്തിച്ച് യന്ത്രത്തിൽ പൊടിച്ച് ക്ലീൻ കേരള തുടങ്ങിയ കമ്പനികൾക്ക് നൽകാനായിരുന്നു പദ്ധതി.
കെട്ടിട നിർമാണത്തിനു 16.5 ലക്ഷവും യന്ത്രങ്ങൾ സ്ഥാപിക്കാൻ ശുചിത്വ മിഷൻ വിഹിതം ആയ 12 ലക്ഷവും അടക്കം 71 ലക്ഷം രൂപ ചെലവിട്ട് ആയിരുന്നു നിർമാണം. കെട്ടിടം പണി പൂർത്തിയാക്കി പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രം സ്ഥാപിച്ചെങ്കിലും റോഡ് അടക്കം മരാമത്ത് ജോലികൾ ഇനിയും ശേഷിക്കുന്നുണ്ട്. ഭൂരിഭാഗം പഞ്ചായത്തുകളിലും മാലിന്യം സംഭരിക്കാൻ വേണ്ടത്ര സംവിധാനം ഇല്ലാത്തതിനാൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് എംസിഎഫുകളിൽ മാസങ്ങളോളം കൂട്ടി ഇടേണ്ട സ്ഥിതിയാണ്.
സ്ഥല പരിമിതി മൂലം എംസിഎഫുകളുടെ പരിസരങ്ങളിൽ വരെ പ്ലാസ്റ്റിക് നിറഞ്ഞിട്ടുണ്ട്. പദ്ധതി ആരംഭിച്ചാൽ ഏതാനും പേർക്ക് തൊഴിൽ ലഭിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് മാലിന്യ സംസ്കരണം വേഗത്തിലാക്കാനും കഴിയും. നിലവിൽ പ്ലാസ്റ്റിക് ഏറ്റെടുക്കുന്ന ഏജൻസികൾ മാസങ്ങളുടെ ഇടവേളകളിലാണ് സംഭരണത്തിനു പഞ്ചായത്തുകളിൽ എത്തുന്നത്.
ആർആർഎഫ് നിർമിച്ചിരിക്കുന്ന സ്ഥലത്ത് മഴക്കാലത്ത് വെള്ളം കെട്ടുന്നത് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും. തദ്ദേശ സ്ഥാപനങ്ങൾ വേണ്ടത്ര പഠനങ്ങൾ ഇല്ലാതെ പദ്ധതി തയാറാക്കുന്നതാണ് ലക്ഷക്കണക്കിനു രൂപ ചെലവിട്ട പദ്ധതികൾ പ്രയോജനം കിട്ടാതെ പോകുന്നതിനു ഇടയാക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്.